മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്ന ഇന്ത്യയുടെ പൗരത്വ ബിൽ പാർലമെന്റിന്റെ രണ്ട് സഭകളിലും പാസ്സാവുകയാണെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധം കൊണ്ടുവരണമെന്ന് യുഎസ്സിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യകാര്യ ഫെഡറൽ കമ്മീഷൻ. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച പ്രസ്താവന കമ്മീഷൻ (United States Commission on International Religious Freedom) പുറപ്പെടുവിച്ചത്. ലോക്സഭയിൽ പൗരത്വ ബില്ല് പാസ്സായതിൽ തങ്ങൾക്കുള്ള ആഴമേറിയ ആശങ്ക പ്രസ്താവനയിൽ പ്രകടിപ്പിച്ചു കമ്മീഷൻ.
രണ്ട് സഭകളിലും ബില്ല് പാസ്സാവുകയാണെങ്കിൽ അമിത് ഷാ അടക്കമുള്ള പ്രധാന നേതാക്കൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്ന കാര്യം യുഎസ് പരിഗണിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഈ ബില്ല് തെറ്റായ ദിശയിലേക്കാണ് നയിക്കുകയെന്ന് കമ്മീഷൻ പറഞ്ഞു. ബില്ലിൽ മതമാണ് പൗരത്വത്തിനുള്ള മാനദണ്ഡമായി വെച്ചിരിക്കുന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസമാണ് പൗരത്വ ബിൽ ലോക്സഭയിൽ പാസ്സായത്. 311 അംഗങ്ങൾ അനുകൂലിച്ചും 80 അംഗങ്ങൾ പ്രതികൂലിച്ചും വോട്ട് ചെയ്തു. ഇനി രാജ്യസഭയിൽ പാസ്സാക്കാനായി മേശപ്പുറത്തു വെക്കും. രാജ്യത്തെ ഒരു മതത്തോടും തങ്ങൾ വിവേചനം കാണിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം ലോക്സഭയിൽ സംസാരിക്കവെ അമിത് ഷാ പറയുകയുണ്ടായി. അയൽരാജ്യങ്ങളിൽ ദുരിതജീവിതം നയിക്കുന്ന ന്യൂനപക്ഷങ്ങൾക്കു വേണ്ടിയാണ് തങ്ങൾ ബില്ല് കൊണ്ടുവരുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
വർഗീയ ചേരിതിരിവും മത ഭ്രാന്തും ഭാരതത്തിൽ വീണ്ടും ഒരു വിഭജനമോ ?
അര്‍ധരാത്രി 12.02-ന്, ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ജനപ്രതിനിധി സഭയായ ലോക്‌സഭ പൗരത്വ (ഭേദഗതി) ബില്‍ പാസാക്കി. 311 പേര്‍ അനുകൂലമായും 80 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. ബില്‍ ഇനി രാജ്യസഭയുടെ പരിഗണനയില്‍ വരും. ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ബിജെപിക്ക് ബില്‍ അവിടെ പാസാക്കിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. രാജ്യസഭയില്‍ തനിച്ച് ഭൂരിപക്ഷമില്ലെങ്കിലും സോഷ്യലിസ്റ്റ് പാര്‍ട്ടിയായി കരുതപ്പെടുന്ന ജെഡി(യു), തമിഴ്‌നാട്ടിലെ എഐഎഡിഎംകെ, ഒഡീഷയിലെ ബിജെഡി, ആന്ധ്രയിലെ വൈഎസ്ആര്‍സിപി തുടങ്ങിയവയുടെ പിന്തുണയോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ബില്‍ പാസാക്കിയെടുക്കും. ബില്‍ പാസാക്കിക്കഴിഞ്ഞാല്‍ 2014 ഡിസംബര്‍ 31-ന് മുമ്പ് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തപ്പെട്ട ഹിന്ദു, സിക്ക്, ജൈന, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍, പാഴ്‌സി മതങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം ലഭിക്കും, ഈ രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ ന്യൂനപക്ഷമല്ലാത്തതിനാല്‍ അവര്‍ക്ക് ഇവിടേക്ക് പ്രവേനമില്ല എന്നും ബില്‍ അവതരിപ്പിച്ചു കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇതില്‍ തന്നെ, പുറത്തുള്ളവര്‍ക്ക് പ്രവേശിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി ആവശ്യമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറം എന്നീ സംസ്ഥാനങ്ങളും (ഇന്നലെ മണിപ്പൂരും ഇതില്‍ ഉള്‍പ്പെടുത്തി), ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ അനുസരിച്ച് പ്രത്യേക സ്വയംഭരണ കൗണ്‍സിലുകള്‍ ഉള്ള അസമിലേയും മേഘാലയിലേയും ത്രിപുരയിലേയും ഗോത്രഭരണ പ്രദേശങ്ങളും ഈ ഭേദഗതിയുടെ പരിധിയില്‍ വരില്ല.
വളരെ നിര്‍ദോഷകരമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാവുന്നതും ഇത് വളരെ ‘സിംപിള്‍ ബില്ലാ’ണെന്ന് അമിത് ഷാ പറയുകയും ചെയ്ത ബില്‍ പക്ഷേ, ഇന്ത്യയെ വീണ്ടുമൊരിക്കല്‍ കൂടി വിഭജിക്കാന്‍ പോന്നതാണ്. അതിനൊപ്പം, വിഭജനത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ എന്തായിത്തീര്‍ന്നോ ആ രീതിയില്‍ ഇന്ത്യയെ ഒരു ഹിന്ദു പാക്കിസ്ഥാനാക്കിത്തീര്‍ക്കാന്‍ പോന്നതും. ഇന്ത്യന്‍ ഭരണഘടനയേയും ഭരണഘടനയുടെ അന്ത:സത്തയേയും അതിനെ അടിസ്ഥാനമാക്കി നിലവില്‍ വന്ന ഇന്ത്യ ആശയത്തേയും പൂര്‍ണമായി ഇല്ലാതാക്കുന്നതു കൂടിയാണ് പൗരത്വ ഭേദഗതി ബില്‍. അതിനൊപ്പം, ഇന്ത്യ ഉണ്ടായത് ഹിന്ദു-മുസ്ലീം എന്ന, മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്നാണെന്ന അവാസ്തവമായ കാര്യങ്ങളും ചരിത്രമെന്ന നിലയില്‍ അമിത് ഷാ ഇന്നലെ പറഞ്ഞുവച്ചു.
“എന്തുകൊണ്ടാണ് ഈ ബില്‍ ഇപ്പോള്‍ കൊണ്ടുവരേണ്ടി വന്നത്? സ്വാതന്ത്ര്യത്തിന്റെ സമയത്ത്, മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഈ ബില്‍ ആവശ്യമായി വരില്ലായിരുന്നു. ആരാണ് ഇത് ചെയ്തത്? കോണ്‍ഗ്രസാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിച്ചത്. അതാണ് ചരിത്രം” എന്നാണ് അമിത് ഷാ ഇന്നലെ ലോക്‌സഭയില്‍ പ്രസംഗിച്ചത്. അതായത്, കോണ്‍ഗ്രസ് ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചു എന്നും അതുകൊണ്ടാണ് മുസ്ലീങ്ങള്‍ക്ക് വേണ്ടി പാക്കിസ്ഥാനും മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് വേണ്ടി ഇന്ത്യയും ഉണ്ടായത് എന്നാണ് അമിത് ഷാ പ്രസംഗിച്ചത്. രണ്ടും ശരിയല്ല.
രണ്ടു രാജ്യം എന്ന ആവശ്യം മുന്നോട്ടു വച്ചത്, പീന്നീട് പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായിത്തീര്‍ന്ന മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് അലി ജിന്നയാണ്. ഇതാണ് പിന്നീട് 1947-ല്‍ ഇന്ത്യയെ വിഭജിക്കുന്നതിലേക്ക് ബ്രിട്ടീഷുകാരെ നയിച്ചത്. കോണ്‍ഗ്രസ് ഒരു സമയത്തും ഇതിനെ അനുകൂലിച്ചിട്ടില്ല. മറിച്ച് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് മുസ്ലീങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക രാജ്യത്തില്‍ ജീവിക്കണോ എന്ന് അവര്‍ തീരുമാനിക്കണം എന്നാണ്. അതായത്, ജനാധിപത്യ മാര്‍ഗത്തിലൂടെ, പഞ്ചാബും ബംഗാളും സിന്ധും നോര്‍ത്ത് വെസ്റ്റ് ഫ്രോണ്ടിയര്‍ പ്രൊവിന്‍സും ഒക്കെ ഹിതപരിശോധന നടത്തി എവിടെ ചേരണമെന്ന് തീരുമാനിക്കണമെന്നാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കണമെന്ന ജിന്നയുടേയും ബ്രിട്ടീഷുകാരുടേയും നിര്‍ദേശത്തെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
എന്നാല്‍ ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ അനുകൂലിച്ചിരുന്നവര്‍ ആരാണ്?, ഇതിനെ കുറിച്ച് രാംമനോഹര്‍ ലോഹ്യ തന്റെ The Guilty Men of India’s Partition എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. അശോക യൂണിവേഴ്സിറ്റി അധ്യാപകനും ചരിത്രകാരനുമായ ശ്രീനാഥ് രാഘവന്‍ ലോഹ്യയെ ഇങ്ങനെ ഉദ്ധരിക്കുന്നു: ജിന്നയുടെ ആ അവശ്യത്തെ പിന്തുണച്ചത് ഹിന്ദു മഹാസഭയും പിന്നീട് ബിജെപിയായി മാറിയ ജനസംഘുമാണ്.
ചരിത്രകാരനായ രാമചന്ദ്രഗുഹ ഇങ്ങനെ രേഖപ്പെടുത്തുന്നു. “1943-ല്‍ സവര്‍ക്കര്‍ പറഞ്ഞു: ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തോട് എനിക്ക് യാതൊരു പ്രശ്‌നവുമില്ല. നമ്മള്‍ ഹിന്ദുക്കള്‍ അതായിത്തന്നെ ഒരു രാഷ്ട്രമാണ്. ചരിത്രപരമായി തന്നെ ഹിന്ദുക്കളും മുസ്ലീങ്ങളും രണ്ടു രാഷ്ട്രങ്ങളാണ്. സവര്‍ക്കറുടെ ആരാധകനായ ആഭ്യന്തരമന്ത്രിക്കും ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തോട് യാതൊരു പ്രശ്‌നവുമില്ല”.
ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും അഭയാര്‍ത്ഥികളാക്കപ്പെടുകയും ചെയ്ത വിഭജനത്തിനു ശേഷം പാക്കിസ്ഥാന്‍ ഒരു ഇസ്ലാം മതരാഷ്ട്രമായി മാറാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യ തീരുമാനിച്ചത് ഒരു ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയി മാറാനാണ്. അതായത്, ഇന്ത്യയെ പാക്കിസ്ഥാന്റെ മാതൃകയില്‍ ഒരു ഹിന്ദു രാഷ്ട്രമാക്കുന്നതിനു പകരം ഒരു ജനാധിപത്യ മതേതരത്വ റിപ്പബ്ലിക്കായി നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. മതേതരം (secular) എന്ന വാക്ക് അടിയന്തരാവസ്ഥക്കാലത്താണ് ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്തത് എങ്കിലും ഭരണഘടനയ്ക്ക് രൂപം നല്‍കുന്ന സമയത്ത് കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലിയില്‍ നടന്ന ദീര്‍ഘമായ ചര്‍ച്ചയില്‍ തീരുമാനിച്ചത് ഭരണഘടയുടെ എല്ലാ വശങ്ങളും മുന്നോട്ടു വയ്ക്കുന്നത് മതേതരമായ കാര്യങ്ങളാണെന്നും അതുകൊണ്ട് ‘മതേതരം’ എന്ന് പ്രത്യേകമായി എഴുതി വയ്‌ക്കേണ്ടതില്ലെന്നുമാണ്. ഭരണഘടനാ രൂപീകരണ കൗണ്‍സിലിന്റെ തലവനായ ഡോ. ബി.ആര്‍ അംബേദ്ക്കറും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
അതായത്, പാക്കിസ്ഥാന്‍ ഒരു മതരാഷ്ട്രമായി മാറാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യ അതിന് മുമ്പ് എങ്ങനെയായിരുന്നോ അതേ വിധത്തില്‍ ഒരു മതേതര രാജ്യമായി നിലനില്‍ക്കാനാണ് തീരുമാനിച്ചത്. അമിത് ഷാ പറയുന്നത് പോലെ, പാക്കിസ്ഥാന്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെങ്കില്‍ ഇന്ത്യ മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് വേണ്ടി ഉണ്ടാക്കിയതല്ല. മറിച്ച് ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും സിക്കും പാഴ്‌സിയും ജൈനനുമൊക്കെ ഒരുമിച്ച് ജീവിക്കുന്ന ഒരു സമൂഹമായി തന്നെ നിലനില്‍ക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. അതുകൊണ്ടു തന്നെ, അമിത് ഷാ എത്ര വട്ടം അവാസ്തവമായ കാര്യങ്ങളിലൂടെ ചരിത്രം തിരുത്തിയെഴുതാന്‍ തീരുമാനിച്ചാലും ഈ വസ്തുതകള്‍ മാറില്ല. മറിച്ച് അന്ന് ഇന്ത്യ സ്വീകരിച്ച സഹിഷ്ണുതയുടേയും ഉള്‍ക്കൊള്ളലിന്റേയും വിശാലമായ മാനവികതയുടേയും നാനാത്വത്തിലുള്ള അതിന്റെ അഭിമാനത്തേയും മുന്‍നിര്‍ത്തി ഉണ്ടാക്കിയ ഒരു രാജ്യത്തെ ഹിന്ദു രാഷ്ട്രമെന്ന ഹിന്ദുത്വയുടെ ആലയില്‍ കൊണ്ടുപോയി കെട്ടുകയാണ് ഈ ബില്ലിലൂടെ ബിജെപി ചെയ്തിരിക്കുന്നത്.
അമിത് ഷാ തുടരെ തുടരെ പറഞ്ഞതു പോലെ ഇതൊരു ‘സിംപിള്‍ ബില്ല’ല്ല. മുസ്ലീം മതരാഷ്ട്രങ്ങളായ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലുമുള്ള മുസ്ലീങ്ങളല്ലാത്തവര്‍ക്ക് അഭയം കൊടുക്കാനാണ് ബില്‍ എന്നാണ് തുടരെ അമിത് പ്രസംഗിക്കുന്നത്. അതായത്, വിജഭന സമയത്ത് ചെയ്ത് തെറ്റു തിരുത്താനാണ് ശ്രമിക്കുന്നത് എന്ന്. എന്നാല്‍ ഇന്ത്യന്‍ വിഭജനവും അഫ്ഗാനിസ്ഥാനുമായി എന്താണ് ബന്ധം? മതപീഡനത്തെ തുടര്‍ന്നാണ് അഭയം നല്‍കുന്നതെങ്കില്‍ അത് ഏതു മതം എന്ന് നിഷ്‌കര്‍ഷിക്കേണ്ട ആവശ്യമെന്താണ്? ഇന്ത്യക്ക് മൂന്ന് അയല്‍രാജ്യങ്ങള്‍ മാത്രമല്ല ഉള്ളത്. ഒമ്പത് അയല്‍ രാജ്യങ്ങളുണ്ട്. എന്തുകൊണ്ടാണ് മ്യാന്‍മാറില്‍ മതത്തിന്റെ പേരില്‍ പുറംതള്ളപ്പെട്ട റോഹിംഗ്യ മുസ്ലീങ്ങള്‍ ഇന്ത്യക്ക് അയിത്തമാകുന്നത്? എന്തുകൊണ്ടാണ് ശ്രീലങ്കയിലെ തമിഴ്‌വംശജര്‍ ഇവിടെ ഉള്‍പ്പെടാത്തത്? എന്തുകൊണ്ടാണ് ഒമ്പതിനു പകരം മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ അല്ലാത്തവരെ മാത്രം ഉള്‍പ്പെടുത്തിയത്? അതിന്റെ അടിസ്ഥാനം ഒന്നു മാത്രമാണ്- പ്രശ്‌നം മുസ്ലീങ്ങളോടു മാത്രമാണ്. അല്ലാതെ മറ്റു സമുദായക്കാരോടുള്ള സ്‌നേഹമോ സഹാനുഭൂതിയോ ഒന്നുമല്ല ബിജെപി സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്ക് പിന്നില്‍. ഇന്ത്യ മുഴുവന്‍ നടപ്പാക്കുന്ന ഒരു കാര്യത്തില്‍ എന്തുകൊണ്ടാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഒഴിവാക്കിയത്? അപ്പോള്‍ ലക്ഷ്യം രാഷ്ട്രീയവും കൂടിയാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ 14-ാം അനുചേ്ഛദത്തില്‍ ഇങ്ങനെ പറയുന്നു: “മതത്തിന്റെയോ വംശത്തിന്റെയോ ജാതിയുടേയോ ലിംഗത്തിന്റെയോ ജനിച്ച സ്ഥലത്തിന്റേയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാതെ, ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലുള്ള ഏതൊരാള്‍ക്കും നിയമത്തിനു മുന്നില്‍ തുല്യതയും നിയമം അനുശാസിക്കുന്ന തുല്യമായ പരിരക്ഷണവും നല്‍കണം”. അതായത്, മതത്തിന്റെ പേരില്‍ ഇന്ത്യന്‍ പൗരത്വം തീരുമാനിക്കുക എന്ന ഭരണഘടനാ വിരുദ്ധമായ ഒരു കാര്യത്തിന് മോദിയും അമിത് ഷായും തുടക്കം കുറിച്ചിരിക്കുന്നു. ഈ ബില്‍ ഇന്ത്യയിലെ മുസ്ലീങ്ങളെ ഒരുവിധത്തിലും ബാധിക്കില്ല എന്നാണ് ബിജെപി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയിലെ 20 കോടി മുസ്ലീങ്ങളെ, രാജ്യത്തെ ജനസംഖ്യയില്‍ രണ്ടാമതു നില്‍ക്കുന്ന സമുദായത്തെ ഈ വിധത്തില്‍ അരക്ഷിതരാക്കുന്നതിന്റെ ഉദ്ദേശമെന്താണ്? 19 ലക്ഷം മനുഷ്യരെയാണ് അസമില്‍ ദേശീയ പൗരത്വ രജിസ്റ്റ (NRC)റിന്റെ പേരില്‍ അഭയാര്‍ത്ഥികളാക്കിയിരിക്കുന്നത്. അതില്‍ അഞ്ചര ലക്ഷം പേര്‍ ഹിന്ദുക്കളാണ്. പൗരത്വ ഭേദഗതി ബില്‍ വരുന്നതോടെ ആ അഞ്ചര ലക്ഷം പേര്‍ പൗരന്മാരായി മാറും. ബാക്കിയുള്ള 14 ലക്ഷം പേര്‍ മുസ്ലീങ്ങളാണ്. അവരെയാണ് ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അടയ്ക്കുന്നത്. ദേശീയ തലത്തില്‍ തന്നെ എന്‍ആര്‍സി നടപ്പാക്കും എന്നാണ് അമിത് ഷാ ഇന്നലെയും പ്രസ്താവിച്ചത്. ഈ വിധത്തില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിന്റെ ആദ്യ പടിയായാണ് പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. അതായത്, ദേശീയ തലത്തില്‍ എന്‍ആര്‍സി നടപ്പാക്കി ഇവിടെ നിന്ന് മുസ്ലീങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് പുറത്താക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
ഇന്ന് എന്‍ആര്‍സി നടപ്പാക്കിയാല്‍ എത്ര പേര്‍ക്ക് തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ പറ്റും? എത്ര പേര്‍ക്ക് ദശകങ്ങള്‍ക്ക് മുമ്പ് തങ്ങളൂടെ പുര്‍വപിതാക്കന്മാര്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന് രേഖകളുണ്ട്? നാളെ മതത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല, ജാതിയുടെ അടിസ്ഥാനത്തിലുള്ള വിഭജനവും ഉണ്ടാകുമ്പോള്‍ ഇന്ന് കൈയടിക്കുന്നവര്‍ എന്തു ചെയ്യും? മതത്തിന്റെ, ജാതിയുടെ, നിറത്തിന്റെ, വംശത്തിന്റെ, കഴിക്കുന്ന ഭക്ഷണത്തിന്റെ, ഭാഷയുടെ ഒക്കെ പേരില്‍ ഓരോരുത്തരുടേയും പൗരത്വപരിശോധനയും ഇന്ത്യന്‍ പൗരന്‍ എന്നുള്ള ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്ക് നിബന്ധനയും വയ്ക്കാന്‍ പോകുന്നതിന്റെ ചുവടുവയ്പാണ് ഈ പൗരത്വ ഭേദഗതി ബില്‍. സ്വതന്ത്ര ഇന്ത്യയുടെ, ഈ ജനാധിപത്യ, സോഷ്യലിസ്റ്റ്, മതേതര റിപ്പബ്ലിക്കിന്റെ ആത്മാവിലാണ് മോദിയും അമിത് ഷായും ചേര്‍ന്ന് കത്തിവച്ചിരിക്കുന്നത്.
ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭവിച്ചാൽ വരാൻ പോകുന്ന ഇതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും.
Leave a Reply