കരമനയിലെ മരണങ്ങളില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. ശാസ്ത്രീയ പരിശോധനാഫലം പുറത്ത് വരുമ്പോള്‍ മരണങ്ങള്‍ കൊലപാതകം ആയിരിക്കാമെന്ന സൂചനയാണ് നല്‍കുന്നത്. ജയമാധവന്‍ നായരുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്നു മെഡിക്കല്‍ കോളജിന്റെ റിപ്പോര്‍ട്ട്. തലയില്‍ രണ്ട് മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

2017 ഏപ്രിൽ 2-നാണ് കൂടത്തിൽ കുടുംബത്തിലെ സ്വത്തുക്കളുടെ അവകാശി ജയമാധവന്‍ മരിച്ചത്. മുറിവുണ്ടാകാനിടയായ സാഹചര്യം അന്വേഷിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. മുറിയില്‍ വീണ് കിടന്നെന്നായിരുന്നു ആരോപണവിധേയനായ കാര്യസ്ഥന്‍ രവീന്ദ്രൻ നായരുടെ മൊഴി.

എന്നാൽ കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് മുൻകാര്യസ്ഥൻ സഹദേവന്റെയും രവീന്ദ്രൻനായരുടെയും മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

കട്ടിലിൽനിന്ന് വീണ് പരിക്കേറ്റ് തറയിൽ അബോധാവസ്ഥയിൽ കിടന്ന ജയമാധവൻ നായരെ സഹദേവന്റെ സഹായത്തോടെ വിളിച്ച ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെന്നാണ് രവീന്ദ്രൻ നായരുടെ മൊഴി. എന്നാൽ ഇക്കാര്യം തനിക്കറിയില്ലെന്നാണ് സഹദേവന്റെ മൊഴി.

കൂടത്തില്‍ തറവാട്ടിലെ ഏഴു പേരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. തറവാട്ടിലെ കാരണവൻമാരിൽ ഒരാളായ വേലുപിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയാണ് പരാതിക്കാരി. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരനായ അനില്‍കുമാറും പരാതി നല്‍കിയിരുന്നു.