ഹൈദരാബാദ് നൈസാമിന്റെ നിക്ഷേപമായിരുന്ന 306 കോടി ഇന്ത്യയിലെത്തിയത്കൊണ്ടും കാര്യങ്ങൾ കഴിഞ്ഞില്ല. ഇനി ഈ തുക വീതിക്കലാണ് അടുത്ത കടമ്പ, അതും 120 അനന്തരാവകാശികൾക്കായി! ഇക്കഴിഞ്ഞ ദിവസമാണ് ഇന്ത്യാവിഭജനത്തിനുശേഷം 1948 സെപ്തംബറിൽ നൈസാം മിർ ഉസ്മാൻ അലി ഖാൻ ലണ്ടനിലെ ബാങ്കിൽ നിക്ഷേപിച്ച പത്തുലക്ഷത്തിലധികം പൗണ്ട് തങ്ങളുടേതാണെന്ന പാകിസ്ഥാന്റെ അവകാശവാദം ബ്രിട്ടീഷ് ഹൈക്കോടതി തള്ളിയത്. മാത്രമല്ല, ഇന്ത്യയ്ക്കും നൈസാമിന്റെ പിൻഗാമികൾക്കുമായി തുക നൽകണമെന്ന് അനുകൂല വിധിയും വന്നു.
ഇന്ത്യൻ സർക്കാർ, ‘നിസാം എസ്റ്റേറ്റിന്റെ’ പ്രതിനിധികളായ മുഖരം ഝാ, മുഫാഖം ഝാ, നിസാമിന്റെ കൊച്ചുമക്കൾ, എസ്റ്റേറ്റിന്റെ ഭാഗമായ മറ്റു 120 പേർ എന്നിവർക്കായി സ്വത്ത് വീതിക്കുമെന്നു നിസാമിന്റെ കുടുംബവൃത്തങ്ങൾ അറിയിച്ചു. രാജകുടുംബമായി അടുത്ത ബന്ധമുള്ള കുറച്ചു പേരൊഴികെയുള്ളവർ കഷ്ടതയിലാണു ജീവിക്കുന്നത്. ഇവർക്കും വലിയ അനുഗ്രഹമായി കോടതിവിധി. കേസിൽ കക്ഷി ചേർന്നിട്ടുള്ളവർക്കു മാത്രമാണു സ്വത്തിൽ അർഹതയുണ്ടാവുക. കേന്ദ്ര സർക്കാരുമായി നിസാമിന്റെ കുടുംബ പ്രതിനിധികൾ ചർച്ച നടത്തുകയും എങ്ങനെയാണു തുക വീതിച്ചെടുക്കുക എന്നതു സംബന്ധിച്ചു സമവായത്തിലെത്തി യു.കെ കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്നാണു റിപ്പോർട്ട്.
-‘ഹൈദരാബാദ് ഫണ്ട്’പണത്തിന്റെ മൂല്യത്തേക്കാൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അഭിമാന പ്രശ്നമായാണു ‘ഹൈദരാബാദ് ഫണ്ട്’ എന്ന് അറിയപ്പെടുന്ന നിസാമിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെ ഇരുരാജ്യവും കണ്ടിരുന്നത്. അതേസമയം, കോടതിവിധിക്കെതിരെ പാക്കിസ്ഥാൻ അപ്പീൽ നൽകിയാൽ നിയമയുദ്ധം നീളുകയും പണം ബാങ്കിൽ തുടരുകയും ചെയ്യും.
Leave a Reply