സംസ്ഥാന ജൂനിയർ കായിക മേളയ്ക്കിടെ ഹാമർ തലയി ൽ വീണു മരിച്ച അഫീലിന്റെ അമ്മ ഡാർളിക്കും അച്ഛൻ ജോൺസണും ഈ സങ്കടക്കടലിലും ചിലതു പറയാനുണ്ട്.

‘‘നേരത്തേയുണരാൻ അലാറം വച്ചിട്ടൊക്കെ കിടക്കുമെങ്കിലും ഒടുവിൽ ഞാൻ ചെന്നു വിളിക്കണം.’’ഡാർളി ഓർമകളിലേക്കു മടങ്ങുകയാണ്. ‘‘ഇക്കിളി കൂട്ടിയിട്ടാണ് വിളിച്ചെഴുന്നേൽപിക്കുക. അതവന് ഇഷ്ടമായിരുന്നു. ചിരിച്ചു കൊണ്ടെഴുന്നേറ്റു വരും. വെന്റിലേറ്ററിൽ കിടക്കുന്ന സമയത്തും ഞാനങ്ങനെ ചെയ്തു നോക്കിയെങ്കിലും അവനെഴുന്നേറ്റില്ല. പുലർച്ചെ മൂന്നുമണിക്ക് ശരീരം തുടപ്പിക്കാൻ കയറുമ്പോൾ ചേട്ടായി അവനെ കളിപ്പിക്കാൻ നോക്കും. ‘നീ എന്താ, ഇവിടെ ഇങ്ങനെ കിടക്കുന്നെ, എഴുന്നേറ്റു വന്നേ…’ പക്ഷേ, ഞങ്ങളുടെ വിളിയൊന്നും അവൻ കേട്ടതേയില്ല.

തലേന്ന് സ്കൂളിൽ നിന്നു വന്നപ്പോഴേ മോൻ പറഞ്ഞിരുന്നു.‘അമ്മേ നാളെ അത്‌ലറ്റിക് മീറ്റിന് വൊളന്റിയറായി ചെല്ലാൻ പി.ടി സാർ പറഞ്ഞിട്ടുണ്ട്. കോട്ടയത്തു നടന്ന ഫുട്ബോൾ ടീം സെലക്‌ഷൻ ക്യാംപിൽ പോയ കുട്ടികളെയാണ് വൊളണ്ടിയറായി തിരഞ്ഞെടുത്തിരിക്കുന്നത്’. കാര്യങ്ങളെല്ലാം ഞാൻ വിശദമായി ചോദിച്ചറിഞ്ഞു. പിറ്റേന്ന് അവനിറങ്ങാൻ നേരത്ത് വീണ്ടും ചോദിച്ചു. ‘നിങ്ങൾക്ക് തിരിച്ചറിയൽ കാർഡൊന്നും തന്നിട്ടില്ലേ?’ ‘ഇല്ല അമ്മേ, സ്കൂളീന്നുള്ള ലിസ്റ്റിൽ പേരുണ്ടല്ലോ’ എന്നായിരുന്നു മറുപടി. ‘നിങ്ങളെയെങ്ങനെ തിരിച്ചറിയും, സ്കൂളിന്റെ തിരിച്ചറിയൽ കാർഡെങ്കിലും കയ്യിൽ പിടിക്ക്’ എന്നു പറഞ്ഞ് അതെടുത്തു കൊടുത്തത് ഞാനാണ്. അവനത്രയും ആഗ്രഹിച്ച് പോകുന്നതല്ലേ, തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞ് തിരിച്ചു പോരേണ്ടി വന്നാൽ വിഷമമാകില്ലേ എന്നായിരുന്നു ഞാൻ ചിന്തിച്ചത്.

പറമ്പിൽ പണി ചെയ്തു നിൽക്കുമ്പോഴായിരുന്നു അവന്റെ കൂട്ടുകാരുടെ വിളി വന്നത്. ‘അഫീലിനു നെറ്റിയിൽ ചെറിയൊരു പരുക്കു പറ്റി. പാലാ ജനറൽ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നു’ ഞങ്ങൾ വേഗം പണിസ്ഥലത്തു നിന്നു വന്ന് ഡ്രസ്സ് മാറി പുറപ്പെട്ടു. വണ്ടിയിലിരിക്കുമ്പോൾ വീണ്ടും ഫോൺ വന്നു. ‘കോട്ടയം മെഡിക്കൽ കോളജിലേക്കു വന്നാൽ മതി. ആരെയെങ്കിലും കൂടെ കൂട്ടണം.’ ഗുരുതരമല്ലെന്നു തോന്നി ആരെയും അറിയിച്ചിട്ടുണ്ടായിരുന്നില്ല. ഇതു കേട്ടപ്പോൾ ഞങ്ങൾ ഭയന്നുപോയി. വേഗം ജോൺസന്റെ അനിയനെ വിളിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞങ്ങൾ മോനെ കാണുമ്പോൾ ഇടതു കണ്ണ് ചുവന്നു പുറത്തേക്കു തള്ളി വീഴാറായി നിൽക്കുകയായിരുന്നു.വേറെയെന്തെങ്കിലും പരുക്കുണ്ടോയെന്നു നോക്കാൻ ശ്രമിക്കുമ്പോഴേക്കും അവിടെ നിന്നു വേഗം അവനെ കൊണ്ടുപോയി. തലയോട്ടി പൊട്ടി തലച്ചോർ ഉള്ളിലേക്ക് അമർന്നിരിക്കുന്ന നിലയിലായിരുന്നു. അന്നു തന്നെ തലയിൽ ഒാപ്പറേഷൻ ചെയ്തു. പിന്നീട് 17 ദിവസം മോൻ വെന്റിലേറ്ററിൽ കിടന്നു. ഒരിക്കൽ ജോൺസൺ കയറിയപ്പോൾ കൈ ചെറുതായി അനക്കിയെന്നു പറഞ്ഞു. അതു ഹൈ ഡോസ് മരുന്നു ചെല്ലുന്നതു കൊണ്ടാണ് എന്നു ഡോക്ടർ പറഞ്ഞു. പേടിക്കേണ്ട, ഞങ്ങളിവിടെയുണ്ട് കേട്ടോ എന്ന് പല തവണ പറഞ്ഞത് അവൻ കേട്ടിട്ടുണ്ടാകുമോ ആവോ?’’

കരച്ചിൽ മറയ്ക്കാൻ മുഖം കുനിച്ചിരുന്ന അഫീലിന്റെ അച്ഛൻ ജോൺസൺ പതിയെ മുഖമുയർത്തി. ‘‘കുടുംബത്തീന്ന് ഭാഗം കിട്ടിയ പറമ്പിൽ ഒരു കിലോമീറ്റർ കുത്തനെയുള്ള കയറ്റമാണ്. അവന് ഒന്നര വയസ്സുള്ളപ്പോഴാണ് അവിടെ ഒരു കുടിലു കെട്ടി ഞങ്ങൾ താമസം തുടങ്ങുന്നത്. കുടിക്കാനും പാചകം ചെയ്യാനുമുള്ള വെള്ളം തലച്ചുമടായി താഴെനിന്നു കൊണ്ടുപോണം. കുഞ്ഞിന് ഓടി കളിക്കാൻ മുറ്റമുള്ള ഒരു വീടിന് എത്ര കൊതിച്ചിട്ടുണ്ടെന്നോ?

ഇപ്പോഴത്തെ വീടു പണിയുന്ന സമയത്ത് അവൻ എൽകെ ജിയിലാണ്. തൊഴിലുറപ്പു പണി കഴിഞ്ഞു വന്ന് രാത്രി കല്ലും കട്ടയും മണലും ചുമന്നു കൊണ്ടു വരുമ്പോൾ ആരും പറയാതെ അവനും തലയിൽ ഓരോ കട്ട വച്ച് കൊണ്ടു വരും. എല്ലാ പണിക്കും ഞങ്ങളുടെയൊപ്പം കൂടും. മൂന്നു മാസം മുൻപ് ഈ വീട് മുഴുവൻ പെയിന്റ് ചെയ്തത് ഞങ്ങൾ മൂന്നുപേരും കൂടിയാണ്. എന്നാലും എന്തിനാണ് അവനിത്ര വേഗം പോയത്?’