കൃഷ്ണപ്രസാദ്.ആർ.
ലോകഭൂപടത്തിൽ ഭാരതത്തിന്റെ സ്ഥാനം മഹത്തരമാണ്.പൈതൃകവും, സംസ്കാരവും, കാര്യപ്രാപ്തിയും , സമസ്തമേഖലയിലുമുള്ള നൈപുണ്യവും നമ്മെ ലോകരാജ്യങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടേണ്ടതായ ഒരു ശക്തിയാക്കി മാറ്റികഴിഞ്ഞിരിക്കുന്നു. നൂറ്റാണ്ടുകൾക്കമുന്നേതന്നെ വെള്ളക്കാരുടെചോരക്കണ്ണുകൾ ഭാരതത്തിന്മേൽപതിച്ചതിൽനിന്നുതന്നെ മനസിലാക്കാം നമ്മുടെ മഹത്വം. എന്നാൽ ഇങ്ങനെയുള്ള, 133 കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന രാജ്യം എന്തുകൊണ്ടാണ് കായികഭൂപടത്തിൽ സ്ഥിരതയുള്ളയിരുപ്പിടം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത്.
ഒട്ടും ചെറുതല്ലകായിക മേഖലയിൽ ഭാരതത്തിന്റെ പൈതൃകം. ധ്യാൻചന്ദ്,മിൽഖ സിങ്, കപിൽ ദേവ്, സച്ചിൻ ടെണ്ടുൽക്കർ , പി.റ്റി ഉഷ, മേരി കോം,സുശീൽ കുമാർ, വിജേന്ദർ സിങ്, സുനിൽ ഛേത്രി തുടങ്ങി അനേകം പ്രതിഭകളെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയ നാടാണ് നമ്മുടേത് ഇവയൊക്കെത്തന്നെയും നമ്മുടെ തിളക്കമാർന്ന കായിക പാരമ്പര്യത്തിന്റെ ഉത്തമോദഹരണങ്ങളാണ്. എന്നിട്ടും നമുക്കെവിടെയാണ് കാലിടറുന്നത് ?, എവിടെയാണ് വീണുപോകുന്നത് ?തികച്ചും ഗൗരവപരമായി കാണേണ്ട വസ്തുതതന്നെയാണിത്.
കായികപരമായ കഴിവുകളെ ഒരു നേരമ്പോക്ക് എന്നതിലുപരി ഒരു ജീവിതമാർഗം എന്ന രീതിയിൽ കാണാൻ മടിയുള്ള ഒരു സമൂഹമാണ് നമ്മുടേത്. പഠിക്കുന്നകാലം കളിയും കൂടെ കൊണ്ടനടക്കും എന്നാൽ കളികൊണ്ട് അടുപ്പ് പുകയില്ല എന്ന യാഥാർഥ്യത്തിൽ എത്തുമ്പോൾ നിസ്സഹായരായി കളിയുപേക്ഷിക്കേണ്ട അവസ്ഥ. ഇത് നമ്മൾ അഭിമുഖീകരിക്കുന്ന ഒരു വലിയ യാഥാർഥ്യമാണ്. ഇതിൽനിന്നു വ്യത്യസ്തമായ അനുഭവങ്ങളുണ്ടാകുന്നവർ വളരെ ചുരുക്കമാണ്. സിംഹഭാഗവും പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങേണ്ടതായിവരുന്നു. ഇത് താരങ്ങളുടെ കുഴപ്പമല്ല അവർ ഒരു തരത്തിലും കുറ്റക്കാരുമല്ല. ജീവിത പ്രശ്നങ്ങൾ കാരണം ഇഷ്ടപ്പെട്ടതൊക്കെയും ഉപേക്ഷിക്കാൻ വിധിക്കപ്പെടുകയാണവർ. ഓരോ കയികമേളകളും കഴിഞ്ഞ് പൊളിഞ്ഞുവീഴാറായ വീടിനുമുന്നിൽ മെഡലുമായി നിൽക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ പതിവുകാഴ്ചകളാണ്. ഇങ്ങനെയുള്ള താരങ്ങൾ മറ്റുവഴികൾ സ്വീകരിക്കുന്നത് അവരുടെ അവസ്ഥകൊണ്ടുമാത്രമാണ്.എന്നാൽ ഇങ്ങനെയുള്ളവർ രാജ്യത്തിന്റെ സ്വത്തുക്കളാണെന്ന് കണ്ട് അവരെ ചേർത്തുപിടിക്കുകയാണ് വേണ്ടത്. കായികമേഖലയുടെ പൂർണ വളർച്ചയ്ക്ക് അവരെ സാമ്പത്തികമായും മാനസികമായും തയാറാക്കുകയാണുവേണ്ടത്. എല്ലാത്തിനുമുപരി സഹായം അത് ആർഹിക്കുന്നവരുടെ കൈകളിൽ തന്നെ എത്തുന്നുണ്ടോ എന്ന ഉറപ്പാക്കുകയുമാണ് വേണ്ടത്.
നമ്മുടെ രാജ്യത്തിന്റെ അവസ്ഥയെടുത്താൽ,ക്രിക്കറ്റ് ആണ് ഏറ്റവും ജനകീയമായ കായികയിനം. ക്രിക്കറ്റിനെ ഒരു മതമായിത്തന്നെ കൊണ്ടുപോകുന്ന ഒരു സമൂഹമാണ് നമ്മുടേത്. എന്നാൽ ഇത് ഒരുതരത്തിൽ മറ്റുകായികയിനങ്ങളുടെ വളർച്ചയിൽ ഒരു വിലങ്ങുതടിയായി മാറുന്നുണ്ട്. പണമൊഴുകുന്ന മേഖലയാണ് ഇന്ന് ക്രിക്കറ്റ് . അതിനോടൊപ്പം പരിശീലനത്തിനും ക്രിക്കറ്റ് വേരോട്ടം വർധിപ്പിക്കാനുമുള്ള സകല സാഹചര്യങ്ങളും വളർന്നു. താഴെത്തട്ടിൽ വരെ അതിന്റെ മാറ്റങ്ങൾ കണ്ടുതുടങ്ങി. ചുരുക്കത്തിൽ ക്രിക്കറ്റിൽ ഇന്ത്യയുടെ ഭാവി എല്ലാതരത്തിലും ഭദ്രമായികഴിഞ്ഞു.എന്നാൽ ഈ ഒരു ആവേശവും ആത്മാർഥതയും ബാക്കി കായികമേഖലയിലേക്കും വർധിപ്പിച്ചാൽ നമ്മൾക്കുണ്ടാകുന്ന മുന്നേറ്റം ഊഹാപോഹങ്ങൾക്കുമപ്പുറമായിരിക്കും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടുകൂടി ഫുട്ബോൾ മേഖലയിലുണ്ടായ മാറ്റം ഉദാഹരണമായി കാണാം. അനേകം താരങ്ങളുടെ വളർച്ചയ്ക്ക് കാരണമായി ഐ എസ് എല്ലിന്റെ വരവ്. അതോടൊപ്പം തന്നെ കാണികളുടെ പങ്കാളിതത്തിലും ദേശിയ ടീമിന്റെ വളർച്ചയിലും അത് നിർണായകമായി. ഫുട്ബോളിന്റെ രാജ്യത്തെ വളർച്ചേക്കുണ്ടായ അംഗീകാരമായി u-17 ലോകകപ്പിന് ഇന്ത്യ വേദിയായി. യൂറോപ്യൻ വമ്പന്മാർ ഇന്ത്യൻ ഫുട്ബോളിൽ പണം നിക്ഷേപിക്കാൻ തയാറായി. ഇന്ത്യയിൽ ഫുട്സാൽ ടൂർണമെന്റുകൾ ആരംഭിച്ചു. ഒരു കായികയിനത്തെ സാമ്പത്തികമായി പിൻതാങ്ങുകയും , ജനകീയവുമാക്കിയപ്പോളുമുണ്ടായ മാറ്റമാണിതെന്നു നാം ഓർക്കണം. അപ്പോൾ സമസ്ത കായികമേഖലയിലും ശ്രദ്ധ ചെലുത്താനായാലുണ്ടാകുന്ന മാറ്റം സ്വപ്നതുല്യമായിരിക്കമെന്നത് പകൽപോലെ വ്യക്തമാണ്.
യു.എസ്.എ, ചൈന,റഷ്യ തുടങ്ങിയ രാജ്യങ്ങൾ രാജ്യത്തിന്റെ പുരോഗതിക്കായി നടത്തുന്നപ്രവർത്തനകളിൽ ഒന്നായി തന്നെയാണ് കായിക മികവിനെയും കാണുന്നത്. ഒരു ഒളിമ്പിക്സ്കാലം കഴിഞ്ഞാൽ ഉടൻതന്നെ അടുത്ത ഒളിമ്പിക്സ് ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങളാരംഭിക്കും. ചിട്ടയോടെ മത്സരാർത്ഥികളെ എല്ലാ സഹായങ്ങളോടുംകൂടി പരിശീലനം നൽകി പൂർണസജ്ജരായിട്ടാണ് മത്സരത്തിനെത്തിക്കുന്നത്. ഇത് അവരുടെ പ്രകടനങ്ങളിലും അതുമൂലം രാജ്യത്തിനുണ്ടാകുന്ന അഭിമാനത്തിലൂടെയും വ്യക്തമാകുന്നുണ്ട്.
രാജ്യത്തിന്റെ പുരോഗത്തിയെന്നത് ചിലമേഖലകളിൽമാത്രം ഒതുങ്ങിനിൽകുന്നതല്ല മറിച്ച് സമസ്തമേഖലയിലും ഉണ്ടാവേണ്ടതാണെന്നബോധ്യമാണ് നമ്മളോരോരുതർക്കുമാവശ്യം.അതിലൊന്നുതന്നെയാണ് കായികമേഖലയും. എന്റെ മക്കളെ ഒരു കായികതരമാക്കണമെന്നുപറയാനുള്ള ധൈര്യം മാതാപിതാക്കൾക്ക് ഉണ്ടാക്കാൻ സാധിക്കണം എന്നതാക്കണം നമ്മുടെ ലക്ഷ്യം.
മയങ്ങികിടക്കുന്ന കായികഭീമനെ ഉണർത്തിയെടുക്കുകയെന്ന ശ്രമകരമായ ജോലിയാണ് നമുക്കുമുന്നിലുള്ളത്.അതിൽ വിജയിക്കുകയെന്നത് നമ്മുടെ ആവശ്യമായികാണുകയാണ് വേണ്ടത്.മറ്റുരാജ്യങ്ങൾ ചെയ്യുന്നതെന്തും അവരേക്കാൾ കാര്യക്ഷമതയോടുകൂടി ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ചുകഴിഞ്ഞവരാണ് നമ്മൾ,അതിനാൽതന്നെ ഇതും സാധിക്കുമെന്ന ഉറച്ചവിശ്വാസമാണ് ആവശ്യം. 2020എന്ന പുതിയ പതിറ്റാണ്ട് പിറക്കാനിരിക്കെ ഇതും നമ്മുടെ ലക്ഷ്യങ്ങളിലൊന്നാകുമെന്ന് പ്രതീക്ഷിക്കാം,അതിനുവേണ്ടി പ്രവർത്തിക്കാം.
കൃഷ്ണപ്രസാദ്.ആർ.
കൃഷ്ണഗീതം ,ചെട്ടികുളങ്ങര, ആലപ്പുഴ
മാതാ പിതാക്കൾ: രാജേന്ദ്രബാബു,പദ്മകുമാരി ജെ
MA ഇംഗ്ലീഷ് ബിരുദധാരി. ഇപ്പോൾ കോട്ടയം പ്രെസ്ക്ലബ് ജേർണലിസം വിദ്യാർത്ഥി
Leave a Reply