റോയ് തോമസിന്റെ സഹോദരി റെഞ്ചിയെയും ജോളി സയനൈഡ് നൽകി വധിക്കാൻ ശ്രമിച്ചെന്നു പൊലീസിനു വിവരം ലഭിച്ചു. അന്നമ്മയുടെ മരണശേഷമായിരുന്നു സംഭവം. ജോളി നൽകിയ അരിഷ്ടം കുടിച്ച റെഞ്ചി അവശയായി. കണ്ണിൽ ഇരുട്ടു കയറുകയും ഓക്കാനിക്കുകയും ചെയ്തു.

ലീറ്റർ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണനിലയിലായത്. അന്നു സംശയമൊന്നും തോന്നിയില്ലെന്നും ഇപ്പോഴാണു കൊലപാതക ശ്രമമാണെന്നു മനസ്സിലായതെന്നും റെഞ്ചി പൊലീസിനു മൊഴി നൽകി.

കട്ടപ്പന സ്വദേശിനിയായ ജോളി രണ്ടാഴ്ച മുൻപും വീട്ടിൽ എത്തിയിരുന്നു എന്നും മറ്റു വിവരങ്ങളൊന്നും അറിവുണ്ടായിരുന്നില്ലെന്നും പിതാവ് ജോസഫ്. മരണങ്ങൾ സംബന്ധിച്ചോ ജോളിയെക്കുറിച്ചോ വീട്ടുകാർക്ക് സംശയം ഒന്നും ഉണ്ടായിരുന്നില്ല. റോയി മരിച്ചശേഷം സ്വത്ത് ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരൻ റോജോയുമായി തർക്കം ഉണ്ടായിരുന്നതായി അറിയാം. അത് പരിഹരിച്ചിരുന്നില്ലെന്നും ജോളിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായും ജോസഫ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM

റോയിയുടെ മരണശേഷം ഷാജുവുമായുള്ള വിവാഹത്തിന് ജോളിയാണു മുൻകയ്യെടുത്തത്. പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെ – ജോസഫ് പറയുന്നു.

കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യഘട്ടത്തിലെ അന്വേഷണത്തിൽ വീഴ്ച പറ്റിയോ എന്നു പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇപ്പോൾ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ മികച്ച അന്വേഷണമാണു നടക്കുന്നത്. പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക എന്നതാണ് ആദ്യ നടപടി – ഡിജിപി പറഞ്ഞു.