ഇന്ത്യൻ പര്യടനത്തിലെ നിർണായക ടി20 മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. നായകൻ ക്വിന്റൺ ഡി കോക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. മൂന്ന് ഓവറും ഒമ്പത് വിക്കറ്റും ബാക്കി വച്ചാണ് ദക്ഷിണാഫ്രിക്ക മത്സരം കൈപ്പിടിയിലൊതുക്കിയത്.

തേൽവിക്ക് പിന്നാലെ ഇന്ത്യൻ നായകനെതിരെ തിരിഞ്ഞിരിക്കുകയാണ് ഇന്ത്യൻ ആരാധകർ. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മൂന്നാം ടി20യില്‍ ടോസ് കിട്ടിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെടുത്ത തീരുമാനമാണ് ടീമിനെ പരാജയത്തിലേക്ക് നയിച്ചതെന്നാണ് ആരാധകർ പറയുന്നത്. ചെയ്‌സിങ്ങിന് പേരുകേട്ട പിച്ചില്‍ വിരാട് തീരുമാനിച്ചത് ആദ്യം ബാറ്റ് ചെയ്യാനായിരുന്നു.

എന്നാൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലെ തന്നെ രോഹിത് ശർമ്മയെ നഷ്ടമായി. ഒമ്പത് റൺസുമായി രോഹിത് ക്രീസ് വിടുമ്പോൾ ഇന്ത്യൻ സ്കോർ 22. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത നായകൻ കോഹ്‌ലിയും ഒമ്പത് റൺസിൽ പുറത്തായി. ഋഷഭ് പന്തിന് ഇന്നത്തെ മത്സരത്തിലും തിളങ്ങാനായില്ല. 19 റൺസുമായാണ് താരം കളം വിട്ടത്. ശ്രേയസ് അയ്യർ അഞ്ച് റൺസിനും ക്രുണാൽ പാണ്ഡ്യ നാല് റൺസിനും പുറത്തായി.

ബൗണ്ടറികളുമായി ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ രവീന്ദ്ര ജഡേജയും പുറത്തായി. കഗിസോ റബാഡ എറിഞ്ഞ അവസാന ഓവറിന്റെ നാലാം പന്തിൽ വാഷിങ്ടൺ സുന്ദറും അഞ്ചാം പന്തിൽ ഹാർദിക് പാണ്ഡ്യയും പുറത്തായതോടെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 134 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു.

ബെംഗളൂരുവിന്റെ ചരിത്രം നോക്കിയാല്‍ കാണുന്നത് രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ്. എന്നിട്ടും എന്തുകൊണ്ട് വിരാട് ഇങ്ങനെ ഒരു തീരുമാനത്തിലെത്തി? അതും ഐപിഎല്ലില്‍ ബെംഗളൂരുവിന്റെ നായകനായ കോഹ്‌ലി. അതാണ് ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ചത്.

എന്നാൽ ലോകകപ്പ് മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് കോഹ്‌ലിയുടെ വാദം. ”എനിക്കറിയാം ഇത് ചെയ്‌സിങ് ഗ്രൗണ്ടാണെന്ന്. ഐപിഎല്ലില്‍ അതാണ് എല്ലാ ടീമുകളും ഇവിടെ ചെയ്യാറുള്ളതും. പക്ഷെ ലോകകപ്പ് മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. സമ്മര്‍ദ്ദത്തില്‍ കളിച്ച് കരുത്തു നേടണം” എന്നായിരുന്നു വിരാടിന്റെ മറുപടി. ”മത്സരഫലം തന്നെയാണ് പ്രധാനപ്പെട്ടത്. പക്ഷെ കംഫര്‍ട്ട് സോണിന് പുറത്ത് വരണം, പ്രത്യേകിച്ച് ലോകകപ്പ് മുന്നിലുള്ളപ്പോള്‍” വിരാട് വ്യക്തമാക്കി.