150 സ്വകാര്യ യാത്രാ ട്രെയിനുകള്‍; 22,500 കോടിയുടെ നിക്ഷേപം, താല്‍പര്യമറിയിച്ച് പ്രമുഖ കമ്പനികൾ

150 സ്വകാര്യ യാത്രാ ട്രെയിനുകള്‍; 22,500 കോടിയുടെ നിക്ഷേപം, താല്‍പര്യമറിയിച്ച് പ്രമുഖ കമ്പനികൾ
February 02 12:06 2020 Print This Article

150 സ്വകാര്യ യാത്രാ ട്രെയിനുകള്‍ കൊണ്ടുവരുന്നു. ബജറ്റ് പ്രസംഗത്തിലാണ് ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം പറഞ്ഞത്. ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ആള്‍സ്റ്റം, സിമന്‍സ്, ബംബാര്‍ഡിയര്‍ തുടങ്ങിയ കമ്പനികളെല്ലാം താല്‍പര്യമറിയിച്ച് രംഗത്തെത്തിയതായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് അറിയിച്ചു. 22,500 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. തിരക്കുള് 100 റൂട്ടുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കാനാണ് ആലോചന. പിപിപി (പബ്ലിക്ക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ്) അഥവാ പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ 150 ട്രെയിനുകള്‍ ഓടിക്കുമെന്നാണ് നിര്‍മ്മല സീതാരാമന്‍ അറിയിച്ചത്. നാല് റെയില്‍വെ സ്‌റ്റേഷനുകള്‍ പിപിപി മാതൃകയില്‍ വികസിപ്പിക്കും. റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. 51,000 ഹെക്ടര്‍ സ്ഥലം ഇതിനായി ഉപയോഗിക്കും.

അതേസമയം രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ ട്രെയിന്‍ ഇന്‍ഡോറിനും വരാണസിയ്ക്കുമിടയില്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു. ഹംസഫര്‍ എക്‌സ്പ്രസിന് ഉപയോഗിച്ച റേക്കുകള്‍ തന്നെയായിരിക്കും ഈ ട്രെയിനിനും ഉപയോഗിക്കുക. നിലവില്‍ ഡല്‍ഹി – ലക്‌നൗ, അഹമ്മദാബാദ് – മുംബയ് റൂട്ടുകളിലാണ് ഐര്‍സിടിസിയുടെ സ്വകാര്യ ട്രെയിനുകള്‍ ഓടുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഇന്‍ഡോര്‍-വരാണസി ട്രെയിന്‍ സര്‍വീസ് നടത്തുക. രണ്ട് ദിവസം ലക്‌നൗ വഴിയും ഒരു ദിവസം അലഹബാദ് വഴിയുമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ഫെബ്രുവരി 20ന് ഈ ട്രെയിന്‍ സര്‍വീസ് തുടങ്ങിയേക്കും. ഐആര്‍സിടിസി ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകളുണ്ടാകും. ചെയര്‍ കാര്‍ ഉണ്ടാകില്ല. അടിസ്ഥാനസൗകര്യവികസനം, മെയിന്റനന്‍സ്, ഓപ്പറേഷന്‍സ്, സേഫ്റ്റി തുടങ്ങിയവ റെയില്‍വേയുടെ ചുമതലയായിരിക്കും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles