നടന്‍ ഷെയിന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജുമായുള്ള തര്‍ക്കം പരിഹരിച്ചു. നിര്‍മാതാക്കളുടെ സംഘടനയും ‘അമ്മ’യും ഇരുവരെയും വിളിച്ചിരുത്തി ചര്‍ച്ച നടത്തിയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം ജോബി നിര്‍മിക്കുന്ന വെയിലിൽ ഷെയിന്‍ അഭിനയിക്കും. എന്നാല്‍ ജോബിയുടെ അടുത്ത സിനിമയില്‍ നിന്ന് ഷെയിന്‍ പിന്‍മാറി.
ഒരു മുടിമുറിക്കലില്‍ തുടങ്ങിയതായിരുന്നു ഷെയിനും ജോബിയും തമ്മിലുള്ള തര്‍ക്കം. ഇതാണ് ഒടുവില്‍ രണ്ട് സംഘടനകള്‍ ഒരുമിച്ച് ഇരുവരേയും വിളിച്ചിരുത്തി അനുനയ ചര്‍ച്ചയിലൂടെ പരിഹരിച്ചത്. തീരുമാനങ്ങള്‍ ഇങ്ങനെ. ഷെയിന്‍ ഇപ്പോള്‍ അഭിനയിക്കുന്ന കുര്‍ബാനിയയുടെ ചിത്രീകരണം നവംബര്‍ 10നുള്ളില്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ജോബി നിര്‍മിക്കുന്ന വെയിലില്‍ വീണ്ടും അഭിനയിക്കും.
കരാര്‍ പ്രകാരം ജോബി ഷെയിനിനു 40 ലക്ഷം രൂപ കൊടുക്കണം. ഇതില്‍ 30 ലക്ഷം രൂപ കൈമാറി എന്ന് ജോബി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അത് സത്യമല്ല, ഇനിയും 16 ലക്ഷം രൂപ നല്‍കാനുണ്ട്. ഇത് ഉടന്‍ കൈമാറും. ഷെയിന്റെ കുടുംബത്തെ അവഹേളിച്ചതില്‍ ജോബി മാപ്പ് പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍വച്ച് ഷെയിനും ജോബിയും കൈകൊടുത്ത് പിരിഞ്ഞെങ്കിലും ജോബി നിര്‍മിക്കുന്ന അടുത്ത ചിത്രത്തില്‍ നിന്ന് ഷെയിന്‍ പിന്‍മാറി. വെയിലിന്റെ ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്നെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നും അത് പരിധി വിട്ടപ്പോഴാണ് താന്‍ പ്രതികരിച്ചതെന്നും ഷെയിന്‍ പറഞ്ഞു.ഭാവിയില്‍ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടോ മറ്റേതേങ്കിലും കാര്യത്തിലോ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകാതിരിക്കാന്‍ സംഘനടകള്‍ മേല്‍നോട്ടം വഹിക്കും.
വെയില്‍ സിനിമയുടെ തുടക്കം മുതലേ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടന്‍ ഷെയ്ന്‍ നിഗം. മൂന്നാമത്തെ തവണ പ്രശ്നമുണ്ടായപ്പോഴാണ് പ്രതികരിച്ചത്. മാനേജറെ വിളിച്ച് ഉമ്മച്ചിയെപ്പോലും മോശമായി പറഞ്ഞപ്പോഴാണ് ലൈവില്‍ വന്നത്. ജോബി ജോര്‍ജുമായുള്ള തര്‍ക്കം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തില്‍ പരിഹരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷെയ്ന്‍.
ചര്‍ച്ചയില്‍ തൃപ്തനാണെന്ന് പറഞ്ഞാണ് ഷെയ്ന്‍ തുടങ്ങിയത്. ”എന്നെ നിയന്ത്രിക്കുന്ന ശക്തി എന്ന പരാമര്‍ശത്തില്‍ ജോബി ജോര്‍ജ് മാപ്പ് പറഞ്ഞിട്ടില്ല. ഇനി ഒന്നിനും പോകണ്ട, എല്ലാം ഇവിടെ വെച്ച് തീര്‍ക്കാം എന്ന് ചര്‍ച്ചയില്‍ എല്ലാവരും പറഞ്ഞു. ഞാനല്ലല്ലോ ഒന്നിനും പോയത്? ഒരാള്‍ക്കും ബുദ്ധിമുട്ടില്ലാതെ മര്യാദക്ക് പൊയിക്കൊണ്ടിരുന്നതല്ലേ ഞാന്‍’- ഷെയ്ന്‍ ചോദിക്കുന്നു.
”വെയില്‍ സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നു. പിന്നെ ഞാനായിട്ട് പ്രശ്നമുണ്ടാക്കണ്ടല്ലോ എന്നുകരുതി മിണ്ടാതിരുന്നതാണ്. ഈ സിനിമ കഴിഞ്ഞാല്‍ ഇവരെയൊന്നും കാണേണ്ടല്ലോ എന്ന് കരുതി. പക്ഷേ ഇത് മൂന്നാമത്തെ തവണയാണ്. ലൈവ് പോകാനുള്ള കാരണവും ഞാന്‍ പറയാം. എന്റെ മാനേജര്‍ സതീഷിനെ വിളിച്ച്, എന്റെ ഉമ്മച്ചിയെ ഉള്‍പ്പെടെ അയാള്‍ മോശമായി പറഞ്ഞു. ആ വിഷമത്തിലാണ് ലൈവ് വന്നത്. ”
”അത്ര വൈകാരികമായാണ് ഓരോ സിനിമയും ചെയ്യുന്നത്. 25 ദിവസം പ്ലാന്‍ ചെയ്തിട്ട് 16 ദിവസം കൊണ്ടാണ് ഞാന്‍ ജോബിച്ചേട്ടന്റെ ഷെഡ്യൂള്‍ തീര്‍ത്തുകൊടുത്തത്. നല്ല വശങ്ങള്‍ ആരും പറയില്ല. കുറ്റം മാത്രമേ എല്ലാവരും കണ്ടുപിടിക്കൂ– കരഞ്ഞുകൊണ്ട് ഷെയ്ന്‍ പറഞ്ഞു.
Leave a Reply