കേരളത്തിൽ നിന്നുമുള്ള രണ്ടാമത്തെ ഗേ ദമ്പതികളായി നിവേദ് ആന്റണി ചുള്ളിക്കലും അബ്‌ദുൾ റഹീമും. കൊച്ചി സ്വദേശിയായ നിവേദും, ആലപ്പുഴ സ്വദേശിയായ അബ്‌ദുൾ റഹീമും ബംഗളുരു ചിന്നഹനപള്ളിയിൽ വച്ചാണ് വിവാഹിതരായത്. അഞ്ച് വർഷക്കാലമായി ഇവർ രണ്ടുപേരും പ്രണയത്തിലായിരുന്നു. നീല ഡിസൈനർ ഷെർവാണി ധരിച്ചുകൊണ്ടെത്തിയ ഇവരുടെ വിവാഹം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നടന്നത്. പാശ്ചാത്യ രീതിയിൽ നടന്ന വിവാഹത്തിൽ രണ്ടുപേരുടെയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM

പരസ്പരം മോതിരങ്ങൾ ധരിപ്പിച്ച ശേഷം നിവേദും ആന്റണിയും പരസ്പരം ചുംബിച്ചതോടെ ചടങ്ങുകൾ പൂർത്തിയായി. കേരളത്തിൽ നിന്നുമുള്ള ആദ്യ ഗേ ദമ്പതികളായ സോനുവിന്റെയും നികേഷിന്റെയും വിവാഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഇവരും വിവാഹം ചെയ്തത്. ബംഗളുരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ക്ലയന്റ് കൊ-ഓർഡിനേറ്റർ ആയാണ് നിവേദ് ജോലി ചെയ്യുന്നത്. റഹീമാകട്ടെ യു.എ.ഇയിൽ ടെലിഫോൺ എൻജിനീയറാണ്. തന്റെ വളർത്തുമകളും ട്രാൻസ്ജൻഡറുമായ നയനയാണ് വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോക്കിയതെന്ന് നിവേദ് പറയുന്നു.