സ്വന്തം ലേഖകൻ

ഗ്ലോസ്റ്റർ : പുതുമകൾ തേടിയുള്ള പ്രയാണത്തിൽ ഗ്ലോസ്റ്റർ ഷെയർ മലയാളി അസ്സോസ്സിയേഷൻ എന്നും എത്താറുള്ളത് വേറിട്ട കലാവിരുന്നുകളിലാണ് . പതിവ് തെറ്റിക്കാതെ ഇപ്രാവശ്യത്തെ ജി എം എ യുടെ ഓണാഘോഷത്തിലും പുതുമകൾ ഏറെയായിരുന്നു . മികച്ച കലാവിരുന്നുകൾ കൊണ്ട് ജനപ്രീതി നേടിയ ഇപ്രാവശ്യത്തെ ഓണാഘോഷത്തിൽ കൈയ്യടി നേടിയ ഒരു കലാപരിപാടിയായിരുന്നു ജി എം എ യിലെ വനിതകൾ അവതരിപ്പിച്ച ചെണ്ടമേളം . ഒരു പക്ഷെ പ്രവാസലോകത്ത് ആദ്യമായിട്ടായിരിക്കും വനിതകളുടെ ഇത്രയും നല്ല ഒരു  ചെണ്ടമേളം  അരങ്ങേറുന്നത് .

ജി എം എ യുടെ ചെൽറ്റൻഹാം യൂണിറ്റിലെ ഗ്ലിന്റി ജെയ്‌സന്റെ നേതൃത്വത്തിലായിരുന്നു ജി എം എ യുടെ ആദ്യ വനിത ചെണ്ടമേളം അരങ്ങേറിയത് . ഓണാഘോഷങ്ങൾക്ക് മനോഹാരിത നൽകണമെന്ന ജി എം എ കമ്മിറ്റിയുടെ അഭ്യർത്ഥനയെ മാനിച്ച് കലാ സ്നേഹികളായ ഒരുപറ്റം കുട്ടുകാരികളെയാണ് ചെണ്ടമേളത്തിനായി ഗ്ലിന്റി ജെയ്‌സൻ   കണ്ടെത്തിയത് .  റെൻസി സിബി , റിജു സന്തോഷ് , സിജി ബിസ് , സ്മിത റോബി , സ്മിത വിനോദ് , നീനു ജെഡ്സൻ , നീന ജോയ് , ജോസി അരുൺ , ഷൈനി ബാബു , ഷിജി മാത്യു , ഫ്ലോറൻസ് ഫെലിക്സ് , ജിബി സുനിൽ തുടങ്ങിയവർ ഗ്ലിന്റിക്കൊപ്പം അതിമനോഹരമായി കൃത്യമായ താളബോധത്തോടു കൂടി ചെണ്ട കൊട്ടിയപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് തോമസ് റിച്ച് സ്‌കൂളിലെ സദസ്സ് ആ ചെണ്ടമേളം ആസ്വദിച്ചത് . ഗ്ലിന്റി ജെയ്സന്റെ സഹോദരൻ ഗ്ലിസ്റ്റനാണ് കഴിഞ്ഞ ആറ് മാസമായി ഈ വനിതകളെ ചെണ്ടമേളം പരിശീലിപ്പിച്ചത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്ലിന്റിയുടെ സഹോദരൻ ഗ്ലിസ്റ്റൻ ചെണ്ട വിദ്വാനായ ശ്രീമൂലനഗരം സോമൻ മാസ്റ്ററുടെ കീഴിൽ ചെണ്ട അഭ്യസിച്ചു വരികയായിരുന്നു. നാട്ടിൽ അവധിക്ക് എത്തിയപ്പോൾ കുഞ്ഞു മകൻ ആൽഡ്രിക്കിന് അമ്മാവന്റെ ചെണ്ടയിലുള്ള താല്പര്യം തിരിച്ചറിഞ്ഞ് സോമൻ മാസ്റ്ററുടെ കീഴിൽ ദക്ഷിണ വെച്ച് ചെണ്ടമേളം അഭ്യസിച്ചു തുടങ്ങിയിരുന്നു . മകന് കൂട്ടായി പിതാവ് ജെയ്സനും , അമ്മ  ഗ്ലിന്റിയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഗുരുമുഖത്തുനിന്ന് ബാലപാഠങ്ങൾ വശത്താക്കിയിരുന്നു . 2017 ലെ  ജി എം എ യുടെ ചെൽറ്റൻഹാം യൂണിറ്റിന്റെ ഓണാഘോഷത്തിലും ഈ കുടുംബം ചെണ്ടമേളം അവതരിപ്പിച്ചിരുന്നു.

കേരളത്തിലെ കലാ – സാംസ്കാരിക മേഖലകളിൽ തല്പരരായ കുടുംബാംഗങ്ങളിൽ നിന്ന് പകർന്ന് കിട്ടിയ കലാവാസന യുകെയിലെ ജീവിതത്തിനിടയിലും വളർത്തി കൊണ്ടുവരുവാനും , അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുവാനും കഴിഞ്ഞു എന്നുള്ളതാണ്  ഇവരുടെ വിജയം . യുകെ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സമയപരിമിതിയിലും നിന്നുകൊണ്ട് കേരളത്തിന്റെ തനതായ ഈ കലാരൂപം പഠിച്ചെടുത്ത് വേദിയിൽ എത്തിച്ച ഈ സ്ത്രീരത്നങ്ങൾ അഭിനന്ദനാർഹരാണ്.

ചെണ്ടമേളം കാണുവാൻ താഴെയുള്ള വീഡിയോ ക്ലിക്ക് ചെയ്യുക

[ot-video][/ot-video]