സിലിയുടെ മരണം സ്ഥിരീകരിച്ച് ‘എവരിതിങ് ക്ലിയർ’ എന്ന ഫോൺ സന്ദേശം ഭർത്താവ് ഷാജുവിന് അയച്ചിരുന്നെന്ന് കൂടത്തായി കൊലക്കേസ് പ്രതി ജോളിയുടെ മൊഴി. ആശുപത്രിയിൽ ഷാജു തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നെങ്കിലും സിലിയോടുള്ള അടങ്ങാത്ത വിരോധം കാരണം പ്രത്യേക മാനസികാവസ്ഥയിൽ ആയിരുന്നതാണ് സന്ദേശമയയ്ക്കാൻ കാരണം.
ഷാജുവിനോട് കൂടുതൽ അടുപ്പം വേണ്ടെന്ന സിലിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് കൊലയ്ക്ക് കാരണമായെന്ന് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചു.സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു. ആൽഫൈനും സിലിയും ജീവിച്ചിരിക്കുമ്പോൾ ഷാജുവിനെ സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

ഭർത്താവ് റോയി മരിച്ച ശേഷം ജോളി ഷാജുവുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലും സിലിക്ക് എതിർപ്പുണ്ടായിരുന്നു. ഇത് സിലി ജോളിയോടുതന്നെ പലതവണ പറഞ്ഞു. ഇതിന്റെ പേരിൽ ഷാജുവിന്റെ മാതാപിതാക്കൾ സിലിയോട് കലഹിച്ചു. സിലിയുടെ മകൾ ആൽഫൈനെ കൊലപ്പെടുത്തി ആദ്യം പകതീർത്തു. ഭാര്യയുടെ കാര്യത്തിലും താൻ തീർപ്പുണ്ടാക്കുമെന്ന് ഷാജുവിനോട് ജോളി പറ‍ഞ്ഞിരുന്നു. മൗനമായിരുന്നു ഷാജുവിന്റെ മറുപടി.

സിലിയുടെ മരണത്തിനു പിന്നാലെ ഷാജുവുമായുള്ള വിവാഹത്തെക്കുറിച്ച് തന്നോട് ആദ്യം സംസാരിച്ചത് അയാളുടെ പിതാവ് സഖറിയാസാണ്. ഷാജുവിനും വിയോജിപ്പുണ്ടായിരുന്നില്ല. സിലിയുടെ മൃതദേഹത്തിൽ ഒരുമിച്ച് അന്ത്യചുംബനം നൽകാനുള്ള തീരുമാനം തന്റേത് മാത്രമായിരുന്നെന്നും ജോളി മൊഴിയിൽ പറയുന്നു.

സിലിയുടെ മരണം ഉറപ്പാക്കാൻ ജോളി പരമാവധി ശ്രമിച്ചു

കോഴിക്കോട്∙ സിലിയുടെ മരണം ഉറപ്പാക്കാൻ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ബന്ധുക്കളുടെ കൺമുന്നിലും പരമാവധി ശ്രമിച്ചെന്ന് മൊഴി. താമരശ്ശേരിയിലെ ദന്താശുപത്രിയിൽ കുഴഞ്ഞുവീണ സിലിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ സഹോദരൻ സിജോ ഉൾപ്പെടെ ശ്രമിച്ചെങ്കിലും ജോളി തന്ത്രപൂർവം വൈകിച്ചെന്നാണ് ആരോപണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപസ്മാരമാകാമെന്നു പറഞ്ഞ് ഭർത്താവ് ഷാജു പുറത്തുപോയി ഗുളിക വാങ്ങിക്കൊണ്ടു വരുന്നതുവരെ സിലി അതേ അവസ്ഥയിൽ കിടന്നു. ജോളി സ്വന്തം കാറിൽ ഡ്രൈവ് ചെയ്താണ് ഓമശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലോ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകാമെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞിട്ടും കൂട്ടാക്കിയില്ല.

സംസ്ഥാന പാതയിലൂടെ പോയാൽ 7 കിലോമീറ്റർ കൊണ്ട് എത്തേണ്ട ഓമശ്ശേരിയിലേക്ക് വളഞ്ഞ വഴി ചുറ്റി 10 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് എത്തിച്ചത്. ആശുപത്രിയിൽവച്ച് പോസ്റ്റ്മോർട്ടം ഒഴിവാക്കിയതും ജോളിയുടെ കടുത്ത സമ്മർദത്തെത്തുടർന്നാണെന്ന് സിലിയുടെ ബന്ധുക്കൾ അന്വേഷണ സംഘത്തെ അറിയിച്ചു.

ആശുപത്രിയിലെത്തും മുൻപ് സിലി മരിച്ചെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തളർന്നിരിക്കുകയായിരുന്ന സിജോയോട് പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ഒപ്പിട്ടു കൊടുക്കാൻ വാശി പിടിച്ചെന്ന പോലെ ജോളി ആവശ്യപ്പെട്ടു.

സിലിയുടെ സ്വർണം ഏറ്റുവാങ്ങണമെന്നും നിർദേശിച്ചു. സിജോ ഒന്നിനും വയ്യെന്നു പറഞ്ഞ് അവിടെത്തന്നെ ഇരുന്നതിനാൽ ഷാജുവാണ് പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ഒപ്പിട്ടു നൽകിയത്. സ്വർണം ജോളി ഏറ്റുവാങ്ങുകയും ചെയ്തു. രേഖകളിലെല്ലാം സിജോയുടെ പേരു വരുത്തുന്നതിലൂടെ സംശയം ഒഴിവാക്കാനാണ് ജോളി ലക്ഷ്യമിട്ടതെന്നും പറയുന്നു.

അതിനിടെ, സിലിയുടെ സ്വർണം ഏറ്റുവാങ്ങിയത് താനാണെങ്കിലും ഷാജുവിനെത്തന്നെ ഏൽപിച്ചിരുന്നെന്ന് ജോളി ഇന്നലെ അന്വേഷണ സംഘത്തിനു മൊഴിനൽകി. തലശ്ശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താൻ ഐജി അശോക് യാദവ് ഇന്നു താമരശ്ശേരിയിൽ എത്തും. ഉച്ചകഴിഞ്ഞു 3നു നടക്കുന്ന അവലോകന യോഗത്തിൽ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.