ഉപതിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ അന്തരീക്ഷത്തെ മേഘാവൃതമാക്കുമോ തെളിക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി. വ്യാഴാഴ്ച രാവിലെ എട്ടരയോടെ അഞ്ചു മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തു വരും. പത്തു മണിയോടെ രാഷ്ട്രീയ ചിത്രം വ്യക്തമാകും.
മഴയെത്തുടര്‍ന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍. നഗര സ്വഭാവമുള്ള വട്ടിയൂര്‍ക്കാവ്, എറണാകുളം മണ്ഡലങ്ങളിലെ പോളിങ് കുറഞ്ഞതിന്റെ കാരണങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ചയാണ്. പോളിങ് കുറഞ്ഞത് ഇവിടങ്ങളിലെ ഫലത്തെ സ്വാധീനിക്കുമോയെന്ന് ആശങ്കയുണ്ട്. രാഷ്ട്രീയത്തെക്കാള്‍ സമുദായ സമവാക്യങ്ങള്‍ ചര്‍ച്ചയായ തിരഞ്ഞെടുപ്പിലെ അടിയൊഴുക്കുകളെക്കുറിച്ച് പ്രവചിക്കാനാകാത്ത അവസ്ഥയിലാണ് മുന്നണികള്‍.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ റിഹേഴ്സലായതിനാല്‍ മൂന്നു മുന്നണികളും ആകാംക്ഷയോടെയാണ് തിരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്നത്. വിധി സൃഷ്ടിക്കുന്ന രാഷ്ട്രീയ ചലനങ്ങള്‍ക്ക് കേരളവും കാതോര്‍ക്കുന്നു. യുഡിഎഫിന് അനുകൂലമായി നിലപാടെടുത്ത എന്‍എസ്എസിന്റെ വാക്കുകള്‍ സമുദായ അംഗങ്ങള്‍ എങ്ങനെ സ്വീകരിച്ചു എന്നതും നാളെയറിയാം.
ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു സീറ്റുകളില്‍ നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. അരൂര്‍ ഒഴികെയുള്ള നാല് സീറ്റുകള്‍ എന്തുവില കൊടുത്തും അവര്‍ക്ക് നിലനിര്‍ത്തിയേ തീരൂ. മഞ്ചേശ്വരത്തും എറണാകുളത്തും വിജയിക്കാനാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും വിജയം ഉറപ്പെന്ന് അവകാശപ്പെടുമ്പോഴും ആശങ്കകള്‍ ബാക്കിയാണ്. എക്സിറ്റ് പോളുകളുടെ പ്രവചനം അതു വര്‍ധിപ്പിക്കുന്നു.
വട്ടിയൂര്‍ക്കാവില്‍ 5000ത്തിലധികം വോട്ടിന്റെയും കോന്നിയില്‍ 2000 വോട്ടിന്റെയും ഭൂരിപക്ഷം ലഭിക്കുമെന്ന റിപ്പോര്‍ട്ടാണ് പ്രാദേശിക നേതൃത്വം കെപിസിസിക്കു കൈമാറിയതെങ്കിലും ഈ കണക്കുകള്‍ നേതൃത്വം അതേപടി ഉള്‍കൊണ്ടിട്ടില്ല. കോന്നിയില്‍ മുന്‍ എംഎല്‍എ അടൂര്‍ പ്രകാശിന്റെ പിന്തുണ സംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുണ്ട്. ഫലം എതിരാണെങ്കില്‍ അടൂര്‍ പ്രകാശിനു മറുപടി പറയേണ്ടി വരും. കൈവശമുള്ള ഏതെങ്കിലും സീറ്റ് എല്‍ഡിഎഫ് പിടിച്ചാല്‍ അതിന്റെ സമ്മര്‍ദത്തോടെ വരുന്ന തിരഞ്ഞെടുപ്പുകളെ നേരിടേണ്ടി വരും. പാലായില്‍ ജയിച്ച എല്‍ഡിഎഫിന്റെ വിജയത്തിന് മധുരം കൂടും.
അരൂരിനു പുറമേ വട്ടിയൂര്‍ക്കാവും കോന്നിയും വിജയിക്കുമെന്നാണ് എല്‍ഡിഎഫ് നേതൃത്വം പറയുന്നത്. എറണാകുളത്തും മഞ്ചേശ്വത്തും പ്രതീക്ഷ പുലര്‍ത്തുന്നു. യുഡിഎഫിന്റെ കൈവശമുള്ള ഒരു സീറ്റെങ്കിലും പിടിച്ചെടുത്താല്‍ ആത്മവിശ്വാസത്തോടെ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാം. അരൂര്‍ നിലനിര്‍ത്തുകയും വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്താവുകയും ചെയ്താലും ആശ്വസിക്കാം. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ശക്തികൂടും.
എറ്റവും സമ്മര്‍ദത്തില്‍ ബിജെപിയാണ്. സംഘടനാപരമായ പോരായ്മയും വോട്ടു ബാങ്കിലെ ചോര്‍ച്ചയും വലിയ തിരിച്ചടിയാകുമെന്നു ഫലം വരുന്നതിനു മുന്‍പു തന്നെ നേതൃത്വത്തിലെ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ചേശ്വരത്തും കോന്നിയിലും വട്ടിയൂര്‍ക്കാവിലുമായിരുന്നു പ്രതീക്ഷ. എന്നാല്‍ ഫലം വരാനൊരുങ്ങുന്ന ഈ ഘട്ടത്തില്‍ പ്രതീക്ഷ മഞ്ചേശ്വരം മാത്രമായി ചുരുങ്ങുന്നു. നേതാക്കളുടെ ശരീര ഭാഷയിലും തിരിച്ചടിയുടെ സൂചനകള്‍ വ്യക്തം. ഒ. രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ സംഘടനാ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ ഉപതിരഞ്ഞെടുപ്പു ഫലം എതിരായാല്‍ അതു പാര്‍ട്ടിയില്‍ പൊട്ടിത്തെറികള്‍ക്ക് കാരണമായേക്കാം. നേതൃമാറ്റമെന്ന പതിവ് ആവശ്യം ഉയരാം.
സമുദായ സംഘടനകള്‍ അടുത്തെങ്ങും കാണാത്ത തരത്തിലുള്ള ഇടപെടല്‍ നടത്തിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്. സമദൂര നിലപാട് സ്വീകരിച്ചിരുന്ന എന്‍എസ്എസ് ശരിദൂരമെന്ന നിലപാടിലേക്കു മാറിയത് തിരഞ്ഞെടുപ്പിനെ വലിയ രീതിയില്‍ സ്വാധീനിച്ചു. പിന്തുണ യുഡിഎഫിനാണെന്ന് അവര്‍ പറയാതെ പറഞ്ഞു. യുഡിഎഫിന്റെ വിജയം എന്‍എസ്എസിന്റെ അഭിമാന പ്രശ്നമാണ്. യുഡിഎഫിനു തിരിച്ചടി നേരിട്ടാല്‍ അതു എന്‍എസ്എസ് നിലപാടുകള്‍ക്കുള്ള തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെടാം. എസ്എന്‍ഡിപി ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും അവരുടെ പിന്തുണ ലഭിക്കുമെന്നു എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. എല്‍ഡിഎഫിന് പ്രതീക്ഷിക്കുന്ന വിജയം ലഭിച്ചാല്‍ എസ്എന്‍ഡിപിയുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടും.
സഭാ നേതൃത്വങ്ങളുടെ പിന്തുണ ഏതു മുന്നണിക്കൊപ്പമാണെന്നതും ഉപതിരഞ്ഞെടുപ്പോടെ വ്യക്തമാകും. സമുദായ സംഘടനകളുടെ നിലപാടുകൾ സമുദായാംഗങ്ങൾ സ്വീകരിച്ചോ ഇല്ലയോ എന്നത്, വരുന്ന തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ സമവാക്യങ്ങളെയും മാറ്റാം.
Leave a Reply