ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ലോകമെമ്പാടും ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികൾക്ക് ഷൂസുകൾ എത്തിച്ചുകൊടുക്കുന്ന ബ്രിട്ടീഷ് ചാരിറ്റിയാണ് സാൽസ് ഷൂസ്. എന്നാൽ യുകെയിൽ തന്നെ ഇതിന് ആവശ്യക്കാർ ഏറെയാണെന്ന് അവർ വെളിപ്പെടുത്തുകയുണ്ടായി. യുകെയിൽ ദാരിദ്ര്യത്തിന്റെ അളവ് വർധിക്കുന്നു എന്നതുതന്നെയാണ് ഇതിന്റെ അർത്ഥം. അഞ്ച് വർഷം മുമ്പ് സി ജെ ബൗറിയാണ് സാൽസ് ഷൂസ് സ്ഥാപിച്ചത്. ചാരിറ്റി ആരംഭിച്ചപ്പോൾ 5,000 ജോഡി ഷൂസ് ദാനം ചെയ്ത നിലയിൽ നിന്ന് കഴിഞ്ഞ വർഷം 300,000 ത്തിൽ അധികം എണ്ണം വിവിധ ഇടങ്ങളിലേക്ക് അവർ നൽകുകയുണ്ടായി. ഇപ്പോൾ 43 ലധികം രാജ്യങ്ങളിലെ കുട്ടികൾക്ക്, പ്രധാനമായും ഏഷ്യ, ആഫ്രിക്ക, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പാദരക്ഷകൾ അയക്കുന്നുണ്ട്.

യുകെയിലെ കുട്ടികൾക്കാണ് ഇപ്പോൾ ഷൂസുകൾ കൂടുതലായി വേണ്ടിവരുന്നത്. യുകെയിലെ മിക്ക കുട്ടികൾക്കും, അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഒരു ജോഡി സ്കൂൾ ഷൂസ് ആവശ്യമാണ്. അതിനാൽ ഈ സംരംഭം വേനൽക്കാല അവധിയുടെ അവസാനത്തിൽ ആരംഭിച്ചതാണെന്ന് ബൗറി പറയുകയുണ്ടായി. യുകെയിലെ ആവശ്യക്കാരുമായി എല്ലാം ഈ സംഘടന ഇപ്പോൾ ദിവസേന ബന്ധപ്പെടാറുണ്ട്. കുട്ടികളെ സഹായിക്കുന്നതുവഴി അവരുടെ കുടുംബങ്ങളെയാണ് സഹായിക്കുന്നതെന്ന് അവർ പറയുന്നു. യുകെയിൽ ദാരിദ്ര്യ നിലവാരം ഉയരുന്നതുമൂലം മാതാപിതാക്കൾ ബുദ്ധിമുട്ടുന്നെന്നും അവർ കൂട്ടിച്ചേർത്തു. അഞ്ച് വർഷത്തിനുള്ളിൽ ബ്രിട്ടനിൽ ഒരു ദശലക്ഷം കുട്ടികൾ ദാരിദ്ര്യത്തിൽ കഴിയേണ്ടി വരുമെന്ന് തിങ്ക്-ടാങ്ക് ദി റെസല്യൂഷൻ ഫൗണ്ടേഷനും അറിയിച്ചു.

	
		

      
      



              
              
              




            
Leave a Reply