ലണ്ടന്‍: യാത്രക്കാര്‍ക്കു മേല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ഇവയില്‍ 20 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2016 ഏപ്രിലിനും 2017 മാര്‍ച്ചിനും ഇടയില്‍ ഇംഗ്‌ളണ്ടിലും വെയില്‍സിലുമായി 337 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2014-15 വര്‍ഷത്തില്‍ ഇത് 282 എണ്ണം മാത്രമായിരുന്നു. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളും ഇവയിലുണ്ട്. 23 പോലീസ് സേനകളില്‍ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്.

നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്ന മിനി ക്യാബുകള്‍, ഊബര്‍ കാറുകള്‍, ബ്ലാക്ക് ക്യാബുകള്‍ എന്നിവയിലെല്ലാം അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മിക്ക പോലീസ് ഫോഴ്‌സുകളും ഇവ ഏതൊക്കെയെന്ന് വിശദീകരിച്ചിട്ടില്ല. ഊബറിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ടാക്‌സി ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമക്കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഡ്രൈവര്‍മാര്‍ നടത്തിയ ലൈംഗികാതിക്രമങ്ങളേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പരാജയപ്പെട്ടു എന്നതാണ് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതിന് ഒരു കാരണമാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ ചൂണ്ടിക്കാണിക്കുന്നത്.

ഊബര്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട 32 ആരോപണങ്ങള്‍ 2016ല്‍ മാത്രം ഉണ്ടായിട്ടുണ്ടെന്നാണ് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വിലക്കിനെതിരെ ഊബര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇത്തരം ലൈംഗികാതിക്രമ സംഭവങ്ങള്‍ പെരുകുന്നത് മറ്റൊരു രീതിയില്‍ ആശ്വാസകരമാണെന്ന് ക്യാംപെയിന്‍ ഗ്രൂപ്പുകള്‍ പറയുന്നുണ്ട്. അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിശദീകരിക്കപ്പെടുന്നത്. അതേസമയം ഡ്രൈവര്‍മാരെ നിയമിക്കുമ്പോള്‍ ശരിയായ വിധത്തില്‍ പരിശോധനകള്‍ നടത്താത്തതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമെന്നും നിരീക്ഷിക്കപ്പെടുന്നു.