കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട് കൂടുതല്‍ മുങ്ങുന്നു. ആലപ്പുഴ നഗരത്തിലേക്കും വെള്ളംകയറി തുടങ്ങി. നൂറുകണക്കിനുപേര്‍ ഇപ്പോഴും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാഭരണകൂടം കൂടുതല്‍ ബോട്ടുകള്‍ പിടിച്ചെടുത്തു

വേമ്പനാട്ടു കായലില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതോടെയാണ് ആലപ്പുഴ നഗരത്തിന് മധ്യത്തിലൂടെ കടന്നുപോകുന്ന വാടക്കനാലും വാണിജ്യകനാലും നിറഞ്ഞത്. മാതാ ബോട്ടുജെട്ടി വെള്ളത്തിനടിയിലായി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും വെള്ളം കയറിത്തുടങ്ങി. ദേശീയപാതയ്ക്ക് സമാന്തരമായുള്ള ആലപ്പുഴ–ചേര്‍ത്തല കനാലും നിറഞ്ഞു. സമീപത്തെ വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. കനാലുകളില്‍ നിന്ന് കടലിലേക്ക് വെള്ളം ഒഴുക്കിവിടാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

അതേ സമയം കുട്ടനാട്ടില്‍ നിന്നുള്ള പലായനം തുടരുകയാണ്. പള്ളാത്തുരുത്തി മുതല്‍ പൂപ്പള്ളി വരെയുള്ള ഭാഗങ്ങളില്‍ എ.സി.റോഡിന് ഇരുകരകളിലുമുള്ള താമസക്കാര്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറുകയാണ്. ചമ്പക്കുളം, നെടുമുടി, മങ്കൊമ്പ്, കിടങ്ങറ, പുളിങ്കുന്ന്, കാവാലം ഭാഗങ്ങളില്‍ നൂറുകണക്കിന് പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മല്‍സ്യത്തൊഴിലാളികളാണ് മുന്നില്‍ . രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മോട്ടോര്‍ ബോട്ടുകളും വ‍ഞ്ചിവീടുകളും വിട്ടുനല്‍കാത്ത ഉടമകളെ അറസ്റ്റുചെയ്യാന്‍ മന്ത്രി ജി.സുധാകരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

നിമിഷങ്ങള്‍ കടന്നുപോകും തോറും ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണ സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. കൈമെയ് മറന്ന് എല്ലാവരും ഇറങ്ങിയെങ്കിലും ആയിരക്കണക്കിനാളുകള്‍ ഇനിയും ഒറ്റപ്പെട്ട വീടുകളില്‍ സഹായത്തിന് കേഴുകയാണ്. ചെറുവള്ളങ്ങളും കൂടുതല്‍ ഹെലികോപ്റ്ററുകളും അടിയന്തരമായി ചെങ്ങന്നൂരിലേക്ക് വേണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ചെങ്ങന്നൂരില്‍ പതിനായിരങ്ങള്‍ മരിക്കുമെന്ന എം.എല്‍.എ സജി ചെറിയാന്റെ വിലാപത്തെ തുടര്‍ന്ന് രാവിലെ മുതല്‍ ഊര്‍ജസ്വലമായി രക്ഷാപ്രവര്‍ത്തനം. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും കൊല്ലത്തുനിന്നുള്ള പത്ത് വലിയ മല്‍സ്യബന്ധനബോട്ടുകളും ഇന്നിറങ്ങി. ദുരന്തനിവാരണസേനയും എത്തി. കല്ലിശേരി ഭാഗത്തുനിന്ന് സ്ത്രീകളും കുട്ടികളും അടക്കം 23 പേരെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപെടുത്തി. ചെന്നെത്താന്‍ ബുദ്ധിമുട്ടായ ഈ പ്രദേശത്ത് ഇനിയും നിരവധി പേരുണ്ടെന്നാണ് വിവരം. എന്നാല്‍ മതിലുകളില്‍ തട്ടിയും ചെറുവഴികളില്‍ കുടുങ്ങിയും വലിയ ബോട്ടുകള്‍ പലയിടത്തും എത്തുന്നില്ല. ചെറിയ ബോട്ടുകളുടെയും വ്യോമസേനയുടെയും സഹായം അടിയന്തരമായി വേണം.

നാലുദിവസം പിന്നിട്ട സാഹചര്യത്തില്‍ ഒരു രാത്രി കൂടി രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കാനുള്ള ശേഷി എത്രപേര്‍ക്കുണ്ടാകുമെന്നാണ് അറിയേണ്ടത്. ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷണവും വസ്ത്രവും വെള്ളവും കൂടുതല്‍ വേണ്ട സാഹചര്യവും ചെങ്ങന്നൂരിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.