ജോൺ കുറിഞ്ഞിരപ്പള്ളി

കുടക് മലകളിലെ തണുത്ത കാറ്റിൽ മരണത്തിൻ്റെ ഗന്ധം അലിഞ്ഞു ചേർന്നു.കറുത്തിരുണ്ട പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ മേമൻ്റെ രക്തം പുഴയായി ഒഴുകി.
പുഴയുടെ കുത്തൊഴുക്കിൽ എല്ലാവരുടേയും സമനില തെറ്റി.
ആദ്യത്തെ അമ്പരപ്പിൽ നിന്നും ഉണർന്നെഴുന്നേറ്റ് നായർ ബ്രൈറ്റിൻ്റെ നേർക്ക് പാഞ്ഞടുത്തു.
നായർ അലറി,”എടാ തന്തയില്ലാത്തവനെ,നീ എന്ത് തെണ്ടിത്തരമാണ് കാണിച്ചത്?”
ബ്രൈറ്റിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.നിർവ്വികാരമായിരുന്നു ആ മുഖം.
എന്നാൽ നിമിഷ നേരംകൊണ്ട് ,ജെയിംസ് ബ്രൈറ്റ് ഒന്നുമറിയാത്തതുപോലെ പൊട്ടിയ തിരയുടെ കാട്രിഡ്ജ്ജ് തൻ്റെ ഡബിൾ ബാരൽ തോക്കിൽ നിന്നും ഊരി എടുത്തു. ബാഗിൽ നിന്നും പുതിയ തിരയെടുത്തു് ഫയറിംഗ് സ്ലോട്ടിൽ തള്ളിവച്ചു.
അതിനു ശേഷം നായരെ നോക്കി ചിരിച്ചു,യുദ്ധം ജയിച്ച കേണലിൻ്റെ ചിരി.
അപ്പോൾ തലക്കു പിന്നിൽ വെടിയേറ്റ മേമൻ ഒന്ന് കരയാൻ പോലും സാധിക്കാതെ ആ ചിരിച്ച മുഖവുമായി പാറയുടെ മുകളിൽ നിന്നും താഴേക്ക് വീണു.
പാറക്കെട്ടിൽ തലയിടിച്ചു് താഴേക്ക് വരുന്ന ആ ശരീരത്തിൽ നിന്ന് തലയുടെ പിൻഭാഗം വെടിയേറ്റ് ചിതറി തെറിച്ചു പോയിരുന്നു. മാംസ കഷണങ്ങളും രക്തവും അടുത്തുള്ള വൃക്ഷങ്ങളുടെ ഇലകളിൽ വരെ തെറിച്ചു വീണിരുന്നു.അവിടെമെല്ലാം രക്തകളമായി മാറി.
താഴേക്ക് വീണ മേമൻ്റെ ശരീരം ഉരുണ്ട് ഉരുണ്ട് അഗാധമായ കൊല്ലിയിലേക്കു വീണു.
എവിടെ നിന്നോ ബൂ വിൻ്റെ ദയനീയമായ കരച്ചിൽ കേട്ടു.
ബ്രൈറ്റ് ചുറ്റും നോക്കി.
ബൂ വിനെ അവിടെ എങ്ങും കാണാനില്ല.വെടിയുടെ ശബ്ദം കേട്ട് ഭയപ്പെട്ട് എവിടെയെങ്കിലും ഒളിച്ചിട്ടുണ്ടാകും.
ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്ത ദുഷ്ടതയാണ് ബ്രൈറ്റിൽ നിന്നും ഉണ്ടായത്.യാതൊരു പ്രകോപനവുമില്ലാതെ ഒരു മനുഷ്യനെ വെടി വച്ച് കൊല്ലുക.
നിറ തോക്കുമായി നിസ്സംഗനായി നിൽക്കുന്ന ബ്രൈറ്റ് അപകടകാരിയാണ്,സൂക്ഷിക്കണം.നായർ തൻ്റെ പോക്കറ്റിൽ എപ്പോഴും സൂക്ഷിക്കാറുള്ള റിവോൾവർ ഞൊടിയിടയിൽ പുറത്തു് എടുത്തു് ബ്രൈറ്റിനു നേരെ ചൂണ്ടി.
നായർ അലറി, “തോക്ക് താഴെ ഇടടാ പട്ടി”.
ബ്രൈറ്റ് അത് കണ്ടതായി ഭാവിച്ചതേയില്ല.
തലശ്ശേരിയിലെ സമർത്ഥന്മാരായ കൊല്ലന്മാർ നിർമ്മിച്ചതാണ് നായരുടെ റിവോൾവർ.തലശ്ശേരിയിൽ പെർമിഷൻ ഇല്ലാതെ ഇത്തരം തോക്കുകൾ ആളുകൾ ഉപയോഗിച്ചിരുന്നു.ആകെയുള്ള പ്രശനം തിരകൾ കിട്ടാൻ വിഷമം ആയിരുന്നു എന്നതാണ്.
വിദേശത്തു് നിർമ്മിക്കുന്ന കോൾട്ടിൻ്റെ ഒരു തനി പകർപ്പ് ആയിരുന്നു അത് .
ജെയിംസ് ബ്രൈറ്റ് വെറുതെ ചിരിച്ചു.ചെകുത്താന്റെ ചിരി.
ബ്രൈറ്റ് ചിരിച്ചുകൊണ്ട് തന്നെ നായരെ നോക്കി തൻ്റെ ഡബിൾ ബാരൽ ഗൺ നായരുടെ നേർക്ക് ഉയർത്തി പിടിച്ചു.
“നെക്സ്റ്റ്, യു, മിസ്റ്റർ നായർ.എല്ലാം നിങ്ങൾ വരുത്തി വച്ചതാണ്.എവിടെ ഇപ്പോൾ നിങ്ങളുടെ മഹാനായ മേമൻ?”
“മിസ്റ്റർ ബ്രൈറ്റ്,മേമൻ,എന്ത് ചെയ്തു എന്നാണ് നിങ്ങൾ പറയുന്നത്?”എങ്ങിനെയെങ്കിലും ബ്രൈറ്റിൻ്റെ ശ്രദ്ധ തിരിക്കണം എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു ആ ചോദ്യം.
“എല്ലാം അവൻ തട്ടിയെടുത്തു,എനിക്ക് കിട്ടേണ്ടതെല്ലാം. നിങ്ങൾ കൊട്ടി ഘോഷിക്കുന്ന മേമൻ റൂട്ട് എൻ്റെ ബുദ്ധിയിൽ ഉദിച്ചതാണ്.ഇപ്പോൾ എല്ലാവർക്കും മേമൻ വലിയവൻ.ഞാൻ,ഒന്നുമല്ല.ജസ്റ്റ് നത്തിങ്”
അപ്പോൾ അതാണ് കാര്യം.തലശ്ശേരി മൈസൂർ റോഡിനും റെയിൽവെയ്ക്കും മേമൻ റൂട്ട് എന്ന് പറയുന്നത് ബ്രൈറ്റിന് ഇഷ്ടപ്പെടുന്നില്ല.അത് അത്ര വലിയ കാര്യമാണോ?
തൻ്റെ ജീവനും അപകടത്തിലാണ്,എന്ന് നായർ തിരിച്ചറിഞ്ഞു.ഈ ദുഷ്ടൻ എന്തും ചെയ്യും.
നായരുടെ വിരൽ റിവോൾവറിലെ ട്രിഗറിലേക്ക് നീങ്ങി.ജെയിംസ് ബ്രൈറ്റ്,തോക്ക് ശങ്കരൻ നായരുടെ നെഞ്ചിനു നേരെ പൊസിഷൻ ചെയ്‌തു വിളിച്ചു പറഞ്ഞു.
“ഗുഡ് ബൈ നായർ,സോറി ഗുഡ് ബൈ മിസ്റ്റർ നായർ.”
ബ്രൈറ്റിൻ്റെ നേരെ പുറകിലായിരുന്ന നാരായണൻ മേസ്ത്രി അപകടം തിരിച്ചറിഞ്ഞു.
ഞൊടിയിടകൊണ്ടു അരയിലെ ബെൽറ്റിൽ സൂക്ഷിച്ചിരുന്ന തൻ്റെ കഠാര കയ്യിലെടുത്തു് ബ്രൈറ്റിൻ്റെ നേരെ കുതിച്ചു.
മുഖത്തോടു മുഖം നോക്കി നിന്നിരുന്ന ജെയിംസ് ബ്രൈറ്റ് വീണ്ടും പറഞ്ഞു,”ഗുഡ്ബൈ മിസ്റ്റർ നായർ”.
ബ്രൈറ്റിൻ്റെ വിരലുകൾ ട്രിഗറിൽ അമർന്നു.അത് കണ്ട നായരുടെ റിവോൾവറിൽ നിന്നും വെടി പൊട്ടി.
പക്ഷെ വിധി നിശ്ചയം മറ്റൊന്ന് ആയിരുന്നു.
എവിടെ നിന്നോ ഒരു മിന്നൽ പോലെ പാഞ്ഞു വന്ന ബൂ ,മേമൻ്റെ നായ, എല്ലാവരുടെയും ടൈമിംഗ് തെറ്റിച്ചു.
അവൻ ബ്രൈറ്റിൻ്റെ കയ്യിലേക്ക് ചാടിക്കയറി.
അപ്രതീക്ഷിതമായ ആക്രമണത്തിൽ ജെയിംസ് ബ്രൈറ്റിൻ്റെ കയ്യിൽ നിന്നും തോക്ക് തെറിച്ചു വീണു.അത് താഴേക്ക് ഊർന്ന് ബ്രൈറ്റിന് കൈയെത്താൻ സാധ്യമല്ലാത്ത ദൂരത്തിലായി പോയി.
ബൂ വിൻ്റെ ആക്രമണത്തിൽ ജെയിംസ് ബ്രൈയ്റ്റ് താഴെ നിലത്തേക്ക് മറിഞ്ഞു വീണു.
നായരുടെ വെടി ഉന്നം തെറ്റി അടുത്തുള്ള മരത്തിൽ തറച്ചുകയറി.
നാരായണൻ മേസ്ത്രി ബ്രേക്ക് ഇട്ടതുപോലെ നിന്നുപോയി.
ഇങ്ങനെ ഒരു നീക്കം ബൂ വിൽ നിന്നും ഉണ്ടാകുമെന്നു ആരും പ്രതീക്ഷിച്ചില്ല.കൃത്യ സമയത്തെ അവൻ്റെ ആക്രമണം എല്ലാവരുടെയും കണക്ക് കൂട്ടൽ തെറ്റിച്ചു.
ബൂ ശരിക്കും മേമൻ്റെ ആത്മാവ് തന്നെ.
താഴേക്കുവീണ ബ്രൈറ്റിൻ്റെ കണ്ഠനാളം ബൂ കടിച്ചു മുറിച്ചു .ബ്രൈറ്റിന് ശ്വാസം മുട്ടി കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വന്നു.അയാളുടെ മുഖം മുഴുവൻ രക്തത്തിൽ കുളിച്ചു.
ഒരു കടുവയെപ്പോലെ ബൂ ബ്രൈറ്റിനെ കടിച്ചു കുടഞ്ഞു.
ശ്വാസം മുട്ടി ബ്രൈറ്റ് ഞരങ്ങി.
“ഹെൽപ് മി ..ഹെൽപ് മി ………….”,.
ജോലിക്കാരിൽ ഒരാൾ ബ്രൈറ്റിൻ്റെ അടുത്തേക്ക് പോകാൻ തുടങ്ങി.റിവോൾവർ ചൂണ്ടി നായർ അലറി,”ഡോണ്ട് മൂവ്.”
ശ്വാസം മുട്ടി ജീവനുവേണ്ടി പിടയുന്ന ബ്രൈറ്റിൻ്റെ കണ്ഠനാളം ബൂ കടിച്ചു പിടിച്ചിരിക്കുകയാണ്.മരണവെപ്രാളത്തിൽ അരയിലെ ബെൽറ്റിൽ നിന്നും കത്തിയെടുത്തു ബ്രൈറ്റ് ബൂ വിനെ പല തവണ കുത്തി.
കുത്തുകൊണ്ട് വയർ മുറിഞ്ഞു ബൂ വിൻ്റെ കുടൽ മാല പുറത്തുവന്നു.എങ്കിലും അവൻ ജെയിംസ് ബ്രൈറ്റിനെ കടിച്ചു കുടഞ്ഞു കൊണ്ടിരുന്നു.
ഒരു സിംഹം ഇരയെ കടിച്ചു വലിച്ചുകൊണ്ട് പോകുന്നതുപോലെ ബൂ മുൻപോട്ടു നീങ്ങി. അവൻ പോകുന്നത് പാറക്കൂട്ടങ്ങളുടെ അടിവശത്താക്കാണ്. അവൻ്റെ മേമൻ വീണുപോയ കൊല്ലിയുടെ അടുത്തേക്ക്.
മുറിവിൻ്റെ കടുപ്പം കൊണ്ട് ബൂ അടിതെറ്റി വീണു.ശരീരം മുഴുവൻ രക്തത്തിൽ കുളിച്ചു് ഒരു വല്ലാത്ത അവസ്ഥയായിരുന്നു അവൻറേത്.
എങ്കിലും അവൻ്റെ പിടിയിൽ നിന്നും ബ്രൈറ്റിന് രക്ഷപെടാൻ കഴിഞ്ഞില്ല.
ആ വീഴ്ചയിൽ ബ്രൈറ്റും ബൂ വും ഉരുണ്ട് ഉരുണ്ട് കൊല്ലിയുടെ വക്കത്തു എത്തി.
ഒരു കാട്ടു വള്ളിയിൽ പിടിച്ചെഴുന്നേൽക്കാൻ ഒരു വിഫല ശ്രമം നടത്തി നോക്കി ബ്രൈറ്റ്.
എന്നാൽ അത്രയും വലിപ്പവും ഭാരവും ഉള്ള ബൂ വിൻ്റെ ആക്രമണത്തെ ചെറുത്തു തോൽപ്പിക്കുവാൻ ബ്രൈറ്റിന് കഴിയുമായിരുന്നില്ല.ഒരിക്കൽപോലും ബൂ , ബ്രൈറ്റിൻ്റെ കണ്ഠനാളത്തിൽ നിന്നും പിടിവിടുകയും ചെയ്തില്ല.
ബുവും ബ്രൈറ്റും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണത്തിൽ അടി തെറ്റി അവർ ആ കൊല്ലിയിലേക്ക് വീണു.ഉരുണ്ടു പോകുന്ന വഴി രണ്ടു മൂന്നു സ്ഥലങ്ങളിൽ തടഞ്ഞു നിന്നെങ്കിലും രക്ഷപെടാൻ വയ്യാത്ത അത്ര അവശനായി കഴിഞ്ഞിരുന്നു ബ്രൈറ്റ് .
അല്ലെങ്കിലും ബൂ വിൻ്റെ പിടിയിൽ നിന്നും രക്ഷപെടാൻ കഴിയുമായിരുന്നില്ല.
മേമൻ്റെ രക്തം കൊണ്ട് കുതിർന്ന മണ്ണിൽ ജെയിംസ് ബ്രൈറ്റിൻ്റെ യും ബൂ വിൻ്റെ യും രക്തവും കൂടിച്ചേർന്ന് ഒഴുകി.രക്ത പുഴ വളർന്നു വലുതായികൊണ്ടിരുന്നു .
രക്തം കൊണ്ട് നനഞ്ഞ കരിയിലകൾ ഭയാനകമായ ചിത്രം പോലെ അവിടെ ചിതറി കിടന്നു.
ബ്രൈറ്റും ബൂ വും കൊല്ലിയുടെ അഗാധതയിൽ ഇരുട്ടിൻ്റെ കഷണങ്ങൾക്കു പിറകിൽ എവിടെയോ മറഞ്ഞു…
എല്ലാം കണ്ടു കൊണ്ട് നായരും മേസ്ത്രിയും കൂടെയുള്ളവരും നിന്നു.
ആർക്കും ജെയിംസ് ബ്രൈറ്റിനെ രക്ഷിക്കണമെന്നു തോന്നിയില്ല..
മരണം ഇരന്നു വാങ്ങുകയായിരുന്നു അയാൾ.
ഹൃദയം തകർന്നു നായർ കരഞ്ഞു.
നാരായണൻ മേസ്ത്രിക്കും സഹിക്കാൻ കഴിഞ്ഞില്ല.എന്ത് ചെയ്യണമെന്നറിയാതെ അവർ മരവിച്ചു നിന്നു.
നാരായണൻ മേസ്ത്രി കൊക്കയുടെ അരികിൽ ചെന്ന് താഴേക്ക് നോക്കി.പേടിപ്പിക്കുന്ന ഇരുട്ട് കൊണ്ടുമൂടിയ താഴ്വാരം കാണാൻ കഴിയില്ല.
ഒന്നും അറിഞ്ഞുകൂടാത്ത സാധു മേമനെ താൻ നിർബ്ബന്ധിച്ചു കൂട്ടികൊണ്ടു വന്നത് ഇതിനായിരുന്നോ?ശങ്കരൻ നായർ തന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു.
ഇരുട്ടിൻ്റെ പുതപ്പു കുടകുമലകളെ മൂടി തുടങ്ങുന്നു.കാറ്റിൻ്റെ നിലവിളി ഉച്ചത്തിലായി.
ഒന്നും സംഭവിക്കാത്തതുപോലെ ചീവുടുകൾ കരയുകയും മരത്തവളകൾ ആക്രോശിക്കുകയും ചെയ്തുകൊണ്ടിരുന്നു.കടവാവലുകൾ ചിറകിട്ടടിക്കുന്ന ശബ്ദം ഭയപ്പെടുത്തുന്നതായിരുന്നു.കുടക് മലകൾ രൗദ്രഭാവം പ്രകടിപ്പിച്ചു തുടങ്ങുകയാണ് .സന്ധ്യക്ക്‌ ചേക്കേറാൻ പറന്നു പോകുന്ന വേഴാമ്പലുകളുടെ ചിറകടി ശബ്ദം കേട്ട് നായർ ഉണർന്നു, ചുറ്റും നോക്കി.
മേമൻ കത്തിച്ചുവെച്ച ആ അഗ്നികുണ്ഡം അപ്പോഴും പാറമുകളിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു.
അവരുടെ രക്ഷക്കുവേണ്ടി അവൻ കത്തിച്ചു വച്ച അഗ്നികുണ്ഡം നിഛലമായി എല്ലാത്തിനും മൂക സാക്ഷിയായി ജ്വലിക്കുന്നു.
നിലത്തു കിടക്കുന്ന ഒരു കത്ത് അപ്പോഴാണ് നായരുടെ കണ്ണിൽ പെട്ടത്.ബൂ കടിച്ചുവലിച്ചപ്പോൾ ജെയിംസ് ബ്രൈറ്റിൻ്റെ പോക്കറ്റിൽ നിന്നും വീണുപോയതാണ് അത് എന്ന് നായർ തിരിച്ചറിഞ്ഞു.
കോൺഫിഡൻഷ്യൽ എന്ന് മാർക്ക് ചെയ്ത കത്ത്, ഓഫിസ് ബോയ് ഇന്നലെ ബ്രൈറ്റിനു കൊണ്ടുവന്ന് കൊടുക്കുന്നത് നായർ കണ്ടതാണ്.
കത്ത് തുറന്ന നായർ അമ്പരന്നു പോയി.
അത് ദാനിയേൽ വൈറ്റ് ഫീൽഡിന് മദ്രാസ്സിൽ നിന്ന് റസിഡന്റ് അയച്ച ഓഫിസ് ഓർഡറിൻ്റെ കോപ്പിയാണ്.
നായർ വായിച്ചു.
ജെയിംസ് ബ്രൈറ്റിനെ റെയ്ൽവേയുടെയും സർവ്വേ സംബന്ധമായ ജോലികളുടെയും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.ഉടൻ മദ്രാസ്സിൽ റെസിഡന്റിന് റിപ്പോർട്ട് ചെയ്യുക.അതോടൊപ്പം ദാനിയേൽ വൈറ്റ് ഫീൽഡിന് സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള മദ്രാസ് റെസിടെൻറിൻ്റെ ഓർഡർ കൂടി ആയിരുന്നു അത്.
അതായത് ബ്രൈറ്റിനെ ജോലിയിൽ നിന്നും നീക്കം ചെയ്തിരുന്നു.
ജെയിംസ് ബ്രൈറ്റിന് ഇങ്ങനെ ഒരു സർവ്വേ നടത്തുന്നതിനുള്ള അധികാരമില്ല എന്ന് വ്യക്തം.
വിധി എന്ന് അല്ലാതെ എന്ത് പറയാനാണ്.?
നായർക്ക് ഇട നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.
ഒരു ഭ്രാന്തൻ്റെ ഭ്രാന്തമായ ചിന്തകൾക്ക് ഒന്നും അറിഞ്ഞുകൂടാത്ത നിഷ്കളങ്കനായ മേമൻ ഇര ആയി.അവനെ വിളിച്ചു കൊണ്ടുവരാൻ തോന്നിയ നിമിഷത്തെ നായർ ശപിച്ചു.
സൂര്യൻ അസ്തമിച്ച തുടങ്ങുന്നു.ഇവിടെ നിന്നും തിരിച്ചു പോകണം.
നായർ ചുറ്റും നോക്കി.
മേമൻ വെടിയേറ്റ് വീണ സ്ഥലത്തു അവൻ്റെ രക്തം പറ്റിയ ഒരു വലിയ പാറ കല്ല് കിടക്കുന്നതു കണ്ടു.രണ്ടാൾ പിടിച്ചാൽ ഉയർത്താൻ പറ്റാത്ത അത്ര വലിപ്പമുണ്ട് അതിന്.
ആ പാറയുടെ പാളി നായർ ഒരാവേശത്തിൽ ഒറ്റക്ക് പൊക്കി എടുത്തു കൊണ്ടുവന്നു..
മേമൻ്റെ ശരീരം ഉരുണ്ട് കൊല്ലിയിലേക്കു വീണു പോയ ആ സ്ഥലത്തു ഒരു അടയാളമായി അത് കുത്തി നിർത്തി.
എന്തോ ഒരു ഉൾ പ്രേരണയാൽ നാരായണൻ മേസ്ത്രി സർവ്വേ ജോലികൾ ചെയ്യുമ്പോൾ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന വെളുത്ത പെയിൻറ് എടുത്തുകൊണ്ടുവന്നു.
ആ ശിലാഫലകത്തിൽ എഴുതി “മേമനെകൊല്ലി.”
നിലാവിൻ്റെ ചെറു കഷ്ണങ്ങൾ ഇടതൂർന്നു നിൽക്കുന്ന വൃക്ഷ തലപ്പുകൾക്കിടയിലൂടെ അവരുടെ അടുത്തെത്താൻ വിഫലമായി ശ്രമിച്ചുകൊണ്ടിരുന്നു.
അതെ ഇന്ന് പൗർണ്ണമിയാണ്.
കടലുകൾ ഇളകിമറിയുകയും ചിലർക്ക് ഭ്രാന്ത് ഇളകുകയും ചെയ്യുന്ന വിനാശത്തിൻ്റെ വിത്തുകൾ വിതക്കപ്പെടുന്ന ദിവസം.
നായർക്ക് ഒരു വല്ലാത്ത വിരസത അനുഭവപെട്ടു.
സർവ്വേ ഉപകരണങ്ങൾ അവിടെ ഉപേക്ഷിച്ചു. ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും ജോലിക്കാരും നടന്നു.
ആരും ഒന്നും മിണ്ടുന്നില്ല.
എല്ലാവരും നിശ്ശബ്ദരായി കഴിഞ്ഞ സംഭവങ്ങൾ ഓർമ്മയിൽ ആവർത്തിച്ചുകൊണ്ടിരുന്നു.
അവരുടെ പിറകിൽ ഇരുട്ടിൻ്റെ കരിമ്പടം പുതക്കാൻ കുടക് മലകൾ കൊതിച്ചു.
വൃക്ഷങ്ങളിൽ ഒളിഞ്ഞിരുന്ന മിന്നാമിനുങ്ങുകൾ മേമൻകൊല്ലിയിൽ പ്രകാശം വിതറാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഇപ്പോൾ വണ്ടി വലിക്കുന്ന കുതിരകളുടെ കുളമ്പടി ശബ്ദം മാത്രം ഉയർന്നു കേൾക്കാം.

(തുടരും)

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോൺ കുറിഞ്ഞിരപ്പള്ളി