സംസ്ഥാനത്ത് അതിശക്തമായ തുലാമഴ. തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് ആലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസർകോടും ഒഴിച്ചുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. കൊച്ചിയിൽ ഇന്നലെ രാത്രിമുതല്‍ അതിതീവ്ര മഴയാണ്. കൊച്ചിയില്‍ പ്രധാനപാതകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. എംജി റോഡിലും ടിഡി റോഡിലും ദേശീയ പതയിലും പശ്ചിമകൊച്ചിയുടെ വിവിധ ഭാഗങ്ങളിലും വെള്ളംകയറി.

എറണാകുളം ജില്ലയിലെ ഗ്രാമീണ മേഖലകളിലും മഴ ശക്തമാണ്. കോട്ടയത്തിന്റെ മലയോര മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലും ഇടമുറിയാതെ ശക്തമായ മഴ പെയ്യുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും കനത്ത മഴയാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പുണ്ട്. സംഭരണികളിലേക്കുള്ള നീരൊഴുക്കിന്റെ തോത് നിരീക്ഷിച്ച് ആവശ്യമുള്ള നടപടികൾ സ്വീകരിക്കാനും കാലാവസ്ഥാ വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ ജില്ലാ ഭരണകൂടങ്ങളോടും അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. എറണാകുളത്തും ആലപ്പുഴയിലും പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി.

കൊട്ടാരക്കര താലൂക്കില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി. തൃശൂര്‍ ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചമുതല്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ കനത്ത മഴ എറണാകുളത്ത് പോളിങ്ങിനെ ബാധിക്കുന്നു.എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍. ജില്ലാകലക്ടറുമായി സംസാരിച്ചു. വോട്ടെടുപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെവന്നാല്‍ മറ്റൊരു ദിവസേത്തേക്ക് മാറ്റേണ്ടിവരും കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയെന്നും ടിക്കാറാം മീണ പറഞ്ഞു