കടലിൽ നിന്നും വലിച്ച വലയുടെ ഭാരം മൽസ്യത്തൊഴിലാളികളെ ആദ്യം സന്തോഷിപ്പിച്ചെങ്കിലും പിന്നെ സംഭവിച്ചത് അമ്പരപ്പായിരുന്നു. വിമാനത്തിന്റേതെന്നു കരുതുന്ന ഭാഗങ്ങളാണ് വലയിൽ കുരുങ്ങിയത്. മുനമ്പത്തു നിന്നു കടലിൽ പോയ സീലൈൻ ബോട്ടിനാണ് അവശിഷ്ടം ലഭിച്ചത്. കരയിലെത്തിച്ചതിനു ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് തിരിച്ചറിയാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. മുനമ്പം അഴിമുഖത്തിനു വടക്ക് പടിഞ്ഞാറ് പുറംകടലിൽ വെച്ചാണ് ഇതു വലയിൽ കുടുങ്ങിയതെന്നു തൊഴിലാളികൾ പറയുന്നു.
1500 കിലോഗ്രാം തൂക്കം കണക്കാക്കുന്നു. എൻജിൻ പോലുള്ള ഭാഗത്തിനോടു ചേർന്നു ഗിയർ ബോക്സ് പോലുള്ള ഭാഗവുമുണ്ട്. ഹെലികോപ്ടറിന്റെ എൻജിൻ ആണോയെന്നും സംശയമുയർന്നിട്ടുണ്ട്. കോസ്റ്റ്ഗാർഡ് അധികൃതരെ വിവരമറിയിച്ചതായി പൊലീസ് പറഞ്ഞു. ഭാരമേറിയ ലോഹഭാഗം കുടുങ്ങിയതിനെത്തുടർന്നു ബോട്ടിന്റെ വലയ്ക്കും വലിച്ചു കയറ്റുന്നതിനിടെ ലീഫിനും കേടുപാടുകൾ സംഭവിച്ചതായി തൊഴിലാളികൾ പറഞ്ഞു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നു ബോട്ടുടമ പറയുന്നു.
40 വർഷം മുമ്പ് ഉപയോഗിച്ച യുദ്ധവിമാനങ്ങളുടെ പിസ്റ്റൺ റേഡിയൽ എഞ്ചിനാണ് എന്ന് വിവരം . യുദ്ധവിമാനങ്ങൾ ഇപ്പോൾ ജെറ്റ് എഞ്ചിനുകൾ ഉപയോഗിക്കുന്നു. മുനമ്പം തുറമുഖത്ത് നിന്ന് 15 നോട്ടിക്കൽ മൈൽ അകലെയാണ് ഇത് വലയിൽ കുടുങ്ങിയതെന്ന് ബോട്ട്മാൻമാർ പറഞ്ഞു.
Leave a Reply