ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് പേസ് ബോളർ ജസ്പ്രീത് ബുമ്ര പുറത്ത്. പരുക്കുമൂലം ബുമ്ര ടെസ്റ്റ് പരമ്പരയ്ക്ക‌ില്ലെന്ന വിവരം ബിസിസിഐയാണ് പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടത്. ഉമേഷ് യാദവിനെ പകരം ടീമിൽ ഉൾപ്പെടുത്തിയതായും ബിസിസിഐ അറിയിച്ചു. പുറംവേദനയെ തുടർന്നാണ് ബുമ്ര ടീമിനു പുറത്തായതെന്നാണ് വിവരം. ഇതോടെ, ഇന്ത്യൻ മണ്ണിൽ ബുമ്രയുടെ ടെസ്റ്റ് അരങ്ങേറ്റം ഇനിയും നീളുമെന്ന് ഉറപ്പായി. പതിവുള്ള മെഡിക്കൽ പരിശോധനയ്ക്കിടെയാണ് ബുമ്രയുടെ പരുക്ക് കണ്ടെത്തിയതെന്നാണ് അറിയിപ്പ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽനിന്ന് ബുമ്രയ്ക്ക് സിലക്ടർമാർ വിശ്രമം അനുവദിച്ചിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ ഉജ്വല ഫോമിലുള്ള ബുമ്രയുടെ പുറത്താകൽ ഇന്ത്യയ്ക്ക് കനത്ത നഷ്ടമാണ്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ ഫോമിലായിരുന്ന ബുമ്ര, ഹാട്രിക് സഹിതം രണ്ടു ടെസ്റ്റുകളിൽനിന്ന് 13 വിക്കറ്റ് വീഴ്ത്തിയിരുന്നു. വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഏഴു റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഇതോടെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവിടങ്ങളിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ താരമായും ബുമ്ര മാറി.

കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബുമ്ര, ഇതുവരെ 12 ടെസ്റ്റുകൾ കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ മണ്ണിൽ ഇനിയും അരങ്ങേറിയിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യൻ മണ്ണിൽ അരങ്ങേറാനിരിക്കെയാണ് പരുക്ക് വില്ലനായത്. ഇതുവരെ ആകെ കളിച്ച 12 ടെസ്റ്റുകളിൽനിന്ന് 19.24 റൺസ് ശരാശരിയിൽ 62 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളിൽ ടെസ്റ്റിൽ ബോളർമാരുടെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്താനും ബുമ്രയ്ക്ക് സാധിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഒക്ടോബർ രണ്ടിന് വിശാഖപട്ടണത്താണ് ആദ്യ ആദ്യ മൽസരം നടക്കുന്നത്. രണ്ടും മൂന്നും ടെസ്റ്റുകൾ യഥാക്രമം പുണെ, റാഞ്ചി എന്നിവിടങ്ങളിലായി നടക്കും.

ബുമ്ര പുറത്തായതോടെ ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം ഉമേഷ് യാദവ് ഇന്ത്യയുടെ പേസ് ആക്രമണം നയിക്കും. 2018ലെ ഓസ്ട്രേലിയൻ പര്യടനത്തിലാണ് ഉമേഷ് യാദവ് ഏറ്റവും ഒടുവിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞത്. ഇന്ത്യയ്ക്കായി ഇതുവരെ 41 ടെസ്റ്റുകൾ കളിച്ചിട്ടുള്ള യാദവ്, 33.47 റൺസ് ശരാശരിയിൽ 119 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. രണ്ടു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുള്ള യാദവിന്, ടെസ്റ്റിൽ 3.58 എന്ന ഭേദപ്പെട്ട ഇക്കോണമി നിരക്കുമുണ്ട്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ശുഭ്മാൻ ഗിൽ.