അനീറ്റ സെബാസ്റ്റ്യൻ

പരസ്പര സ്നേഹത്തിന്റെ യും സാഹോദര്യത്തിന്റെയും കരുതലിന്റെയും പ്രതീകമായി പുതിയൊരു ക്രിസ്മസ് കൂടി എത്തുകയാണ്. പാപികളെയും ചുങ്കക്കാരെയും സ്നേഹത്തിന്റെ വെളിച്ചത്തിലേക്ക് ചേർത്ത ക്രിസ്തുവിന്റെ ജന്മദിനം ആയതിനാൽ തന്നെ ക്രിസ്തുമസ് വ്യക്തമായ ഒരു രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നുണ്ട്.അതു സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ രാഷ്ട്രീയമാണ്.

വചന പ്രഘോഷണ ങ്ങളിലും ഇടയ ലേഖനങ്ങളിലും പ്രതിപാദിക്കപ്പെടുന്ന സ്നേഹവും തുല്യതയും പ്രവൃത്തിയിലേക്കെത്തുമ്പോൾ ചോർന്നു പോവുന്നു. ഓർത്തോഡോക്സ് – യാക്കോബായ പ്രശ്നങ്ങളും സഭയിലെ വൈദികർ ഉൾപ്പെട്ട പ്രശ്നങ്ങളും സഭയുടെ പ്രതിച്ഛായക്കേറ്റ മങ്ങലായല്ല കാണേണ്ടത്. മറിച്ച് സഭ കെട്ടിപ്പടുത്തപ്പോൾ ഉണ്ടായ ആശയങ്ങളിൽ ഇന്നുണ്ടായ മൂല്യച്യുതി ആണ്.

ക്രിസ്തുവിന്റെ ജനനം എന്നത് അന്ന് നിലനിന്നിരുന്ന വ്യവസ്ഥകൾക്കെതിരെയുള്ള ഒരു ചുവടുവെപ്പായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്തുമസ് സൂചിപ്പിക്കുന്നത് മാറ്റത്തെയാണ്. വിശ്വാസത്തിന്റെ പേരിൽ വിശ്വാസികൾ പരസ്പരം കൊമ്പുകോർക്കുമ്പോൾ ഓർക്കേണ്ടതായി ഒന്നുണ്ട് . പല സഭയായാലും മതമായാലും വിശ്വാസമായാലും ഞങ്ങളെല്ലാം മനുഷ്യരാണ്. അതുപോലെതന്നെ അധികാരികളും നേതാക്കളും സൃഷ്ടിക്കുന്ന മുതലെടുപ്പിന്റെ രാഷ്ട്രീയവും കാണാതെ പോകരുത്. ദേവാലയത്തെ കച്ചവട സ്ഥലമാക്കിയവരെ ചിതറിച്ച ക്രിസ്തുവിന്റെ, അനുയായികൾ തന്നെ മതത്തെ അധികാരമായി കാണുമ്പോൾ കോർപ്പറേറ്റ് സ്ഥാപനമായി കാണുമ്പോൾ ക്രിസ്തുമസ് സന്ദേശം യഥാർത്ഥത്തിൽ ആളുകളിലേക്ക് എത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മതം വോട്ടുബാങ്ക് ആകുമ്പോൾ രാഷ്ട്രീയപാർട്ടി ആകുമ്പോൾ അതിന്റെ വിശുദ്ധി എത്രമാത്രം നഷ്ടമാകുന്നുണ്ട് എന്നത് ചിന്തനീയമാണ്.

മതം സാമൂഹിക നന്മ ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു സാമൂഹിക സ്ഥാപനമാണ്. കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമായില്ലെങ്കിൽ അവയ്ക്കുള്ള പ്രസക്തി ഇല്ലാതാവും. അതുകൊണ്ട് മാറ്റം ഇന്നുതന്നെ ഓരോരുത്തരിൽ നിന്നും ആരംഭിക്കാം. പൊതുനിരത്തിൽ ഇറങ്ങാൻ ഭയപ്പെടേണ്ടത്ത സ്ത്രീകളുടെ, മതത്തിന്റെ യും ജാതിയുടെയും പേരിൽ തമ്മിൽ തല്ലാത്ത ആളുകളുടെ, അഴിമതിരഹിതരായ രാഷ്ട്രീയക്കാരുടെ, പണമില്ലാത്തവനും പണമുള്ളവനും തമ്മിലുള്ള അന്തരം ഇല്ലാത്ത ഒരു പുതിയ ലോകം. ഇതുതന്നെയാണ് മാറ്റത്തിന്റെ ക്രിസ്തുമസ് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും.

 

അനിറ്റ സെബാസ്റ്റ്യൻ.

മൂന്നിലവാണ് സ്വദേശം. അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം. കോട്ടയം പ്രസ്സ് ക്ലബ്ബിൽ ജേർണലിസം വിദ്യാർത്ഥിനിയാണ്. കുഴികുത്തിയാനിയിൽ സെബാസ്റ്റ്യൻ ജെയിംസിന്റെയും റാണി സെബാസ്റ്റ്യന്റെയും മകൾ.സഹോദരങ്ങൾ അരുൺ,ജോർജ്‌കുട്ടി, ജോസ്‌കുട്ടി