ഇരുപത്തിയെട്ട് വർഷം പിന്നിട്ട പ്രൊഫഷണൽ ടെന്നീസ് രംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്. 2020 തന്റെ വിടവാങ്ങൽ വർഷമായിരിക്കുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. ആരാധകർക്ക് ക്രിസ്മസ് ആശംസകൾ പങ്കുവച്ചുകൊണ്ട് നടത്തിയ ട്വീറ്റിലാണ് പേസ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ട് പതിറ്റാണ്ടിന് അപ്പുറം ലോക ടെന്നീസ് രംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള 46 കാരനായ ലിയാണ്ടർ പേസ് ഏഴ് ഒളിമ്പിക്സുകളിൽ പങ്കെടുത്തിട്ടുള്ള ആദ്യത്തെ താരം കൂടിയാണ്.
1996 ലെ അറ്റ്ലാന്റ ഒളിമ്പിക്സിൽ സിംഗിൾസിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടിയ പേസ്, പുരുഷ ഡബിൾസിൽ 1999, 2001, 2009, 2006, 2009, 2013 എന്നീ വർഷങ്ങളിൽ യഥാക്രമം മൂന്ന് തവണ ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 2012 ൽ ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടവും 1999 ൽ വിംബിൾഡണും നേടി. മിക്സഡ് ഡബിൾസിൽ 2003, 2010, 2015 വർഷങ്ങളിൽ ഓസ്ട്രേലിയൻ ഓപ്പൺ, 2016 ൽ ഫ്രഞ്ച് ഓപ്പൺ, 1999, 2003, 2010, 2015 വർഷങ്ങളിൽ വിംബിൾഡൺ, 2008, 2015 വർഷങ്ങളിൽ യുഎസ് ഓപ്പൺ എന്നിവയും പേസിന്റ അക്കൗണ്ടിലുണ്ട്. ഇന്ത്യയുടെ മുന്‍ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ പേസ് 43 വിജയങ്ങളുമായി ഏറ്റവും കൂടുതല്‍ ഡേവിസ് കപ്പ് വിജയങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയെന്ന റെക്കോര്‍ഡ് കൂടി നേടിയിട്ടുമുണ്ട്. എടിപി ഡബിൾസ് റാങ്കിംഗ് പ്രകാരം നിലവിൽ ലോകത്ത് 105 ാം സ്ഥാനത്താണ് പേസ്.
“2020-ല്‍ തിരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളൂ. തന്റെ ടീമിനൊപ്പം യാത്ര ചെയ്യും. ലോകത്തെ തന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം 2020 ആഘോഷിക്കും”. വണ്‍ ലാസ്റ്റ് റോര്‍ എന്ന ടാഗില്‍ ഇക്കാലമത്രയുമുള്ള ഓര്‍മകള്‍ പങ്കുവെക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. തനിക്ക് പിന്തുണയായും പ്രചോദനവുമായി എക്കാലവും കൂടെ നിന്ന മാതാപിതാക്കള്‍ സഹോദരിമാര്‍ മകള്‍ അയാന എന്നിവര്‍ക്കും പേസ് കുറിപ്പിൽ നന്ദി അറിയിച്ചു.
നിലവിൽ മുംബൈ നിവാസിയായ ലിയാണ്ടർ പേസ്, 1973-ല്‍ പശ്ചിമ ബംഗാളിലാണ് ജനിക്കുന്നത്. മുന്ന് പതിറ്റാണ്ടിനോട് അടുക്കുന്ന കരിയറിനിടെ രാജ്യത്തിന്റെ നിരവധി ആദരങ്ങളും അദ്ദേഹത്തെ തേടിയെത്തിട്ടുണ്ട്. രാജീവ് ഗാന്ധി ഖേല്‍ രത്ന, അര്‍ജ്ജുന, പത്മശ്രീ, പത്മഭൂഷന്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Leave a Reply