ന്യൂസ് ഡെസ്ക് മലയാളം യുകെ

ശൈത്യ കാലത്തിനു മുമ്പ് ടോപ് അപ്പ് ഡോസുകളുടെ വിതരണം വേഗത്തിലാക്കാൻ കോവിഡ് ബൂസ്റ്റർ വാക്സിനുകൾ ഇന്നുമുതൽ വോക്കിൻ ക്ലിനിക്കുകളിലും ലഭ്യമാകും. ബൂസ്റ്റർ വാക്സിന് യോഗ്യരായ രോഗികൾക്ക് തങ്ങളുടെ അപ്പൊയിൻമെന്റിനായി ഇനി കാത്തിരിക്കാതെതന്നെ പ്രതിരോധകുത്തിവെപ്പുകൾ സ്വീകരിക്കാൻ കഴിയും എന്ന് എൻഎച്ച്എസ് മേധാവികൾ പറഞ്ഞു. 50 വയസ്സിനു മുകളിലുള്ള രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിനുശേഷം 6 മാസങ്ങൾ കഴിഞ്ഞ എല്ലാവർക്കും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാം. എന്നാൽ നേരത്തെ ജിപിയുടെ അപ്പോയ്ൻമെന്റിനായി കാത്തിരിക്കേണ്ടിവരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.

ഇതിനൊരു പരിഹാരമായാണ് രാജ്യത്തുടനീളം ഇന്നുമുതൽ നൂറുകണക്കിന് വോക്കിൻ സൈറ്റുകൾ കൊണ്ടുവന്നിരിക്കുന്നത്. ഇതുവഴി സ്ലോട്ടുകൾ ഒന്നും തന്നെ റിസർവ് ചെയ്യാതെ ബൂസ്റ്റർ ജനങ്ങൾക്ക് വാക്സിനുകൾ സ്വീകരിക്കാനാവും. ജനങ്ങൾ തങ്ങളുടെ എൻഎച്ച്എസ് ഓൺലൈൻ വോക്കിൻ-ഇൻ ഫൈൻഡർ ഉപയോഗിച്ച് തങ്ങളുടെ ഏറ്റവും അടുത്തുള്ള വാക്സിൻ വിതരണ കേന്ദ്രം എവിടെയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ കണക്കുപ്രകാരം ഒരു വാക്സിൻ സൈറ്റിൽ നിന്ന് പത്തു മൈലുകൾകുള്ളിൽ തന്നെ മിക്കവാറും ജനങ്ങൾ താമസിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നീക്കം ബൂസ്റ്റർ വാക്സിനുകളുടെ വിതരണത്തെ വേഗത്തിലാക്കുമെന്നും ഇതുവഴി കൂടുതൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെ തടയാൻ സാധിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ ഏകദേശം ആറ് ദശലക്ഷം യോഗ്യരായ മുതിർന്നവർക്കാണ് മൂന്നാം ഡോസ് വാക്സിൻ ലഭിക്കാനുള്ളത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ തങ്ങളുടെ പ്രതിരോധശേഷിയെ കുറിച്ച് അമിത ആത്മവിശ്വാസം പുലർത്തരുതെന്ന് ഈ ആഴ്ച അവസാനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടു വാക്സിനുകൾ സ്വീകരിച്ചതുവഴി ലഭിക്കുന്ന പ്രതിരോധശേഷി കുറയുന്നത് ജനങ്ങൾ മനസ്സിലാക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻഎച്ച്എസ് ജീവനക്കാർ ജനങ്ങൾക്ക് അവരുടെ ടോപ് അപ്പ് വാക്സിനേഷൻ ലഭിക്കുന്നത് കഴിയുന്നത്ര എളുപ്പമാക്കുന്നുണ്ടെന്ന് എൻഎച്ച്എസ് വാക്സിനേഷൻ പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ലീഡർ ഡോ. നിക്കി കനാനി പറഞ്ഞു.

ഇന്നുമുതൽ ജനങ്ങൾക്ക് ഓൺലൈൻ വഴി അവരുടെ അടുത്തുള്ള സൈറ്റ് കണ്ടെത്തി ബൂസ്റ്റർ വാക്സിനേഷൻ സ്വീകരിക്കാൻ കഴിയും. ഇംഗ്ലണ്ടിൽ ഇതുവരെ 6.7 ദശലക്ഷം ജനങ്ങൾക്കാണ് ബൂസ്റ്റർ വാക്സിൻ ലഭിച്ചിട്ടുള്ളത്. ഇനിയും ഏകദേശം12.6 ദശലക്ഷത്തിലധികം യോഗ്യരായ ജനങ്ങൾക്ക് പ്രതിരോധകുത്തിവയ്പുകൾ ലഭിക്കേണ്ടതായുണ്ട്. ഗവൺമെൻറിൻറെ കോവിഡ് പ്ലാൻ-ബി അതായത് നിർബന്ധിത മാസ്ക് ധരിക്കുക, വാക്സിൻ പാസ്പോർട്ടുകൾ, വീട്ടിൽ ഇരുന്ന് ജോലി ചെയ്യുക എന്നിവ നിലവിലെ സാഹചര്യത്തിൽ കൊണ്ടുവരേണ്ടതിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരുകയാണ്. ഇന്നലെ 38,009 പേർക്ക് കൂടിയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നലെ 74 മരണങ്ങളാണ് ഉണ്ടായത്.

സ്കൂളുകളിലേക്ക് കുട്ടികളെ തിരിച്ചുകൊണ്ടുവരാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഉദ്യോഗസ്ഥർ. എന്നാൽ ഈ ശൈത്യകാലത്ത് കോവിഡിൻെറ മറ്റൊരു തരംഗം ഉണ്ടായേക്കാമെന്നും ഇത് തടയുന്നതിന് ബൂസ്റ്റർ വാക്സിനുകൾ പങ്ക് വളരെ വലുതാണെന്നും അവർ മുന്നറിയിപ്പ് നൽകി. കെയർ ഹോം അന്തേവാസികൾക്ക് ടോപ്പ്-അപ്പ് വാക്സിൻ ഡോസുകൾ നേരത്തെ സ്വീകരിക്കാൻ ഈ പുതിയ നീക്കം കൊണ്ട് കൊണ്ട് സാധിക്കും.