ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പണപ്പെരുപ്പവും വിലവർധനവും മൂലം പൊറുതി മുട്ടുന്ന സാധാരണക്കാർക്ക് തെല്ലൊരാശ്വാസമായി സൂപ്പർമാർക്കറ്റുകൾ പാലിന്റെ വില കുറച്ചു . ടെസ്കോയ്ക്ക് പിന്നാലെ സെയിൽസ്ബറിയാണ് പാലിന്റെ വില കുറയ്ക്കുകയാണെന്ന് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ടെസ്കോ പാലിൻറെ വില കുറച്ചിരുന്നു.

ടെസ്കോ ചെയ്തതിന് സമാനമായ രീതിയിലുള്ള വിലകുറവാണ് സെയിൽസ് ബെറിയും വരുത്തിയിരിക്കുന്നത്. സെയിൽസ് ബെറിയുടെ സ്വന്തം ബ്രാൻഡായ നാല് പൈന്റ് ബോട്ടിലിന്റെ വില 1.65 പൗണ്ടിൽ നിന്ന് 1.55 പൗണ്ടായി ആണ് കുറച്ചിരിക്കുന്നത്. പാൽ വാങ്ങുന്നതിന്റെ ചിലവ് കുറഞ്ഞതാണ് വിലകുറയ്ക്കുന്നതിന്റെ കാരണമായി ടെസ്കോ വ്യക്തമാക്കിയിരുന്നു. എന്നാൽ തങ്ങൾ വില കുറയ്ക്കുന്നതിൻറെ പിന്നിലെ കാരണം സെയിൽസ്ബറി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രണ്ട് സൂപ്പർമാർക്കറ്റുകൾ തമ്മിലുള്ള മത്സരമാണ് സെയിൽസ്ബെറി വിലകുറയ്ക്കുന്നതിന്റെ പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

1978 -ന് ശേഷമുള്ള ഏറ്റവും കടുത്ത വിലക്കയറ്റമാണ് രാജ്യം നേരിടുന്നത് . പാലിൻറെ വിലയിൽ മാത്രം 43 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഉയർന്ന പണപ്പെരുപ്പമാണ് ഭക്ഷ്യ വിലയുടെ വർദ്ധനവിന്റെ കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പച്ചക്കറികളുടെ ദൗർലഭ്യം ഭക്ഷ്യവില 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.