കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മരിച്ച മലയാളി യുവാക്കളുടെ മൃതദേഹങ്ങൾ ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ നടന്ന ദുരന്തം മലയാളി സമൂഹം ഞെട്ടലോടെയാണ് കേട്ടത്. ദുബായ് ഗ്രീൻസ് ഗാർഡൻസ് വില്ല 336ൽ താമസിക്കുന്ന തിരുവനന്തപുരം കവടിയാർ കേശവസദനത്തിൽ ആനന്ദ് കുമാർ (നന്ദു), രാജേശ്വരി(രാജി) ദമ്പതികളുടെ മകൻ ശരത് കുമാർ (21), ഗ്രീൻസ് ഗാർഡൻസിൽ തന്നെ താമസിക്കുന്ന തൊടുപുഴ ആനക്കൂട് സ്വദേശി കൃഷ്ണകുമാറിന്റെ മകൻ രോഹിത് കൃഷ്ണകുമാർ (19) എന്നിവരാണ് ഇന്നലെ അപകടത്തിൽ മരിച്ചത്.
ഇന്നലെ പുലർച്ചെ ഇരുവരുടെയും വീടിന് ഒരു കിലോമീറ്റർ സമീപത്താണ് അപകടമുണ്ടായത്. റോഡിന്റെ തിട്ടയിൽ ഇടിച്ച് ഉയർന്ന കാർ പതിനഞ്ച് മീറ്ററോളം അകലെയുള്ള മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇരുവരും മരിച്ചു. കാർ പൊളിച്ചാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. ശരത്താണ് കാർ ഓടിച്ചിരുന്നത്. ഇരുവരുടെയും കഴുത്തിന്റെ ഭാഗത്താണ് ആഴത്തിൽ ക്ഷതമുണ്ടായത്. കാർ അമിത വേഗത്തിലായിരുന്നെന്നാണു പൊലീസ് റിപ്പോർട്ട്.
ദുബായ് ഡിപിഎസ് സ്കൂളിലെ പഠന കാലം മുതൽ സുഹൃത്തുക്കളായ ഇരുവരും മരണത്തിലും ഒന്നിച്ചു. ശരത് അമേരിക്കയിലെ ബോസ്റ്റൺ യൂണിവഴ്സിറ്റിയിലും രോഹിത് യുകെയിലെ മാഞ്ചസ്റ്റർ യൂണിവഴ്സിറ്റിയിലും ഉന്നത വിദ്യാഭ്യാസം ചെയ്യുകയായിരുന്നു. ഇരുവരും അവധിക്ക് ദുബായിൽ എത്തിയതാണ്. സൃഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും കണ്ട ശേഷം എല്ലാവരും ഡിസ്കവറി ഗാർഡൻസിൽ നിന്ന് ആഹാരവും കഴിച്ചു. ഒരു സൃഹൃത്ത് സ്വന്തം കാറിൽ വീട്ടിലേക്ക് പോയതിനെ തുടർന്ന് മറ്റ് മൂന്നുപേരും കാറിൽ ഗാർഡൻസിലേക്കു പുറപ്പെടുകയായിരുന്നു. ഒരാളെക്കൂടി വീട്ടിൽ എത്തിച്ച ശേഷം രോഹിതിനെ വീട്ടിലാക്കാൻ പോകുമ്പോഴായിരുന്നു അപകടം. പുലർച്ചെ മൂന്നോടെയാണ് അപകടം ഉണ്ടായതെങ്കിലും വീട്ടുകാർ വിവരം അറിഞ്ഞത് രാവിലെ എട്ടിനു ശേഷമാണ്. മക്കൾ കൂട്ടുകാരന്റെ വീട്ടിൽ ഉറങ്ങുകയാകുമെന്നാണ് ഇരുവീട്ടുകാരും കരുതി.
ഇരു കൂട്ടുകാരും ഇന്ന് കേരളത്തിലേക്കു പോകാൻ ടിക്കറ്റും ബുക്കു ചെയ്തിരുന്നതാണ്. എന്നാൽ വീടുകൾക്ക് വെറും ഒരുകിലോ മീറ്റർ അകലെ വച്ച് ഇരുവരെയും മരണം കവർന്നു. പഠനത്തില്‍ സമർഥരായിരുന്ന ഇരുവരെയും കുറിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പറയാൻ നല്ലതു മാത്രം. വ്യവസായിയായ ആനന്ദ് കുമാറിന്റെ ഏക മകനാണ് ശരത്. കൃഷ്ണകുമാറിന്റെ രണ്ടു മക്കളിൽ ഇളയ ആളാണ് രോഹിത്. ഇന്ന് നാട്ടിലെത്തി നാളെ തന്റെ മകനൊപ്പം ശബരിമലയിൽ പോകാനിരിക്കുകയായിരുന്നെന്നും മരണവാർത്ത വിശ്വസിക്കാനായില്ലെന്നും തിരുവനന്തപുരം കെബിപിൽ ഉദ്യോഗസ്ഥനും ആനന്ദ്കുമാറിന്റെ ബന്ധുവുമായ സൂരജ് പറഞ്ഞു.
ഇന്നലെ രാത്രി തന്നെ ആനന്ദ് തിരുവനന്തപുരത്ത് നിന്ന് ദുബായിലെത്തി. ഇന്ന് വൈകിട്ട് നാലിന് എംബാമിങിന് ശേഷം ശരത്തിന്റെ മൃതദേഹം രാത്രി ഒൻപതിന് എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരത്തേക്കു കൊണ്ടുപോകും. രോഹിതിന്റെ മൃതദേഹം കൊച്ചിയിലേക്കും കൊണ്ടുപോകും. ശരത്തിന്റെ സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ എംബാമിങ് പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഗ്രീൻസിലെ വില്ലയിൽ രാജിക്കൊപ്പം താമസിക്കുന്ന രാജിയുടെ മാതാവിനെ ചെറുമകന്റെ മരണ വിവരം ഇന്നലെ അറിയിച്ചിരുന്നില്ല. ഇന്നു രാവിലെ അറിയിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് ബന്ധുക്കൾ. മുത്തശ്ശിയും ചെറുമകനും തമ്മിൽ നല്ല ആത്മബന്ധമായിരുന്നു.
Leave a Reply