പനി: ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 65

പനി: ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ – അധ്യായം 65
May 02 01:50 2021 Print This Article

ഡോ. ഐഷ വി

ഒരു പത്ത് പതിനേഴ് വർഷം കഴിഞ്ഞു കാണും കേരളത്തിൽ വിവിധയിനം പനികൾ വാർത്തയായിട്ട്. ചിക്കുൻ ഗുനിയ, ഡെംഗി പനി, തക്കാളിപ്പനി, പക്ഷിപ്പനി, പന്നിപനി, എലിപ്പനി എന്നിങ്ങനെ വൈവിധ്യമാർന്ന പനികൾ. ഞങ്ങളുടെ കുട്ടിക്കാലത്ത് ജൂൺ മാസം സ്കൂളു തുറക്കുമ്പോൾ ഒരു പനി സാധാരണ സ്കൂൾ കുട്ടികൾക്ക് വരാറുണ്ടായിരുന്നു. രണ്ടാഴ്ചയോളം പനിച്ച് വിറച്ച് കിടക്കുന്ന “ഫ്ലു” എന്ന പനി. ഇൻഫ്ലുവൻസ വൈറസ് മൂലം വരുന്ന പനി. പലപ്പോഴും സ്കൂൾ കുട്ടികൾ കടുത്ത പനി മൂലം പിച്ചും പേയും പറയുന്ന അവസ്ഥയിലും അസ്ഥി വരെ കഴയ്ക്കുന്ന ക്ഷീണത്തിലും ആകാറുണ്ടായിരുന്നു ആ പനിക്കാലത്ത്. ചിലപ്പോൾ കുട്ടികളിൽ നിന്ന് മുതിർന്നവർക്കും പനി പകർന്നു കിട്ടും. മിക്ക വീടുകളിലും ചുക്ക് , കുരുമുളക്, കരുപ്പട്ടി, തുളസിയില തുടങ്ങിയവ ഇട്ടുണ്ടാക്കുന്ന കാപ്പി കുടിയ്ക്കുന്നതു കൊണ്ട് തന്നെ മുതിർന്നവരുടെ പനി മാറി കിട്ടും. പുട്ടു കുടത്തിൽ കുരുമുളകിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിന്റെ ആവി ഒരു പുതപ്പിട്ട് മൂടി പുതച്ച് പല പ്രാവശ്യം കൊള്ളുന്നതോടെ ആള് ഉഷാറാകും. കുട്ടികൾ ശരിയായി ഭക്ഷണം കഴിയ്ക്കാത്തതു കൊണ്ടും ആവി കൊള്ളാത്തതു കൊണ്ടും പലപ്പോഴും ഡോക്ടറുടെ അടുത്തു കൊണ്ടുപോകേണ്ടിവരും. കുട്ടികളാവുമ്പോൾ ബാലാരിഷ്ടതകൾ കൂടും.

കാസർഗോഡായിരുന്നപ്പോൾ ഡോക്ടർ റേ ആയിരുന്നു ഞങ്ങളെ ചികിത്സിച്ചിരുന്നത്. ഡോക്ടർ റേ ഞങ്ങൾക്ക് പല നിറത്തിലുള്ള മധുരമുള്ള സിറപ്പുകളും ഇളം മഞ്ഞ കലർന്ന അല്പം കയ്പ്പുള്ള മരുന്നും തന്നിരുന്നു. നാട്ടിലെത്തിയപ്പോൾ മുതൽ വല്യമാമൻ തന്നെയായിരുന്നു ഞങ്ങളെ ചികിത്സിച്ചിരുന്നത്. പനിയുള്ളപ്പോൾ ലഘു ഭക്ഷണം കഴിയ്ക്കുന്നതാണ് നല്ലത്. എങ്കിലും പനിച്ച് ഒരാഴ്ച കഴിയുമ്പോൾ ആക്രാന്തം മൂത്ത് അമ്മ കാണാതെ കപ്പലണ്ടി വാരിത്തിന്ന് വൈകുന്നേരമായപ്പോൾ പനി കൂടി വല്യമാമന്റെ അടുത്തേയ്ക്ക് പോകേണ്ട അനുഭവവും എനിയ്ക്കുണ്ടായിട്ടുണ്ട്. വല്യമാമൻ ആന്റിബയോട്ടിയ്ക്കുകൾക്കൊപ്പം വൈറ്റമിൻ ഗുളിക കൂടി ഞങ്ങൾക്ക് തന്നിരുന്നു.

നന്നായി പനിച്ച് ശരീരോഷ്മാവ് കൂടുന്ന സന്ദർഭങ്ങളിൽ അച്ഛൻ ഉറക്കമൊഴിഞ്ഞിരുന്ന് ഞങ്ങളുടെ നെറ്റിയിൽ കോട്ടൻതുണിക്കഷണം നനച്ച് ഇട്ട് തന്നിട്ടുണ്ട്. പനിച്ച് വായ കയ്ക്കുന്ന സന്ദർഭങ്ങളിൽ ചിലപ്പോൾ ഞങ്ങൾ ആഹാരം കഴിയ്ക്കാതെ കിടക്കും. അപ്പോൾ അമ്മ ചായ ഇട്ടു കൊണ്ടു വരട്ടേയെന്ന് ചോദിക്കും. വേണ്ടെന്ന് പറയുമെങ്കിലും അമ്മ ചായ ഇട്ടുകൊണ്ടുവരുമ്പോൾ ഞങ്ങളത് കുടിക്കും. തീരെ പനിച്ച് കിടക്കുമ്പോൾ ഊർജ്വസ്വലരാകാൻ നല്ല ചൂടു ചായ കുടിക്കുന്നത് നല്ലതായി എനിക്ക് തോന്നിയിട്ടുണ്ട്. പിൽക്കാലത്ത് ഡിഗ്രിയ്ക്ക് ഇംഗ്ലീഷ് ക്ലാസ്സിൽ “Admirable Chriton” എന്ന പാഠത്തിൽ “Nothing like a cup of tea to settle the nerves” എന്ന വരി പഠിക്കുമ്പോൾ ഈ പനിക്കാലത്ത് ചായ കുടിച്ച ഓർമ്മയായിരുന്നു എന്റെ മനസ്സിൽ. പനിക്കാലത്ത് ഉറക്കമിളച്ചിരുന്ന് മക്കളെ നോക്കുന്ന മാതാപിതാക്കളുടെ വാത്സല്യം നമ്മൾ പ്രത്യേകം സ്മരിക്കേണ്ടതു തന്നെ.

വൈറസ് ബാധിച്ച ശരീരം അതിന്റെ പ്രതിരോധ ശേഷി ഊഷ്മാവ് കൂട്ടിയാണ് കാണിക്കുന്നത്. നന്നായി പ്രതികരിക്കുന്ന പ്രതിരോധിയ്ക്കുന്ന ശരീരം ഊഷ്മാവ് കൂട്ടുകയും ജലദോഷം ചുമ മുതലായവയിലൂടെ കഫം പുറന്തള്ളി രോഗാവസ്ഥയ്ക്ക് ശമനമുണ്ടാക്കുകയും ചെയ്യുന്നു. അതിന് കഴിയാതെ വരുന്ന സന്ദർഭങ്ങളിൽ ശരീരത്തിന് കീഴടങ്ങേണ്ടിവരുന്നു.

അന്നത്തെ ” ഫ്ലു” , ഈ കഴിഞ്ഞ 20 വർഷത്തിനകം ഞാൻ കണ്ടിട്ടും അനുഭവിച്ചിട്ടും ഇല്ല. ആ വൈറസ് എങ്ങു പോയി മറഞ്ഞെന്നാണ് എന്റെ സംശയം. പകരം ഓരോ വർഷവും പുതിയ പേരിലുള്ള പനികളാണ്.

രോഗം വരാതെ നോക്കുന്നതാണ് വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്. അതിനായി വല്യമാമൻ എല്ലാ വർഷവും ഞങ്ങൾക്ക് വയറിളക്കാനുള്ള മരുന്ന് ( മിക്കവാറും ആവണക്കെണ്ണ) തന്നിരുന്നു. പിന്നെ ദശമൂലാരിഷ്ടം കഴിയ്ക്കുന്നതും ഇന്ദുകാന്തം നെയ്യ് സേവിക്കുന്നതും പ്രതിരോധശേഷി കൂട്ടിയിരുന്നു. ചിലപ്പോൾ ദശമൂല കടുത്രയം കഷായവും കഴിച്ചിട്ടുണ്ട്. ഈ മരുന്നുകൾ അക്കാലത്ത് അമ്മയുടെ വീട്ടിൽത്തന്നെ ഉണ്ടാക്കിയിരുന്നതിനാൽ ദശമൂലങ്ങളും ചേരുമെന്ന് ഉറപ്പായിരുന്നു.

പനി വന്ന് പോകാറാവുമ്പോൾ ശരീരം നന്നായി വിയർക്കും. തല കൂടി വിയർക്കുന്നതോടെ തലയിൽ പേനുണ്ടെങ്കിൽ അവ കൂടി മുടിയുടെ ഇടയിൽ നിന്നും പുറത്തേയ്ക്ക് വരും. അതിനെ കൂടി കൊല്ലുന്നതോടെ നമ്മുടെ തലയും ക്ലീൻ. അത് പനിയുടെ ധനാത്മക വശമായി എനിക്ക് തോന്നിയിട്ടുണ്ട്. കൃത്യമായി എല്ലാ വർഷവും കർക്കിടക ചികത്സ ചെയ്യുന്ന ചിലരേയും ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെ കർക്കിടക ചികിത്സ ചെയ്യുന്നവർക്ക് മറ്റസുഖങ്ങളൊന്നും വന്ന് കണ്ടിട്ടില്ല. കാരണം അവരുടെ ശരീരത്തിലെ മാലിന്യങ്ങൾ മുഴുവൻ ഈ കർക്കിടക ചികിത്സ കൊണ്ട് പുറന്തള്ളിയിരിയ്ക്കും.

ഈ കൊറോണക്കാലത്തും രോഗ പ്രതിരോധ ശേഷി കൂട്ടത്തക്ക തരത്തിലുള്ള ഭക്ഷണങ്ങളും പ്രതിരോധത്തിന് സ്വീകരിക്കേണ്ട മാർഗ്ഗങ്ങളായ സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ, മാസ്ക് എന്നിവ ഉപയോഗിയ്ക്കുക, യാത്ര കുറയ്ക്കുക, ആഘോഷങ്ങളും ചടങ്ങുകളും കുറയ്ക്കുക, വാക്സിൻ എടുക്കുക. ഈ കൊറോണാക്കാലത്തെ ലളിത ജീവിതം തുടർന്നും കൊണ്ടുപോവുക എന്നിവ ഉത്തമമായിരിയ്ക്കും. രോഗം വരാതെ നോക്കുന്നതായിരിക്കും വന്നിട്ട് ഓക്സിജൻ കിട്ടാതെ മരിക്കുന്നതിനേക്കാൾ നല്ലത്. അതിനാൽ ജാഗ്രതൈ.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles