ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഏപ്രിൽ 12 മുതൽ വലിയ ഒത്തുചേരലുകൾക്ക് വാതിൽപ്പുറ ഇടങ്ങളിൽ മാത്രമേ അനുവാദം ഉള്ളൂ. അതുകൊണ്ട് തന്നെ ഏകദേശം 7000ത്തോളം ദമ്പതികളാണ് വിവാഹം റദ്ദാക്കാൻ ഒരുങ്ങുന്നത്. അടുത്ത മാസം ലോക്ക്ഡൗൺ ഇളവുകൾ വരുന്നതോടെ വാതിൽപ്പുറ ഇടങ്ങളിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളടക്കം 15 പേർക്ക് വിവാഹങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അതേസമയം ആരാധനാലയങ്ങൾ, പൊതു കെട്ടിടങ്ങൾ, ഔട്ട്‌ഡോർ ഹോസ്പിറ്റാലിറ്റി ക്രമീകരണങ്ങൾ എന്നിവയിൽ മാത്രമേ ചടങ്ങുകളും സ്വീകരണങ്ങളും അനുവദിക്കുകയുള്ളൂവെന്ന് യുകെ വെഡ്ഡിംഗ്സ് ഇൻഡസ്ട്രി ബോഡി അറിയിച്ചു. ഈ ആശങ്ക നിലനിൽക്കുന്നതിനാൽ തന്നെ 7,000 വിവാഹങ്ങൾ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടിവരുമെന്ന് യുകെ വെഡ്ഡിംഗ്സ് പറയുന്നു.

“റോഡ് മാപ്പിലേക്ക് ഞാൻ വിരൽ ചൂണ്ടുന്നു. രണ്ടാം ഘട്ടത്തിൽ, വിവാഹങ്ങൾ, സ്വീകരണങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് 15 പേർ വരെ പങ്കെടുക്കാൻ കഴിയും.” പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഔട്ട്‌ഡോർ ഇടങ്ങളാണ് കൂടുതൽ സുരക്ഷിതമെന്നതിനാൽ അവിടെ വച്ചു മാത്രമേ വിവാഹം നടത്താവൂയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മാർച്ച് 29 മുതൽ ആറ് പേർക്ക് വരെ വിവാഹങ്ങളിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. മെയ്‌ മുതൽ ഇത് 30 ആയി ഉയരും. “വിവാഹങ്ങളും സ്വീകരണങ്ങളും ഏപ്രിൽ 12 ന് പുനരാരംഭിക്കുമെന്ന് റോഡ് മാപ്പ് സൂചിപ്പിച്ചു. എന്നാൽ ഇതിൽ വ്യക്തതക്കുറവുണ്ട്. ” യുകെ വെഡ്ഡിംഗ്സ് വക്താവ് സാറാ ഹേവുഡ് പറഞ്ഞു.

നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ ബോറിസ് ജോൺസൺ പ്രതിശ്രുത വധു കാരി സൈമണ്ടിനെ വിവാഹം ചെയ്യുമെന്ന് പറയപ്പെടുന്നു. എന്നാൽ അവർ ഒരു തീയതി വെളിപ്പെടുത്തിയിട്ടില്ല. കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞുവരുന്നുണ്ടെങ്കിലും പല മേഖലകളും ഇപ്പോഴും കനത്ത പ്രതിസന്ധി നേരിടുകയാണ്.