നിങ്ങൾ കുടജാദ്രി പോയിട്ടുണ്ടോ? ഇല്ലെങ്കിൽ പോകണം. പറ്റിയാൽ മാമലകളും മഴക്കാടും നടന്നു കയറണം. കഴിയുമെങ്കിൽ ഒരു ദിവസം അതിനു മുകളിൽ തങ്ങണം. ജോലിയെയും പഠനത്തെയും മറ്റും ബാധിക്കാതെ ശനി ഞായർ ദിവസങ്ങളിൽ പോയി വരാൻ കഴിയും.
Kudajadri [Shivamogga, Karnataka, India ]
ഷൊർണൂരിൽ നിന്നും 10:50 pm നു എറണാകുളം – ഓഖ എക്സ്പ്രെസ്സിനു കയറി ( ₹300/- sleeper). കാലത്ത് 7 മണിക്ക് അത് ‘ബൈന്ദൂർ – മൂകാബിക റോഡ്’ സ്റ്റേഷനിൽ എത്തും. അവിടെ നിന്നും ഒരു 10 മിനുട്ട് നടന്നാൽ ബസ് സ്റ്റാന്റിൽ എത്തും. സ്റ്റാന്റിൽ നിന്നും കൊല്ലൂർ മൂകാംബിക സ്റ്റാൻഡിലേക്ക് ബസ് കിട്ടും ( ₹35/-). പ്രസിദ്ധമായ മൂകാംബിക അമ്പലം സ്ഥിതി ചെയ്യുന്നത് അവിടെ ആണ്. അവിടെ നിന്നും ഭക്ഷണം കഴിക്കാം. നല്ല വെജിറ്റേറിയൻ ഫുഡ് കിട്ടും. പിന്നെ അമ്പലത്തിൽ തൊഴേണ്ടവർക്ക് അതും ആകാം.
Mookambika Temple
മൂകാംബികയിൽ നിന്നും കുടജാദ്രി എത്താൻ 5 വഴികൾ : 1. മൂകാംബികയിൽ നിന്നും കുടജാദ്രിമലയുടെ മുകളിലേക്ക് ജീപ്പ് കിട്ടും(rs ₹350/-), 2. മൂകാംബികയിൽ നിന്നും നിട്ടൂർ എന്ന ഗ്രാമത്തിൽ എത്തിയാൽ അവിടെ നിന്നും ജീപ്പ് കിട്ടും (rs ₹300/-), 3. നിട്ടൂരിൽ നിന്നും ജീപ്പ് പോകുന്ന വഴിയും ട്രെക്ക് ചെയ്യാം, 4. നിട്ടൂർ എന്ന ഗ്രാമത്തിൽ നിന്നും 15 km ട്രെക്ക് ചെയ്ത് വനപാതയിലൂടെയും മുകളിൽ എത്താം. 5 ഞങ്ങൾ പോയ വഴി:-അമ്പലത്തിന് പരിസരത്തു നിന്നു തന്നെ ഷിമോഗ റൂട്ടിലേക്കുള്ള ബസ് കയറുക. കാരക്കട്ടി എന്ന ട്രെക്കിങ്ങ് പാത്തിന് സമീപത്തു നിർത്തിതരാൻ ഡ്രൈവറെ ഓർമപ്പെടുത്തുക.(rs ₹23/-).
കാരക്കട്ടി ഇറങ്ങി വലതു ഭാഗത്തു കാണുന്ന ഫോറസ്റ്റ് ഗേറ്റിനു സമീപത്തു കൂടെ ആണ് ട്രെക്കിങ്. മൊത്തം 11 കിലോമീറ്റര് ട്രെക്ക് ചെയ്യാനുണ്ട്. 5 km വലിയ ആയാസമില്ലാത്ത വഴി ആണ്. 5 km കഴിഞ്ഞാൽ ഫോറെസ്റ്റ് ചെക്ക് പോസ്റ്റ് ഉണ്ട്. പ്ലാസ്റ്റിക് ,മദ്യം ,സിഗരറ്റ് എന്നിവ ഉണ്ടെങ്കിൽ വാങ്ങി വെക്കും. പിന്നെ ടെന്റ് ഉണ്ടോ എന്ന് പ്രത്യേകം പരിശോധിക്കും. മുകളിൽ ഇടിമിന്നലെറ്റ് മരണങ്ങൾ സംഭവിച്ചിട്ടുള്ളതിനാൽ ടെന്റ് കെട്ടാൻ സമ്മതിക്കില്ല.
ഫോറെസ്റ്റ് ചെക്പോസ്റ്റിന് സമീപത്തായി തന്നെ ഒരു മലയാളി ഹോട്ടൽ ഉണ്ട്. അവിടെ നിന്നും ഭക്ഷണം കഴിക്കാം. പിന്നീടുള്ള 6 km അത്യാവശ്യം മോഡറേറ്റ് ലെവൽ ട്രെക്കിങ്ങ് ആണ്. ചെങ്കുത്തായ മലകൾ കയറി വേണം മുന്നേറാൻ. മുഴുവൻ കാടാണ്. ഇടക്ക് ചെറു പുൽമേടുകളും. മഴക്കാടിനുള്ളിലൂടെ ഉള്ള യാത്ര വലിയ ക്ഷീണം അറിയിക്കാത്തതാണ്.ഏകദേശം 4 മണിക്കൂർ നേരത്തെ നടത്തം മുകളിൽ ജീപ്പുകൾ നിർത്തിയിട്ടുള്ള സ്ഥലത്ത് എത്തിക്കും.
മുകളിൽ 2 താമസ സൗകര്യങ്ങൾ ആണ് ഉള്ളത്. ഒന്ന് അവിടെ പൂജ ചെയ്യുന്ന അഡിഗയുടെ വീട്. പിന്നെ കർണാടക സർക്കാരിന്റെ ഗസ്റ്റ് ഹൗസ്. (രണ്ടിടത്തും റേറ്റ് ₹200/-). അന്നേ ദിവസം തന്നെ 1 km കൂടി ട്രെക്ക് ചെയ്ത് മുകളിലുള്ള ശ്രീ ശങ്കരാചാര്യ സർവ്വജ്ഞപീഠത്തിൽ പോകാൻ നോക്കുക. ശ്രീ ശങ്കരാചാര്യൻ ധ്യാനത്തിനിരുന്ന പീഠമാണ് പ്രസ്തുത കേന്ദ്രം. പോകുന്ന വഴിയിലാണ് ഹനുമാൻ ഗുഹ. സർവ്വജ്ഞപീഠത്തിന് സമീപത്തു നിന്നും താഴോട്ട് വീണ്ടും ട്രെക്ക് ചെയ്താൽ ചിത്ര മൂലയിൽ എത്താൻ കഴിയും. അവിടെ 3 ഇടത്തും പോയ ശേഷം സർവ്വജ്ഞപീഠതിന് സമീപത്തുള്ള മലമുകളിൽ ഇരുന്ന് സൂര്യാസ്തമയം കാണാം. കടൽ അടുത്തായതിനാൽ സൂര്യൻ കടലിലസ്തമിക്കുന്ന കാഴ്ച മലമുകളിൽ നിന്നും കാണാൻ വളരെ ഭംഗിയുള്ളതാണ്. പിന്നെ തിരിച്ചു താമസ്ഥലത്തെത്തി കുളിച്ചു ഭക്ഷണം കഴിച്ചു നന്നായി ഉറങ്ങുക.
കാലത്ത് 6:15 ന് ആണ് സൂര്യോദയം. ഒരു 5:45 am നു എണീറ്റ് ട്രെക്ക് ചെയ്ത് സർവ്വജ്ഞപീഠത്തിന് അടുത്തേക്ക് പോകുന്ന വഴിയുടെ എതിർദിശയിൽ പോകുന്ന മലമുകളിൽ കയറുക. അവിടെ നിന്നും ഉള്ള ഉദയകാഴ്ച്ച നിങ്ങൾ ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായിരിക്കും. കാറ്റിന്റെ തീവ്രത പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ശ്രദ്ധിച്ചു നിന്നില്ലെങ്കിൽ കാറ്റ് അപകടം വരുത്തി വെക്കാൻ സാധ്യത ഉണ്ട്.
ഉദയകാഴ്ചക്ക് ശേഷം പ്രഭാതഭക്ഷണം കഴിച്ചു മടക്കയാത്ര ആരംഭിക്കുക. തിരിചിറങ്ങൽ വേണമെങ്കിൽ ജീപ്പിൽ ആകാം. ഒരാൾക് 250 രൂപ ആണ് ചാർജ്. കൊല്ലുരിലേക് ബസ്സ് കിട്ടുന്ന സ്ഥലത്ത് അവർ കൊണ്ടെത്തിക്കും. തിരിച്ചിറക്കം വേണമെങ്കിൽ നിട്ടൂർ എത്തുന്ന വനപാതയിലൂടെ ആകാം. ജീപ്പ് വരുന്ന വഴി 2 km താഴെ ഇറങ്ങിയാൽ ഒരു വ്യൂ പോയിന്റ് ഉണ്ട്. അതിനു സമീപത്തുകൂടെ താഴോട്ട് ഒരു നടവഴി കാണാം. കയറി വന്നതിനേക്കാൾ ദൂരം കൂടുതലാണ്. ഇറക്കങ്ങളും കയറ്റങ്ങളും പ്രയാസമേറിയതാണ്.
5 km നടന്നാൽ ഹിഡ്ലൂമാനെ എന്നൊരു വെള്ളച്ചാട്ടം ഉണ്ട്. കർണാടകക്കാർക്കിടയിൽ ഈ വെള്ളച്ചാട്ടം പ്രസിദ്ധമാണ്. അതുവഴി ഏറെനേരത്തെ നടത്തം താഴെ നിട്ടൂർ എന്ന ഗ്രാമത്തിൽ നമ്മെ കൊണ്ടെത്തിക്കും. വെള്ളച്ചാട്ടത്തിനു സമീപത്തുനിന്നും നിട്ടൂർ കൊണ്ടെത്തിക്കുന്ന ജീപ്പ് സർവീസും ഉണ്ട്. ( ഈ വഴി ഇറങ്ങാൻ നോക്കുക). നിട്ടൂരിൽ നിന്നും കൊല്ലൂർ മൂകാംബിക ബസ് കിട്ടും…
ശ്രദ്ധിക്കേണ്ടവ :-
1 ട്രെക്കിങ്ങ് റൂട്ടിൽ അട്ടകൾ വളരെ കൂടുതലാണ് അട്ടകളെ തുരത്താൻ ഉപ്പ്, ഡെറ്റോൾ എന്നിവ കരുതുക,
2 ട്രെക്കിങ്ങ് മോഡറേറ്റ് ആയതിനാൽ ഷൂ ഉപയോഗിക്കുക,
3 ട്രെക്കിങ്ങിൽ ആവശ്യത്തിന് വെള്ളം കരുതുക.ഇടക്ക് കഴിക്കാൻ ബിസ്കറ്റ്, നട്സ്, ഉണക്കമുന്തിരി, ചോക്ലേറ്റ്,നെല്ലിക്ക എന്നിവ ഒക്കെ കരുതിയാൽ നന്നാവും,
4 ഡ്രെസ്സും മറ്റു അവശ്യ വസ്തുക്കളും മാത്രം കരുതുക. ട്രെക്കിങ്ങിൽ ഭാരം കുറക്കുക,
5 അവശ്യ മെഡിക്കൽ കിറ്റുകൾ കരുതുക. പേശി വലിവ് ഉള്ളവർ ഉണ്ടെങ്കിൽ മൂവ്, വോളിനി തുടങ്ങിയ ബാമുകളും മറ്റുസജ്ജീകരണങ്ങളും കരുതുക,
6 മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ മഴയിൽ നിന്നും ലഗേജുകൾ സംരക്ഷിക്കാൻ ആവശ്യമായ കവർ കരുതുക.
7 കൊടജാദ്രിയിൽ ഭക്ഷണം കിട്ടുക ഗവ.റെസ്റ്റ്ഹൗസിൽ മാത്രമാണ്. അവിടെ എത്തിയ ഉടനെ രാത്രി ഭക്ഷണം ആവശ്യമെങ്കിൽ പറയുക.
8 കാലത്ത് കാറ്റ് കൂടുതൽ ആയതിനാൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക,
9 മുകളിൽ അമ്പലങ്ങളും മറ്റും ഉള്ളതിനാൽ നോൺ വെജ് ഭക്ഷണങ്ങൾ കയറ്റാതിരിക്കാൻ ശ്രദ്ധിക്കുക.
10 പ്ലാസ്റ്റിക് കവറുകളും മറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞു
കാടിനെ നശിപ്പിക്കാതിരിക്കുക.
വിലനിലവാരത്തിൽ ചെറിയ ചില മാറ്റങ്ങൾ വന്നേക്കാം
ഷൊർണൂർ-ബൈന്ദൂർ മൂകാംബിക=₹300/-, ബൈന്ദൂർ- കൊല്ലൂർ( ബസ്) =₹35/-, പ്രഭാതഭക്ഷണം=₹50/-, കൊല്ലൂർ-കാരകട്ടെ (ബസ്)=₹23/-, സ്റ്റേ = ₹200/-, ഡിന്നർ=₹75/-, ബ്രേക്ക് ഫാസ്റ്റ് (അവിൽ പഴം)=15, കുടജാദ്രി – നിട്ടൂർ (ജീപ്പ്)=₹250/-, കുന്ദാപുര-ഷൊർണൂർ (ട്രെയിൻ)=₹300/-. ആകെ ചിലവ് 1250.
Leave a Reply