മഹാരാഷ്ട്രയിൽ ശിവസേന – എൻസിപി സർക്കാരിനെ കോൺഗ്രസ് പിന്തുച്ചേക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് ദേശീയ നേതൃത്വത്തോട്, സേനയുമായി സഹകരിക്കണമെന്ന് ആവശ്യം സംസ്ഥാന നേതാക്കൾ ആവർത്തിച്ച് ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പുറത്ത് നിന്ന് പിന്തുണ നൽകാൻ കോൺഗ്രസ് ആലോചിക്കുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വവും പ്രസിഡൻ്റ് സോണിയ ഗാന്ധിയും സേനയുമായി സഹകരിക്കുന്നതിൽ ഒട്ടും താൽപര്യമില്ല. സോണിയയുടെ നിലപാട് മൂലം എൻസിപി അധ്യക്ഷൻ ശരദ് പവാറും സേനയുമായി സഖ്യമില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്ന് 18 ദിവസമായിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാത്ത പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് എൻസിപിയും കോൺഗ്രസും പുനരാലോചന നടത്തുന്നത്
അതിനിടെ ഇന്നലെ നടന്ന ശിവസേന യോഗത്തിൽ എംഎൽഎമാർ ഉയർത്തിയ അഭിപ്രായം ആദിത്യ താക്കറെയല്ല, ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകണം എന്നാണ്. അങ്ങനെ വന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലാത്ത ഉദ്ധവ് താക്കറെ അടുത്ത ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട് നിയമസഭയിലെത്തേണ്ടി വരും. ഉദ്ധവിൻ്റെ മകനും യുവസേന നേതാവുമായ ആദിത്യ താക്കറെ വർളി മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ശിവസേന മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമ്പോൾ ആദിത്യ താക്കറെ മുഖ്യമന്ത്രിയാകും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ബാൽ താക്കറെയുടെ കുടുംബത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് വന്നത് ആദിത്യ താക്കറെയാണ്. എന്നാലിപ്പോൾ പാർട്ടി അധ്യക്ഷനായ ഉദ്ധവ് തന്നെ മുഖ്യമന്ത്രിയാകട്ടെ എന്ന അഭിപ്രായമാണ് എംഎൽഎമാർക്ക്. ഇതിനോടുള്ള ഉദ്ധവ് താക്കറെയുടെ പ്രതികരണം വ്യക്തമല്ല.
ശിവസേനയുമായി ചേർന്ന് സർക്കാരുണ്ടാക്കില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ ആവർത്തിച്ച് പറഞ്ഞിരുന്നു. കോൺഗ്രസ് പ്രസിഡൻ്റ് സോണിയ ഗാന്ധിയുമായും ശിവസേന എം പി സഞ്ജയ് റാവുത്തുമായും നടത്തിയ ചർച്ചകൾക്ക് പിന്നാലെ പവാർ ഇക്കാര്യം പറഞ്ഞിരുന്നു. ജനവിധി ബിജെപി – ശിവസേന സഖ്യത്തിന് അനുകൂലമാണെന്നും മഹാരാഷ്ട്രയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇരു പാർട്ടികളും ചേർന്ന് എത്രയും പെട്ടെന്ന് സർക്കാർ രൂപീകരിക്കണമെന്നും പവാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരു പാർട്ടികൾക്കുമിടയിൽ ഒരു തരത്തിലുള്ള സമവായവുമുണ്ടായില്ല.
Leave a Reply