എം . ഡൊമനിക് 

ഇയ്യാളെ ഇതുവരെ കണ്ടില്ലല്ലോ. പൗലോസ് ആരോടെന്നു ഇല്ലാതെ പറഞ്ഞു. പത്തു മണി ആകുമ്പോൾ വരാമെന്നാണല്ലോ പറഞ്ഞത്. ഒന്നിനേം വിശ്വസിക്കാൻ കൊള്ളത്തില്ല. പറയുന്നതുപോലെ ചെയ്യത്തില്ല.
കുറെ കാശും പിടുങ്ങിയിട്ടുണ്ട്.
.
“ഞാൻ അന്നേരെ പറഞ്ഞതാ ചാവറ മാട്രിമോണി യിൽ കൊടുത്താൽ മതി എന്ന്.അതെങ്ങനാ പെണ്ണുങ്ങൾ പറയുന്നതിന് വില ഇല്ലല്ലോ ” അപ്പുറത്തു അടുക്കളയിൽ നിന്ന് അയാളുടെ ഭാര്യലീനാ തന്റെ അഭിപ്രായം പരിഭവ രൂപേണ ഒന്നു ഊന്നി പറഞ്ഞു കൊണ്ട് പലോസ് ചേട്ടന്റെ അടുത്ത് സിറ്റ് ഔട്ട്‌ ലേക്ക് വന്നു.

ഇത് കേട്ടപ്പോൾ പലോസ് ചേട്ടന് അല്പം ശുണ്ഠി വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ അയാൾ പറഞ്ഞു.

എടി , കുര്യച്ചനെ നമ്മൾ അറിയാത്ത ആളൊന്നും അല്ലല്ലോ. ഈ നാട്ടുകാരൻ അല്ലെ. അയാൾ എത്ര കല്യാണങ്ങളാ ഈ നാട്ടിൽ നടത്തിയിരിക്കുന്നത്. നല്ല ഒരു ആലോചന കൊണ്ടു വന്നപ്പോൾ അത് ഒന്ന് ആലോചിക്കുന്നതിൽ എന്താ കുഴപ്പം?നമ്മൾ അറിഞ്ഞതനുസരിച്ചു നല്ല ആലോചന അല്ലെ.

അത് നടക്കുന്നില്ലെങ്കിൽ പിന്നെ ചാവറയോ മറ്റോ നോക്കാവല്ലോ. നമ്മുക്ക് മൂന്ന് മാസത്തെ ലീവ് ഇല്ലേ. അതിനുള്ളിൽ എന്തെങ്കിലും ഒക്കും. ടെസ്സ മോൾക്ക് എക്സാം കഴിഞ്ഞ് വരാൻ ഇനി ഒരാഴ്ച കൂടി ഇല്ലേ,
നീ സമാധാപ്പെട്.

ഈ ആശ്വാസ വാക്കുകൾ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ ഭാര്യ ലീന മുഖവും കോട്ടി റോസചെടിക്ക് വെള്ളം ഒഴിക്കാനായി മുറ്റത്തോട്ട് ഇറങ്ങി.

പൗലോസ് ഉം ലീനയും വർഷങ്ങൾ ആയി ദുബൈയിൽ ആണ് . അയാൾ ഒരു മൾട്ടി നാഷണൽ കമ്പനി യിൽ അക്കൗണ്ടന്റ് ഉം ലീന ഹൌസ് വൈഫ്‌ ഉം ആണ്. നാട്ടിൽ കുറേ വസ്തു വകകളും നല്ല ബാങ്ക് ബാലൻസും ഉണ്ട്. മകൻ ടോമിൻ സിവിൽ എഞ്ചിനീയർ ആണ്. അവന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് കൊല്ലം ആകുന്നു. അവർ
കുടുംബ സമേതം കാനഡ യിൽ ആണ്.

ഇനി മകൾ ടെസ്സയുടെ കല്യാണം കൂടി കഴിഞ്ഞാൽ പിന്നെ അവർക്ക് ചുമതലകൾ ഒന്നും ബാക്കി ഇല്ല. അവളുടെ ഡെന്റിസ്റ്ററി യുടെ ഡിഗ്രി കോഴ്സ് കഴിയാൻ പോവുക യാണ്. ഉടനെ കല്യാണം, അത് കഴിഞ്ഞു ഇവർക്ക് ദുബൈക്ക് തിരിച്ചു പോണം അതാണ് ഉദ്ദേശം. ദല്ലാൾ കുര്യച്ചനെ നോക്കിയിരുന്നു അര മണിക്കൂർ കൂടി കഴിഞ്ഞു.

അയാളെ ഒന്ന് ഫോൺ ചെയ്താലോ എന്ന് പൗലോസ് വിചാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ വീടിന്റെ വെളുത്ത തൂണും കറുത്ത കമ്പിയും ഉള്ള ഗേറ്റ് കടന്ന് ടൈൽസ് വിരിച്ച മുറ്റത്ത്‌ ഒരു ഓട്ടോ റിക്ഷ വന്ന്‌ നിന്നു.

അതെ, അതിൽ നിന്ന് ഇറങ്ങി വരുന്നത് ദല്ലാൾ കുര്യച്ചൻ തന്നെ. ബ്രോക്കർ ആണെങ്കിലും അയാളെ ദല്ലാൾ എന്നോ ബ്രോക്കർ എന്നോ വിളിക്കുന്നത് അയാൾക്ക് ഇഷ്ട്ടം അല്ല കേട്ടോ. ആളൊരു പഴയ കോൺഗ്രസ്‌ കാരനാ.ജുബ്ബ യും മുണ്ടും മാത്രമേ ധരിക്കു. റബ്ബർ വെട്ട് ആയിരുന്നു പണ്ട് തൊഴിൽ. ആകാശത്തിൽ കത്തി തീർന്ന വാണകുറ്റി താഴോട്ട് വരുന്ന വേഗത്തിൽ റബ്ബറിന്റെ വില താഴോട്ട് വരാൻ തുടങ്ങിയപ്പോൾ കുര്യച്ചൻ കണ്ടു പിടിച്ച പണിയാണ് കല്യാണ ബ്രോക്കർ. അയ്യാൾ പത്തെണ്ണം ആലോചിച്ചാൽ ഒന്നെങ്കിലും നടക്കാതെ വരില്ല. അതിൽ വലിയ സീക്രെട്ട് ഒന്നും ഇല്ല. കാരണം അതിൽ ഏതെങ്കിലും ഒക്കെ ദൈവം തമ്പുരാൻ നേരത്തെ ഫിക്സ് ചെയ്തിട്ടുള്ളത് ആയിരിക്കും, അല്ലാതെ കുര്യച്ചന്റെ മിടുക്ക് ഒന്നും അല്ല. ഞാൻ ഈ പറഞ്ഞത് അയാൾ കേൾക്കണ്ട, സമ്മതിക്കൂല്ല. ഇപ്പോൾ ഓൺലൈൻ വിവാഹ ഏജൻസികൾ അയാൾക്ക് ഒരു പാര ആയി വന്നിരിക്കുകയാണ്. പത്തു എഴുപത് വയസുവരെ ദൈവം നടത്തി. ശിഷ്ട്ടായുസ്സു് എങ്ങനെ എങ്കിലും തട്ടി മുട്ടി കഴിഞ്ഞു പൊയ്ക്കൊള്ളും എന്നൊരു വിശ്വസത്തിലാണ് കുര്യച്ചൻ.

“എന്റെ സാറേ, ഒന്നും പറയേണ്ട, വഴിൽ ഇറങ്ങി ഓട്ടോ നോക്കി നിൽക്കുമ്പോളാ ഇന്നലെ ടീവി ല് പറഞ്ഞ”ഓറഞ്ച് അലേർട്ട് ” ന്റെ കാര്യം ഓർമ്മവന്നത്. ഉടനെ തിരിച്ചു വീട്ടിൽ പോയി കുട എടുത്തോണ്ട് വന്നു. അതാ കുറച്ച് താമസിച്ചു പോയത് ” എന്നും പറഞ്ഞ് കുര്യച്ചൻ വരാന്ത യിലോട്ട് കയറി കക്ഷത്തിൽ ഇരുന്ന കാലൻ കുട അര ഫിത്തിയിലോട്ട് ചാരിക്കൊണ്ടു പൗലോസ് കാണിച്ച കസേരയിൽ ഇരുന്നു.

കുര്യച്ചൻ വരാൻ താമസിച്ചപ്പോൾ ഞാൻ വിചാരിച്ചു എന്ത് പറ്റീ എന്ന്. പൗലോസ് പറഞ്ഞു. സാറെ ഇപ്പോൾ ഇപ്പോൾ നാട്ടിലെ കാലാവസ്ഥ എല്ലാം തകിടം മറിഞ്ഞില്ലേ. പണ്ട് പള്ളിപ്പെരുന്നാളിന്‌ മാത്രം കാണുന്നതും
കേക്കുന്നതുമല്ലേ ഓറഞ്ച്. ഇപ്പോൾ മഴ കാലമായാൽ എന്നും ഇതേ കേൾക്കാനുള്ളു “, ഓറഞ്ച്, ഓറഞ്ച് അലേർട്ട്, എന്നൊക്കെ . എന്തോ വാന്ന് ആർക്ക് അറിയാം. ഇതു കാരണം ഇപ്പോൾ വിശ്വസിച്ചു ഒരു വഴിക്കേറങ്ങാൻ പറ്റത്തില്ല സാറെ. എപ്പോഴാ മഴേം കാറ്റും വരുന്നതെന്ന് പറയാൻ പറ്റുവോ.

വീടിനു അകത്തോട്ടു നോക്കികൊണ്ട് , “ലീനമ്മോ കുടിക്കാൻ ഇത്തിരി വെള്ളം കിട്ടിയാൽ തരക്കേടില്ല” എന്നും പറഞ്ഞു കുര്യച്ചൻ കാര്യത്തിലേക്ക് കടന്നു. നമ്മൾ ടെസ്സ മോൾക്ക് പറഞ്ഞു വച്ചിരിക്കുന്ന പയ്യൻ ദന്ത ഡോക്ടർ
ആണല്ലോ ചെറുക്കനും പെണ്ണും ഫോട്ടോ കണ്ടു ഫോണിൽ സംസാരിച്ചു. ഇഷ്ട്ടപ്പെട്ടു . ഇനി ചടങ്ങിന് ഒരു പെണ്ണുകാണൽ നടത്തണം. അത്രേ ഉള്ളു. ഇത് നടക്കും സാറെ. അവർക്കും താല്പര്യമാ.

കുര്യച്ചന് അറിയാവല്ലോ എനിക്ക് ഒറ്റ മകളാണ് ടെസ്സ. അവളെ അന്തസായിട്ട് പറഞ്ഞു വിടണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ദൈവം സഹായിച്ചു എനിക്ക് അതിനുള്ള പാങ്ങും ഉണ്ട്.

ഇത്രയും പറഞ്ഞപ്പോളേക്കും ലീന കുര്യച്ചന് കുടിക്കാൻ വെള്ളവും ചായയും രണ്ട് ചെറുപഴവും കുറെ കുഴലപ്പവും ട്രേയിൽ കൊണ്ട് വന്നു. അത് അയാൾക് കൊടുത്തിട്ട് അടുത്ത കസേരയിൽ ഇരുന്ന് ആ സദസ്സിലെ
സംഭാഷണത്തിൽ ചേരാൻ ഒരുങ്ങി ഇരുന്നു. മകളുടെ വിവാഹകാര്യം അല്ലെ എല്ലാം ശ്രെദ്ധിച്ചു എന്തെങ്കിലും ഡീറ്റെയിൽസ് പറയാൻ ഭർത്താവ് വിട്ടു പോകുന്നുണ്ടോ എന്നൊക്കെ അറിയേണ്ടേ. കുര്യച്ചൻ വെള്ളം ഒറ്റ വലിക്കു കുടിച്ചിട്ട് ഒരു കുഴലപ്പവും കടിച്ചിട്ട് തുടർന്നു.

ങ്ങാ, ചെറുക്കൻ കൂട്ടരും നല്ല സൗകര്യം ഉള്ളവർ ആണെന്ന് നമ്മൾ കണ്ടല്ലോ. അതുകൊണ്ട് സ്ത്രീധനം ഒന്നും പ്രശ്നം അല്ല. എന്ന് വച്ച് നിങ്ങൾ നിങ്ങടെ മോൾക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നത് തടയുന്നതും ശരിയല്ലല്ലോ. അത്
നിങ്ങൾക്ക് വിഷമം ആവില്ലേ. സംഗതി ഏതാണ്ട് നടക്കുന്ന ലക്ഷണം ഉള്ളതുകൊണ്ട് പെണ്ണുകാണലിനു മുൻപ് എന്താണ് നിങ്ങളുടെ മനസ്സിൽ എന്ന് അവർക്ക് ഒന്നറിയണമല്ലോ. ചെറുക്കന്റെ അപ്പൻ തോമസ് സാറ് എന്നോട്
പറഞ്ഞു വിട്ടത് ഇപ്പോൾ പൗലോസ് സാർ ഒന്ന് അങ്ങോട്ട് വിളിക്കാനാ. അന്നേരം പെണ്ണുകാണലിന്റെ ഡേറ്റ് ഉം ഉറപ്പിക്കാല്ലോ.

ശരിയാ, എല്ലാം ഒരു മുൻ ധാരണ ഉള്ളത് നല്ലതാ. ഫോൺവിളിക്ക്‌. സ്പീക്കർ ഫോണേൽ ഇട്ടാൽ മതി എനിക്കും കേൾക്കാല്ലോ എന്ന് ലീന പൗലോസ് നോടായി പറഞ്ഞു.

പൗലോസ് ഒരു നിമിഷം എന്തോ ആലോചിച്ചിട്ട് ടീ പോയിയിൽ ഇരുന്ന മൊബൈൽ ഫോൺ എടുത്തു തോമസ് സാറിനെ ഡയൽ ചെയ്തു. ഈ സമയം കുര്യച്ചൻ, ട്രെയിൽ ഇരുന്ന പഴം രണ്ടും എടുത്തു തിന്നിട്ടു തന്റെ വായിൽ ആടി നിൽക്കുന്ന പല്ലുകൾ കൊണ്ട് , കുഴലപ്പവുമായി യുദ്ധം ആരംഭിച്ചു.

ഓരോ കടിക്ക് ശേഷവും അടർന്നു വന്ന കഴലപ്പത്തിന്റെ കൂട്ടത്തിൽ തന്റെ
പല്ല് ഒന്നും ഇല്ല എന്ന് അയ്യാൾ ഉറപ്പ്‌ വരുത്തി.

ഫോൺ ആദ്യം റിങ് ചെയ്തപ്പോൾ ഹലോ, ഹലോ എന്ന് രണ്ടു പ്രാവശ്യം പറഞ്ഞപ്പോഴേക്കും കട്ട്‌ ആയിപ്പോയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“നാട്ടിലെ ഫോൺ ന്റെ ഒരു കാര്യം”എന്ന് പറഞ്ഞു കൊണ്ട് പൗലോസ് വീണ്ടും ഡയൽ ചെയ്തു.
ഹലോ, തോമസ് സാർ അല്ലെ, ഇത് കുറ്റി പ്ലാക്കൽ നിന്നും പൗലോസ്, ടെസ്സമോളുടെ ഡാഡി.
ഹാ, മനസ്സിലായി, ഹലോ പൗലോസ് സാറെ എന്തോണ്ട് വിശേഷങ്ങൾ.

നമ്മുടെ കുര്യച്ചൻ രാവിലെ വന്നിട്ടുണ്ട്. എന്നോട് അങ്ങോട്ട് ഒന്ന് വിളിക്കാൻ പറഞ്ഞു.
അത് ശരിയാ പൗലോസ് സാറെ. നമുക്ക് ഏകദേശ കാര്യങ്ങൾ ഒന്ന് തീരുമാനിക്കേണ്ട. പെണ്ണുകാണാൽ ഇനിയിപ്പോൾ ഒരു ചടങ്ങ് എന്ന് കൂട്ടിയാൽ മതി. നമുക്ക് അത് അടുത്ത ഞായർ ആഴ്ച്ച രാവിലെ ആക്കിയാലോ പൗലോസ് സാറെ?

ഇതുകേട്ട് ഒരു മിനിറ്റ് എന്ന് പറഞ്ഞിട്ട്, ഒക്കെ ആണോ എന്ന അർഥത്തിൽ അയാൾ ഭാര്യ ലീനയുടെ മുഖത്തേക്ക് ഒന്ന് നോക്കി. അത് ശ്രദ്ധിച്ചിരുന്ന ലീന സമ്മതർഥത്തിൽ തല കുലുക്കി. അപ്പോഴേക്കും കുര്യച്ചൻ കിട്ടിയതെല്ലാം
കഴിച്ചുതീർത്തു ചായ കുടി തുടങ്ങി.

ഒക്കെ, തോമസ് സാറെ ഞായറാഴ്ച ആയിക്കോട്ടെ. കല്യാണം നമുക്ക് കൊച്ചി ലെ മെറിഡിയനിൽ ആക്കിയാലോ. എനിക്ക് ഒറ്റ മോളല്ലേ ഒരുപാട് ആളെ വിളിയ്ക്കാനുണ്ട് . അവിടേം അങ്ങനെ ആരിക്കുമല്ലോ.
ഞങ്ങൾ ചെറുക്കന്റെ വീട്ടുകാർക്കും ഇത് ലാസ്റ്റ് കല്യാണം ആണ്. ഒരുപാട് ആളെ വിളിക്കാൻ ഉണ്ട്. രഷ്ട്രീയ മേഖലയിൽ നിന്നും കുറച്ച് നേതാക്കൾ ഉണ്ടാവും. എന്ന് തോമസ്.
അതിനെന്താ, ആയിക്കോട്ടെ, ഞാൻ ഒത്തിരി നാൾ ദുബൈ യിൽ ആയിരുന്നതുകൊണ്ട് എനിക്ക് രാഷ്ട്രീയക്കാരെ വലിയ പരിചയം ഇല്ല. എന്നാൽ ലേമെറിഡിയനിൽ കല്യാണ പാർട്ടിക്ക് നാലാഴ്‌ച ആപ്പുറം 21 ശനി എന്നൊരു
ടെന്ററ്റീവ് ഡേറ്റ് ബുക്ക്‌ ചെയ്തേക്കാം. എന്താ ?
ശരി ഒക്കെ എന്ന് തോമസ് സാറും പറഞ്ഞു.

അപ്പോൾ പൗലോസ് വീണ്ടും തുടർന്നു.
പിന്നെ സ്ത്രീ ധനം എന്നൊന്നും ഇപ്പോൾ പറയാൻ പാടില്ലല്ലോ. ഒറ്റ മോളല്ലേ. എന്റെമോൾക്ക് അൻപതുലക്ഷം രൂപ പോക്കറ്റ് മണിയും 400 പവന്റെ സ്വർണ്ണവും കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇതു കേട്ടപ്പോൾ ഫോണിന്റെ അങ്ങേ തലക്കൽ നിന്ന തോമസ് പറഞ്ഞു. അത് സാറേ, പറയുമ്പോൾ ഒന്നും തോന്നരുത്. സാറ് പത്രം ഒന്നും കാണാറില്ലേ ?

ഒരു മാസം മുൻപ് ആരുന്നെങ്കിൽ ഞാൻ നോ പറയുകേലാരുന്നു. സ്വർണ്ണം വേണ്ട. അതിന്പിടിവരാൻ പോവുകയല്ലേ . ഇനി അതുകൊണ്ട് തലവേദനയാ.

പൗലോസിന് പെട്ടന്ന് വിശ്വസിക്കാൻ പറ്റിയില്ല സ്വർണ്ണം വേണ്ടന്നോ? അയാൾ പറഞ്ഞു , എന്നാൽ സ്വർണ്ണത്തിന് പകരം കൊച്ചിയിൽ ഒരു പുതിയ luxury flat ഉണ്ട് അത് കൊടുക്കാം.
ഉടനെ മറുപടി വന്നു. അത് വേണ്ട സാറേ, അത് കൊച്ചിയിൽ വേണ്ട, എന്നാ പൊളിക്കേണ്ടി വരുന്നത് എന്ന് അറിയത്തില്ല.
മറുപടികൾ കേട്ടുകൊണ്ടിരുന്ന പൗലോസിനും ലീനക്കും ചെറിയ ഒരു അങ്കലാപ്പ്. വിചാരിക്കിരിക്കാത്ത പ്രശ്നങ്ങൾ ആണല്ലോ കേൾക്കുന്നത്.

മനസംയമനം പാലിച്ചുകൊണ്ട് പൗലോസ് പറഞ്ഞു. എന്നാൽ തോമസ് സാറെ എനിക്ക് ഇടുക്കിയിൽ ഇരുപത്തഞ്ച് ഏക്കർ തൈല തോട്ടം ഉണ്ട് പകരം അത് കൊടുക്കാം.
പൗലോസ് സാറെ, പറയുമ്പോൾ തോന്നും പറയുവാന്ന്. കാലം വളരെ മോശമാ. ഇടുക്കി എന്ന് പറഞ്ഞാൽ മുക്കാലും പരിതസ്ഥിതി ലോല പ്രദേശം ആണെന്ന് ഗാഡ്ഗിൽ റിപ്പോർട്ട്‌ നെകുറിച്ചു സാറും കേട്ടിട്ട് കാണുമല്ലോ.
അതു കൊണ്ട് അതും നമുക്ക് വേണ്ട. രൂപ ഒഴിച്ചു സാർ പറഞ്ഞതെല്ലാം ഇപ്പോൾ പാഴാ ,സാറെ പാഴ് ..

സാറിന് തോന്നും സാറു പല കാര്യങ്ങൾ പറഞ്ഞിട്ടും എല്ലാം ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞല്ലോ എന്ന് .ഞാൻ എന്ത് ചെയ്യാനാ .നിങ്ങൾ മറുനാട്ടിൽ ഇരുന്നു മേടിച്ചു കൂട്ടിയത് എല്ലാം കുഴപ്പം പിടിച്ച കേസുകെട്ടല്ലെ !

പൗലോസ് നു ചൊറിഞ്ഞു വന്നു “ഇതൊന്നും വേണ്ടെങ്കില് ഈ കല്യാണോം ഞങ്ങൾക്ക് വേണ്ട.” അയാൾ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു.

ഇത്രയും ആയപ്പോൾ സംഭാഷണം കേട്ടുകൊണ്ടിരുന്ന ലീനയ്ക്ക് ഇടപെടാതിരിക്കാൻ കഴിഞ്ഞില്ല.

“അവിടേം ഇവിടേം ഒള്ള സ്ഥലം എല്ലാം മേടിച്ചു കൂടിയപ്പോൾ ഞാൻ പറഞ്ഞതാ വേണ്ട ,വേണ്ടാ എന്ന് .
എന്റെ വാക്കിനു വിലയില്ലല്ലോ . ദൈവമേ ! കഷ്ടപ്പെട്ട് ഉണ്ടാക്കിയത്‌ എല്ലാം വെറുതെ ആയല്ലൊ.

ഭാര്യയുടെ കുത്തുവാക്ക് കോട്ടപ്പോൾ പൗലോസിന് സഹിച്ചില്ല. അയാൾ ചോദിച്ചു. “അപ്പോൾ നീ സ്വർണ്ണം മുഴുവനും മേടിച്ചു കൂടിയതോ?” അതും വേണ്ട എന്നല്ലേ പറഞ്ഞത്‌ ?

രണ്ടുപേരുടെയും മിണ്ടാട്ടം മുട്ടിയപ്പോൾ ദല്ലാൾ കുര്യച്ചൻ പതുക്കെ അവിടുന്ന് തലഊരി .അരഭിത്തിയിൽ ചാരി വച്ചിരുന്ന കാലൻ കുട അയ്യാൾ എടുത്തില്ല , വീണ്ടും ചെല്ലാൻ വേണ്ടീ മനഃപൂർവ്വ്വം എടുക്കാഞ്ഞതാണൊ
അതോ മറന്നതാണോ?, അറിയില്ല,

 

എം . ഡൊമനിക്

ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ് .