വോഡഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ അതി സങ്കീര്‍ണാവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്ന കമ്പനി സിഇഓ നിക്ക് റീഡിന്റെ വാക്കുകള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചതിന് ദിവസങ്ങള്‍ക്കുള്ളില്‍ ക്ഷമാപണം നടത്തി കേന്ദ്രസര്‍ക്കാരിന് അദ്ദേഹത്തിന്റെ കത്ത്. തന്റെ വാക്കുകളെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും ഇന്ത്യയില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ സങ്കീര്‍ണമായ സാമ്പത്തിക സാഹചര്യമാണ് കമ്പനി നേരിടുന്നതെന്നും സര്‍ക്കാരിന്റെ സഹായമില്ലെങ്കില് കമ്പനിയ്ക്ക് ഇന്ത്യയില്‍ തുടരാനാവില്ലെന്നും ഉയര്‍ന്ന ടാക്സുകളും പിന്തുണ നല്‍കാത്ത നിയന്ത്രണങ്ങളും തങ്ങള്‍ക്കെതിരായ സുപ്രീംകോടതി വിധിയും കാര്യങ്ങള്‍ ഗുരുതരാവസ്ഥയില്‍ എത്തിക്കുകയാണെന്നും നിക്ക് റീഡിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിനുള്ള കത്തിലൂടെ തന്റെ പ്രസ്താവനയില്‍ ക്ഷമാപണം നടത്തിയ നിക്ക് റീഡ് യു.കെ.യില്‍ വെച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ശരിയായല്ല വ്യാഖ്യാനിച്ചതെന്ന് പറഞ്ഞു. ഇന്ത്യയില്‍ വളര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും വോഡഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പ്രതിജ്ഞാബദ്ധമായി തുടരുമെന്നും സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ടെലികോം വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റപ്പോര്‍ട്ട് ചെയ്യുന്നു.
ലൈസന്‍സും റഗുലേറ്ററി ഫീസുകളും സംബന്ധിച്ച തര്‍ക്കത്തില്‍ ടെലികോം വകുപ്പിന്റെ വാദം ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് മൂലം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട ടെലികോം സേവന ദാതാക്കളില്‍ ഒരാളാണ് വോഡഫോണ്‍ ഐഡിയ. ഇതേ തുടര്‍ന്ന് ലൈസന്‍സ് ഫീസുകള്‍ക്കും സ്പെക്ട്രം ഉപയോഗത്തിന്റെ പിഴയും പലിശയും സഹിതം കമ്പനി ഇപ്പോള്‍ 40,000 കോടി രൂപ കുടിശികയായി നല്‍കേണ്ട സ്ഥിതിയിലാണ്.
ഇതുകൂടാതെ വന്‍തോതിലുള്ള ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കും കമ്പനിയുടെ സ്ഥിതി വഷളാക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് വോഡഫോണ്‍ ഇന്ത്യയില്‍ സേവനം അവസാനിപ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ വരുന്നത്.
ഈ മേഖലയിലെ സാമ്പത്തിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി, നിയമപരമായ കുടിശ്ശിക പൂര്‍ണ്ണമായി എഴുതിത്തള്ളാനും അല്ലെങ്കില്‍ പലിശകളും, പിഴകളുമെങ്കിലും ഒഴിവാക്കണമെന്നും വോഡഫോണ്‍ ഐഡിയ അംഗമായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
Leave a Reply