അമ്മ ഇനി ഉണരില്ലെന്നറിയാതെ വഴിയരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതി ഉണരുന്നത് കാത്തിരിക്കുന്ന കുഞ്ഞിന്റെ ചിത്രം കരളലിയിക്കുന്നു. തിരുപ്പൂര്‍ ഊത്തുക്കുളിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബൈപ്പാസ് റോഡിന് സമീപത്താണ് അമ്മയുടെ മൃതദേഹത്തിനരികില്‍ ഇരിക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്. ഏകദേശം 30 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് വഴിയരികില്‍ കണ്ടെത്തിയത്. സമീപത്ത് കരഞ്ഞു കൊണ്ടിരിക്കുന്ന രണ്ടു വയസ്സുകാരനും ഉണ്ടായിരുന്നു.

മരിച്ച യുവതി ഉത്തരേന്ത്യക്കാരിയാണെന്നും സമീപമുണ്ടായിരുന്നത് മകനാണെന്നും പോലീസ് പറഞ്ഞു. മൃതദേഹം ആരോ ലോറിയില്‍ കൊണ്ട് വന്ന് ഉപേക്ഷിച്ചതായി കരുതുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം കണ്ട സ്ഥലത്തിന് സമീപം ദൂരയാത്ര പോകുന്ന ലോറികള്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍മാര്‍ വിശ്രമിക്കാറുള്ളതായി പോലീസ് പറയുന്നു.

മൃതദേഹത്തിന് സമീപം കണ്ട രണ്ട് വയസ്സുകാരനെ പോലീസ് ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.