മുംബൈ ∙ സുപ്രീം കോടതി വിധിക്കു പിന്നാലെ ഭൂരിപക്ഷമില്ലെന്നു തുറന്നു പറഞ്ഞ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമ്പോള്‍ വിജയം കാണുന്നത് ശരദ് പവാര്‍ എന്ന രാഷ്ട്രീയ അതികായന്റെ കൂടി തന്ത്രങ്ങളാണ്. എന്‍സിപിയെ പിളര്‍ത്തി എംഎല്‍എമാര്‍ക്കൊപ്പം അജിത് പവാര്‍ മറുകണ്ടം ചാടിയെന്ന വാര്‍ത്ത പുറത്തുവന്നപ്പോഴും കുലുങ്ങാതെ നിന്ന പവാര്‍ കോണ്‍ഗ്രസിനു നല്‍കിയ വാക്ക് പാലിച്ച് എംഎല്‍എമാരെ തന്റെ ക്യാംപില്‍ തിരിച്ചെത്തിച്ചു.

23 ന് പുലര്‍ച്ചെ രാഷ്ട്രീയ രംഗത്തെയാകെ ഞെട്ടിച്ചു കൊണ്ടു എന്‍സിപി നേതാവ് അജിത് പവാറിന്റെ പിന്തുണയോടെ ബിജെപി മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയപ്പോള്‍ സംശയത്തിന്റെ മുന നീണ്ടതു മുഴുവന്‍ ശരദ് പവാറിനു നേരെയായിരുന്നു. ശരദ് പവാറിന്റെ അറിവോടെയാണ് സഹോദരപുത്രനായ അജിത് പവാര്‍ ബിജെപിക്കു പിന്തുണ നല്‍കിയതെന്നു കോണ്‍ഗ്രസ് പോലും സംശയിച്ചു.

പവാര്‍ അറിയാതെ എന്‍സിപിയില്‍ ഒന്നും നടക്കില്ലെന്നും മഹാരാഷ്ട്ര നേതാക്കള്‍ അടക്കം പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം നിലനിന്ന നാളുകളില്‍ മഹാരാഷ്ട്രയിലെ കര്‍ഷക വിഷയങ്ങള്‍ ഉന്നയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പവാര്‍ കൂടിക്കാഴ്ച നടത്തിയതും സംശയങ്ങള്‍ ബലപ്പെടുത്തി.

എന്നാല്‍ പിന്നീടു കണ്ട കാഴ്ചകള്‍ ശരദ് പവാര്‍ എന്ന ഇരുത്തം വന്ന ജനനേതാവിന്റെ വിശ്വാസ്യതയുടെ നേര്‍സാക്ഷ്യമായി. അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും ഒരു കാരണവശാലും ബിജെപിയെ പിന്തുണയ്ക്കില്ലെന്നും സംശയത്തിനിടയില്ലാതെ പവാര്‍ തുറന്നടിച്ചു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയ്‌ക്കൊപ്പം പത്രസമ്മേളനം നടത്തി ശരദ് പവാര്‍ തന്റെ നിലപാട് തറപ്പിച്ച് പറഞ്ഞു.

അജിത് പവാറിനൊപ്പം പോയ എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ തിരിച്ചെത്തിക്കാന്‍ പവാര്‍ കാട്ടിയ രാഷ്ട്രീയതന്ത്രജ്ഞതയും ബിജെപിയുടെ നീക്കങ്ങള്‍ക്കു കനത്ത തിരിച്ചടിയായി. നേതാവ് ശരദ് പവാർ തന്നെയാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് അജിത് രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിച്ചതെന്നും എംഎല്‍എമാര്‍ പറഞ്ഞു. ഒടുവില്‍ ബിജെപിയെ പിന്തുണച്ച് ഡല്‍ഹിക്കു പോയ നാല് എംഎല്‍എമാരെ എന്‍സിപിയുടെ യുവജനവിഭാഗം നേതാക്കളെ വിട്ടു മുംബൈയില്‍ തിരിച്ചെത്തിക്കാനും പവാറിനു കഴിഞ്ഞു.

ബിജെപി-ശിവസേന സഖ്യത്തിനെതിരെ പവാര്‍ നയിച്ച ഒറ്റയാള്‍ പോരാട്ടമായിരുന്നു ഇത്തവണത്തെ മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. അറുപതിലധികം പ്രചാരണ യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. കര്‍ഷകരോട് അവരുടെ വിഷയങ്ങള്‍ സംസാരിച്ചു; യുവാക്കളോടു സംവദിച്ചത് മോദി സര്‍ക്കാര്‍ നശിപ്പിച്ച തൊഴിലവസരങ്ങളെക്കുറിച്ച്. നഗരമേഖലകളില്‍ സാമ്പത്തിക മാന്ദ്യവും വ്യവസായ മുരടിപ്പുമാണ് പവാർ  ഉയർത്തിക്കാട്ടിയത്. കശ്മീരും ദേശസുരക്ഷയും പ്രചാരണായുധങ്ങളാക്കി ബിജെപി പട നയിക്കുമ്പോള്‍ മഹാരാഷ്ട്രയുടെ മണ്ണിലൂന്നി ജനകീയ വിഷയങ്ങളുന്നയിച്ചുള്ള ബദല്‍ നീക്കം. ജനം അത് ഒരുപരിധി വരെ ശരിവച്ചുവെന്നതിന്റെ തെളിവായിരുന്നു തിരഞ്ഞെടുപ്പു ഫലം.

സത്താറയില്‍ എന്‍സിപിയെ വഞ്ചിച്ചു ബിജെപിയിലേക്കു പോയ ഉദയന്‍ രാജെ ഭോസലെയ്‌ക്കെതിരെ നടത്തിയ പ്രചാരണത്തിനിടെ പെയ്ത മഴയത്രയും നനഞ്ഞ പവാര്‍ നടത്തിയ ആ പ്രസംഗമാണ് തിരഞ്ഞെടുപ്പുകാലത്ത് സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രചരിച്ചതും ചര്‍ച്ചയായതും. ‘എന്റെ അണികള്‍ നനയുമ്പോള്‍ എനിക്കു കുട വേണ്ടെ’ന്നു പറഞ്ഞ അദ്ദേഹത്തിന്റെ കാല്‍ച്ചുവട്ടിലേക്കല്ലാതെ മറ്റേതു കുടക്കീഴിലേക്കു പോകും എന്‍സിപി അണികള്‍. അണഞ്ഞുതുടങ്ങിയ വിളക്കെന്ന് എതിരാളികൾ കളിയാക്കിയ നിലയെയാണ് ശരദ് പവാര്‍ ചെറിയൊരു തീപ്പന്തമാക്കിയത്.

പ്രതിപക്ഷം എവിടെയെന്നു പരിഹസിച്ചു പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും പ്രചാരണത്തിൽ  പവാർ കൃത്യമായ മറുപടി നല്‍കി. അരനൂറ്റാണ്ടു പിന്നിട്ട രാഷ്ട്രീയ ജീവിതത്തില്‍, 79-ാം വയസ്സില്‍, ഏറ്റവും കഠിനാധ്വാനം ചെയ്ത പ്രചാരണത്തിനു സാഫല്യമായി അന്‍പതിലേറെ സീറ്റുകളുമായി ശിവസേനയ്ക്ക് തൊട്ടരികെ, കോണ്‍ഗ്രസിനു മുകളില്‍ മുഖ്യ പ്രതിപക്ഷമായി എന്‍സിപിയെ പ്രതിഷ്ഠിക്കാനും പവാറിനു കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിജെപിയുമായി ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരണം ശിവസേനയ്ക്ക് അസാധ്യമായതോടെ എന്‍സിപി നിര്‍ണായക ശക്തിയായി. തുടര്‍ന്ന് ശിവസേനയ്ക്കു പിന്തുണ നല്‍കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ പവാര്‍ തന്നെ കളത്തിലിറങ്ങി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍ കണ്ട് അധികാരത്തില്‍നിന്ന് ബിജെപിയെ അകറ്റി നിര്‍ത്തേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ശിവസേനയുമായി സഹകരിക്കാമെന്ന തീരുമാനത്തിലേക്കു കോണ്‍ഗ്രസിനെ എത്തിച്ചതിനു പിന്നിലും പവാറിന്റെ രാഷ്ട്രീയകൗശലം തന്നെ.പശ്ചിമ മഹാരാഷ്ട്രയിലെ ബാരാമതിയിൽ ജനിച്ചു വളർന്ന പവാർ മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രി വൈ.ബി. ചവാന്റെ ശിഷ്യനായാണു രാഷ്ട്രീയത്തിൽ സജീവമായത്. ബാരമതിയിൽ സഹകരണ സംഘങ്ങളിലെ പ്രവർത്തനങ്ങളിൽ നിന്നായിരുന്നു തുടക്കം.

1967ലാണ് നിയമസഭയിലേക്കു കന്നി അങ്കം. 1978ൽ 38-ാം വയസ്സിൽ മഹാരാഷ്ട്രയുടെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായ അദ്ദേഹം പലവട്ടം കേന്ദ്രമന്ത്രിയുമായി. വിദേശത്തു ജനിച്ച സോണിയ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിൽ വരുന്നതിനോടുള്ള വിയോജിപ്പിന്റെ പേരിൽ 1999 പാർട്ടിവിട്ട് എൻസിപി രൂപീകരിച്ച പവാർ പിന്നീടു കോൺഗ്രസുമായി ചേർന്നു മഹാരാഷ്ട്രയിലും കേന്ദ്രത്തിലും സർക്കാർ രൂപീകരണത്തിൽ പങ്കാളിയായി.

ശരദ് പവാറിന്റെ വിരലനക്കം അദ്ദേഹത്തിന്റെ നിഴൽപോലും അറിയില്ലെന്നാണു വയ്‌പ്. ഓരോ നീക്കത്തിലും പാലിക്കുന്ന ഈ നിഗൂഢതയാണു ശരദ്‌ചന്ദ്ര ഗോവിന്ദ്‌റാവു പവാറിനെ തിരഞ്ഞെടുപ്പിനു മുൻപും ശേഷവും ശ്രദ്ധാകേന്ദ്രമാക്കുന്നത്. സ്വന്തം ആയുധപ്പുരയ്‌ക്കു മുന്നിൽ പവാർ കയ്യുംകെട്ടി പുഞ്ചിരിച്ചുകൊണ്ടു നിൽക്കുമ്പോൾ ഉള്ളിലെന്തെന്ന് അറിയാതെ മറ്റുള്ളവർ അമ്പരക്കും. ഏറിയാൽ രണ്ടു വാക്ക് സംസാരിക്കും. അപ്പോഴും അവ്യക്‌തതയുടെ കവചത്തിൽ അദ്ദേഹം ഒളിച്ചിരിക്കുകയാകും. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും സ്വന്തം കരുക്കുകൾ പുറത്തെടുത്ത് എതിരാളികളെ ഞെട്ടിപ്പിക്കുകയും ചെയ്യും.

കർഷക കുടുംബത്തിൽ ജനിച്ചു വൈ.ബി. ചവാന്റെ ശിഷ്യനായി യൂത്ത് കോൺഗ്രസിലൂടെ വളർന്ന പവാറിന് മഹാരാഷ്‌ട്ര സ്വന്തം കൈവെള്ളയിലാണ്. പശ്‌ചിമ മഹാരാഷ്‌ട്രയാകട്ടെ വിരൽത്തുമ്പിലും. പവാർ ഒന്നു വിരൽ ഞൊടിക്കാൻ കാത്തിരിക്കുകയാണു പഞ്ചസാര ഫാക്‌ടറികളുടെ സാമ്രാജ്യമായ പശ്‌ചിമ മഹാരാഷ്‌ട്ര. 1967 മുതൽ നിയമസഭയിലും ലോക്‌സഭയിലും സ്വന്തം തട്ടകമായി സൂക്ഷിക്കുന്ന ബാരാമതിയിലെ വോട്ടർമാരെ പേരെടുത്തു വിളിക്കാൻ കഴിയുന്നത്ര ആഴത്തിലാണു മണ്ഡലവുമായുള്ള ബന്ധം. ഒരാളെ ഒരു തവണ കണ്ടാൽ പിന്നീട് മറക്കാതെ പേര് വിളിക്കാനുള്ള ആ കഴിവ് രാഷ്‌ട്രീയ കളരിയിലെ വിദ്യാർഥികൾ പഠിക്കേണ്ടതാണ്.

യൂത്ത് കോൺഗ്രസ് നേതാവായിരിക്കെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു വേരു പാകിയ പവാർ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ആ ആത്മവിശ്വാസമാണ് 1978ൽ കോൺഗ്രസിനെ പിളർത്തി വസന്ത്‌ദാദാ പാട്ടീൽ സർക്കാരിനെ വീഴ്‌ത്താനും ജനതയുമൊത്തുള്ള സഖ്യത്തിലൂടെ മുഖ്യമന്ത്രിയാകാനും കരുത്തു പകർന്നത്. അന്നു പ്രായം 38. 1980ൽ ഇന്ദിര കേന്ദ്രത്തിൽ അധികാരം തിരിച്ചുപിടിച്ചതോടെ മഹാരാഷ്‌ട്രയിൽ പവാറിന് അധികാരം നഷ്‌ടമായി.

സർക്കാരിനെ പിരിച്ചുവിട്ടു നടത്തിയ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണത്തിൽ തിരിച്ചെത്തി. 1986ൽ കോൺഗ്രസിലേക്കു മടങ്ങിയ പവാർ 1988ൽ മുഖ്യമന്ത്രി പദവും വീണ്ടെടുത്തു. 1991ൽ രാജീവ് ഗാന്ധി വധത്തെത്തുടർന്നു കോൺഗ്രസിൽ പ്രധാനമന്ത്രി സ്‌ഥാനാർഥിയായി സ്വയം രംഗത്തുവന്ന പവാറിനു പക്ഷേ, നരസിംഹറാവുവിനു വഴി മാറേണ്ടി വന്നു. വഴങ്ങേണ്ടപ്പോൾ വഴങ്ങാനും ഇടയേണ്ടപ്പോൾ ഇടയാനുമുള്ള രാഷ്‌ട്രീയ മെയ്​വഴക്കമാണ് കോൺഗ്രസ് വിട്ടിട്ടും യുപിഎയിലെ ശക്‌തനായ ഘടകകക്ഷി നേതാവായി പവാറിനെ നിലനിർത്തുന്നത്.