തന്റെ നഗ്‌ന ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് കാലിഫോര്‍ണിയയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ഡെയ്ലി മെയിലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ലോസ് ഏഞ്ചല്‍സ് നിന്നുള്ള ഡെമോക്രാറ്റിക് എം.പിയായ കാറ്റി ഹില്ലാണ് പരാതിക്കാരി. പത്രം അവരുടെ ഓണ്‍ലൈനിലാണ് വിവാദ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചത്. ‘എത്രയും പെട്ടെന്ന് ആ ഫോട്ടോകളെല്ലാം നീക്കം ചെയ്യണമെന്ന് ഹില്ലിന്റെ അഭിഭാഷകര്‍ പത്രത്തിന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ഹില്ലിന്റെ ശരീരത്തില്‍ നാസികളുടെതിനു സമാനമായ ചിഹ്നം പച്ചകുത്തിയിട്ടുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് നിഷേധിച്ച ഹില്‍ പത്രത്തിനെതിരെ അപകീര്‍ത്തി കേസും ഫയല്‍ ചെയ്തിട്ടുണ്ട്. സഭയിലെ ഒരു സ്റ്റാഫുമായി വഴിവിട്ട ബന്ധമാരോപിക്കപ്പെടുന്ന 32 കാരിയായ ഹില്ലിനെതിരെ സഭാ ചട്ടങ്ങള്‍ ലഘിച്ചുവെന്ന് കാണിച്ച് എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തുന്നുണ്ട്.
ഒരു സ്റ്റാഫറുമായി തനിക്ക് ‘അനുചിതമായ’ ബന്ധമുണ്ടെന്ന് വ്യക്തമാക്കിയ ഹില്‍ ‘കീഴുദ്യോഗസ്ഥയുമായുള്ള ബന്ധം അനുചിതമാണെന്ന് എനിക്കറിയാം എന്നാലും അത് തുടരാന്‍ തന്നെയാണ് തീരുമാനം’ എന്നാണ് പ്രതികരിച്ചത്. ‘അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. അവള്‍ക്ക് ഏറ്റവും നല്ലതുവരണം എന്നല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല, ഈ വിഷമഘട്ടത്തില്‍ എല്ലാവരും അവളുടെ സ്വകാര്യതയെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ഹില്‍ വ്യക്തമാക്കി.
യുഎസിലെ കണ്‍സര്‍വേറ്റീവ് മാധ്യമങ്ങള്‍ ഈ കഥ സന്തോഷപൂര്‍വ്വം ആഘോഷിച്ചു. തീവ്ര വലതുപക്ഷ വെബ്സൈറ്റായ റെഡ്‌സ്റ്റേറ്റിലാണ് ആദ്യമായി അവരുടെ നഗ്‌ന ഫോട്ടോകള്‍ പ്രത്യക്ഷപ്പെടുന്നത്. ഹില്ലിന്റെ വിവാഹ മോചന നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്തുതന്നെയാണ് ഫോട്ടോകള്‍ ചോര്‍ന്നത് എന്നത് വെറും യാദൃശ്ചികതയല്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
റിപ്പബ്ലിക്കന്‍മാര്‍ 20 വര്‍ഷത്തിലേറെയായി കയ്യടക്കിവെച്ചിരുന്ന കാലിഫോര്‍ണിയയിലെ 25-ാമത്തെ കോണ്‍ഗ്രസ് ജില്ലയില്‍നിന്നും 2018-ല്‍ ഹില്‍ അട്ടിമറി വിജയം നേടുകയായിരുന്നു. ‘പീഡനം മാത്രം സമ്മാനിക്കുന്ന ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടാനുള്ള ശ്രമത്തിലാണ് ഞാന്‍. എതിരാളികള്‍ അവരുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി എന്റെ സ്വകാര്യതപോലും ഉപയോഗിക്കുന്നു. കരുതിക്കൂട്ടിയുള്ള ഈ കൂട്ടമായുള്ള ആക്രമണം അത്യന്തം അപലപനീയവും നിന്ദ്യവുമാണ്. അത് തല്‍ക്കാലം വിജയിക്കാന്‍ പോകില്ല’ ഹില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
Leave a Reply