ദുബായിലെ ഷോപ്പിങ് മാളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അഞ്ചു വയസ്സുകാരനെ പൊലീസ് കണ്ടെത്തി സംരക്ഷിക്കുന്നതിന്റ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. 10 ദിവസമായിട്ടും കുട്ടിയെ തേടി ആരുമെത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കളെ കണ്ടെത്താൻ പൊതുസമൂഹത്തിന്റെ സഹായം ദുബായ് പൊലീസ് തേടിയിരുന്നു. ഇപ്പോഴിതാ കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് ദുബായി പൊലീസ്.
കുട്ടിയെ പ്രസവിച്ച വിദേശ യുവതി അഞ്ച് വര്‍ഷം മുന്‍പ് രാജ്യം വിട്ടുപോയെന്നും പിന്നീട് തിരികെ വന്നിട്ടില്ലെന്നും ദുബായ് പൊലീസ് കണ്ടെത്തി. പ്രവാസിയായിരുന്ന ഇവര്‍ കുഞ്ഞിനെ സ്വന്തം രാജ്യക്കാരിയായ മറ്റൊരു സ്ത്രീയെ നോക്കാന്‍ ഏല്‍പ്പിച്ച ശേഷമായിരുന്നു രാജ്യം വിട്ടത്. പിന്നീട് തിരികെ വന്നിട്ടില്ല.
കുട്ടിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ദുബായ് പൊലീസ്, എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്ത് ആദ്യ 90 മിനിറ്റിനുള്ളില്‍ തന്നെ തങ്ങള്‍ക്ക് ആദ്യ ഫോണ്‍ കോള്‍ ലഭിച്ചുവെന്ന് അല്‍ മുറഖബ പൊലീസ് സ്റ്റേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഗനം അറിയിച്ചു. കുട്ടിയെ തനിക്ക് അറിയാമെന്നും ഷാര്‍ജയിലുള്ള ഒരു സ്ത്രീയ്ക്കൊപ്പമാണ് അവന് താമസിച്ചിരുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ദുബായ് പൊലീസും ഷാർജ പൊലീസും ചേർന്ന് ഈ സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇവർ പറഞ്ഞത് അത് തന്റെ മകനല്ലെന്നും അവന്റെ അമ്മ തന്നെ ഏൽപ്പിച്ചിട്ട് അഞ്ച് വർഷം മുമ്പ് നാടു വിട്ടു എന്നുമാണ് രാജ്യം വിട്ട അമ്മ പിന്നീടൊരിക്കലും തിരികെ എത്തിയില്ല. ഇവരുടെ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ യാതൊരു വിവരവും തനിക്ക് അറിയില്ലെന്നും സ്ത്രീ പറയുന്നു. അമ്മ തിരിച്ചു വരുമെന്ന് കരുതി അധികാരികളെ അറിയിക്കാതെ 5 വർഷമായി കുട്ടിയെ പരിപാലിക്കുക ആയിരുന്നു. പക്ഷേ കുട്ടിയെ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസത്തിനും നല്ല ചിലവ് ഉണ്ടാകുന്നുവെന്നും താങ്ങാവുന്നതിനുമപ്പുറം ആയപ്പോൾ സുഹൃത്തിനോട് സഹായം ആവശ്യപ്പെട്ടു.
സുഹൃത്ത് കുട്ടിയെ മറ്റൊരു സ്ത്രീക്ക് നൽകണമെന്ന് ഉപദേശിച്ചു. അൽ മുത്തീന പ്രദേശത്ത് താമസിച്ചിരുന്ന മറ്റൊരു സ്ത്രീ കുറച്ചുകാലം കുട്ടിയെ പരിപാലിച്ചുവെങ്കിലും പിന്നീട് അവനെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവരും അവരുടെ ഒരു സുഹൃത്തിനോട് ചോദിച്ചു. അങ്ങനെയാണ് കുട്ടിയെ മാളിൽ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നതെന്ന് സ്ത്രീ പൊലീസിനോട് വ്യക്തമാക്കുന്നു.
നാല് സ്ത്രീകളുടെയും രക്ത സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഇവരാരും കുഞ്ഞിന്റെ അമ്മയല്ലെന്ന് തെളിഞ്ഞതായി ദുബായ് പൊലീസ് അറിയിച്ചു. സെപ്റ്റംബർ ഏഴിനാണ് ദേരയിലെ അൽ റീഫ് ഷോപ്പിങ് മാളിന് സമീപം അലഞ്ഞുതിരിഞ്ഞിരുന്ന കുട്ടിയെ ഒരു ഫിലിപ്പീൻ സ്വദേശി കണ്ടെത്തി അൽ മുറഖബ പോലീസിൽ ഏൽപ്പിക്കുന്നത്.മാതാപിതാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻ സൂപ്പർമാൻ ആണെന്നായിരുന്നു കുഞ്ഞിന്റെ മറുപടി
Leave a Reply