ബ്രിട്ടണില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ മൂന്നാഴ്ച മാത്രം ശേഷിക്കേ, ‘ഒബ്സര്‍വര്‍’ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ കൺസർവേറ്റീവ് പാര്‍ട്ടിക്ക് മുന്‍‌തൂക്കം. ലേബറിനെക്കാൾ 19 പോയിന്റ് മുന്നിലാണ് അവര്‍. ടോറികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ബോറിസ് ജോൺസൺ ഇന്ന് പുറത്തിറക്കാനിരിക്കുകയാണ്. അതിനു മുന്‍പുവന്ന അഭിപ്രായ സര്‍വേ അവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് പ്രകടന പത്രിക സംബന്ധിച്ച് കൺസർവേറ്റീവ് എംപിമാര്‍ക്കിടയില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2017-ൽ തെരേസ മേ പുറത്തിറക്കിയ ബോട്ട്ഡ് മാനിഫെസ്റ്റോയില്‍ ‘ഡിമെൻഷ്യ ടാക്സ്’ എന്നൊരു ഒട്ടും ജനപ്രിയമല്ലാത്ത സാമുഹ്യ സുരക്ഷാ പദ്ധതിയുണ്ടായിരുന്നു. അതു പുറത്തുവന്നതോടെ അവരുടെ റേറ്റിംഗ് തകര്‍ന്നടിഞ്ഞതാണ്. അതാണ്‌ ഇക്കുറിയും കൺസർവേറ്റീവ് എംപിമാരെ ആശങ്കയിലാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഭിപ്രായ സര്‍വ്വേ പ്രകാരം ടോറികളുടെ വോട്ട് വിഹിതം ഇപ്പോൾ 47%-വും ലേബറിന്‍റെത് 28%-വും ആണ്. ലിബറല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ വിഹിതം 12% ആയി കുറഞ്ഞു. 3% ആയി ചുരുങ്ങിയ ബ്രെക്സിറ്റ് പാർട്ടിയും നിലനില്‍പ്പ്‌ ഭീഷണിയിലാണ്. ബ്രെക്സിറ്റ് എങ്ങിനെയെങ്കിലും നടപ്പാക്കണമെന്ന വോട്ടര്‍മാര്‍ ടോറികളെ പിന്തുണയ്ക്കുന്നുവെന്നാണ് അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നത്. വോട്ടർമാരിൽ നിന്ന് പിന്തുണ നേടുന്നതിൽ ഒരു പരിധിവരെ ജോണ്‍സണും കൂട്ടരും വിജയിച്ചുവെന്ന് സാരം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ ആഴ്ചയില്‍ പാർട്ടി നേതാക്കൾ തമ്മിലുള്ള ടെലിവിഷൻ സംവാദങ്ങള്‍ സ്വാധീനം ചെലുത്തി തുടങ്ങിയിട്ടില്ലെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. രണ്ട് വർഷം മുമ്പ് പറ്റിയ അമളി ഒഴിവാക്കുന്നതിലാണ് ഇപ്പോള്‍ ടോറി ക്യാമ്പുകളുടെ ശ്രദ്ധ. എൻ‌എച്ച്എസ്, ശിശു പരിപാലനം, സ്കൂളുകളെ പരിരക്ഷിക്കുക തുടങ്ങിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ പ്രഥമ പരിഗണന നല്‍കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഇതേ ഘട്ടത്തില്‍ നേടിയതിനേക്കാള്‍ വലിയ ലീഡാണ് ഇക്കുറി കൺസർവേറ്റീവ് പാര്‍ട്ടി നേടിയിരിക്കുന്നത്. എന്നാല്‍ അത് കഴിഞ്ഞ മാസത്തേക്കാള്‍ ആറു പോയിന്‍റ് ഇടിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.