കൊച്ചി ∙ കൂടത്തായി കൊലപാതക പരമ്പരയിൽ പുതിയ വെളിപ്പെടുത്തലുമായി റോയിയുടെയും ജോളിയുടെയും മകന്‍ റോമോ റോയ്. ജോളിയും റോയ് തോമസും തമ്മില്‍ കലഹമുണ്ടായിരുന്നുവെന്ന ഷാജുവിന്റെ ആരോപണം തെറ്റാണ്. അച്ഛനും അമ്മയും തമ്മില്‍ വഴക്കുണ്ടായിരുന്നില്ല. അച്ഛന്‍ കടുത്ത മദ്യപാനിയാണെന്ന ഷാജുവിന്റെ ആരോപണവും ശരിയല്ല. അച്ഛനൊപ്പം ഒരിക്കല്‍ പോലും സഞ്ചരിക്കാത്ത ഒരാള്‍ക്ക് അദ്ദേഹം മദ്യപാനിയാണെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്നും റോമോ ചോദിച്ചു.

രണ്ടാനച്ഛന്‍ എന്ന നിലയില്‍ ഷാജു ഒരു പരിഗണനയും നല്‍കിയിട്ടില്ല. ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. വീട്ടില്‍ വരും, പോകും. ഷാജുവിനെക്കൊണ്ട് ഒരു ഉപകാരവും ഉണ്ടാകില്ലെന്ന് അറിയാമായിരുന്നു. നിരപരാധിയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണു ഷാജു നടത്തുന്നത്. വീട്ടില്‍ നിന്നും സാധനങ്ങള്‍ മാറ്റിയതില്‍ സംശയമുണ്ട്. ഷാജു തെറ്റിനെ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നു.

സിലിയുടെ മരണം, കൊലപാതകമാണെന്നു ഭര്‍ത്താവ് ഷാജുവിനു നേരത്തേ അറിയാമായിരുന്നു. അമ്മയും രണ്ടാനച്ഛനും ഇക്കാര്യം സംസാരിച്ചിരുന്നു. രണ്ട് വയസുകാരിയായ മകള്‍ മരിച്ച സംഭവത്തിലും അയാള്‍ക്കു ദുഃഖമുണ്ടായിരുന്നില്ല. അച്ഛനുണ്ടായിരുന്നപ്പോള്‍ വീട്ടില്‍ വന്നിട്ടില്ലെന്ന ഷാജുവിന്റെ ആരോപണം തെറ്റാണ്. അമ്മയും മുത്തച്ഛന്‍ ടോം തോമസുമായി നല്ല ബന്ധമായിരുന്നു. ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നതായി തോന്നിയില്ല.

അമ്മയ്ക്ക് ഒറ്റയ്ക്കു കുറ്റകൃത്യം ചെയ്യാന്‍ സാധിക്കുമെന്നു കരുതുന്നില്ല. അമ്മയെ സംശയിക്കേണ്ട സാഹചര്യമില്ലായിരുന്നു. കാര്യങ്ങള്‍ മികച്ച രീതിയില്‍ കൊണ്ടുപോകുന്ന ആളെ എന്തിനു സംശയിക്കണം? എന്തൊക്കെയോ തെളിയാന്‍ ഉണ്ടെന്നാണു കരുതുന്നത്. അച്ഛന്‍ ഞങ്ങളെ പുറത്തേക്കു കൊണ്ടുപോകുമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അമ്മയ്ക്കു സംരക്ഷണമാകട്ടെ എന്നു കരുതിയാണു രണ്ടാനച്ഛനെ കൂട്ടാൻ സമ്മതിച്ചത്.

ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ സിനിമയ്ക്കു പോയ ആളാണു ഷാജു. കൊലപാതകത്തില്‍ രണ്ടാനച്ഛനു പങ്കുണ്ടോ എന്ന കാര്യത്തില്‍ സംശയിക്കുന്നുണ്ട്. മരിക്കുന്നതിനു തലേദിവസം സന്തോഷത്തോടെ അച്ഛന്‍ റോയി വന്ന് സംസാരിച്ചിരുന്നു. പിറ്റേ ദിവസം രാവിലെ ഉണരുമ്പോള്‍ വീട്ടില്‍ പന്തൽ കെട്ടുന്നതാണു കാണുന്നത്. സ്വസ്ഥമായി ജീവിച്ച കുടുംബമായിരുന്നു ഞങ്ങളുടേത്– റോമോ പറഞ്ഞു.