അനുജ.കെ
മെയിൻ റോഡിൽ നിന്നും ഇടവഴിയിലേക്കു കയറിയപ്പോൾ ഏറെ ആശ്വാസം തോന്നി. മഴയ്ക്കുള്ള ഒരുക്കമാണെന്നു തോന്നുന്നു. വെയിലിനു നല്ല ചൂട്. റബ്ബർ മരങ്ങൾക്കിടയിലൂടെയാണ് യാത്ര. ചെറിയ കാറ്റുമുണ്ട്. കാറ്റിൽ റബ്ബറിന്റെ ഇലകൾ കൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു. ഇളം ചുവപ്പു നിറത്തിലുള്ള ഇലകൾ പറന്നു വീഴുന്നത് കാണാൻ നല്ല ചന്തം തോന്നി. ഉച്ചതിരിഞ്ഞ സമയമാണ്. വഴിയിൽ ഞാൻ മാത്രമേയുള്ളൂ. ഇടയ്ക്കിടയ്ക്ക് ടക്, ടക് എന്നൊരു ശബ്ദം കേൾക്കുന്നു…… ആദ്യം ഒന്നു ഞെട്ടി. …….റബ്ബർക്കായ പൊട്ടിവീഴുന്ന ശബ്ദമാണ്. ഉള്ളിൽ നേർത്ത ഒരു ചിരിയുമായി മുന്നോട്ടു നടന്നു.
അകലെ ഒരു ചെറിയ വീടു കാണാൻ തുടങ്ങി…….. ദിനേശന്റെ വീടാണ്. ദിനേശനെ കണ്ടിട്ട് കുറെ നാളുകളായി. അന്വേഷിച്ചപ്പോളാണ് അയാൾ കിടപ്പിലാണെന്നറിയുന്നത്. വീട്ടിലെ ചെറിയ ജോലികൾക്കൊക്കെ ഒരു സഹായിയായിരുന്നു അയാൾ ….. നടന്നു നടന്നു അയാളുടെ വീടിന്റെ പടിക്കലെത്തിയിരിക്കുന്നു.
മുറ്റത്തു ദിനേശന്റെ അമ്മ നിൽക്കുന്നുണ്ട്.
“” എന്തുപറ്റി ദിനേശന് …….”. “” അവനു സുഖമില്ലാതായി മോളേ …………” ദു:ഖം കലർന്ന അമ്മയുടെ ശബ്ദം.
“”മോളുവാ……. അവനെ കാണാം ”. ഞാൻ വീടിനകത്തേയ്ക്കു കടന്നു.കട്ടിലിൽ കിടക്കുന്ന ആൾരൂപത്തെ ഒരു തവണ നോക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.
മഴമേഘങ്ങൾ ഇരുണ്ടു കൂടി വരുന്നത് ഒരു കൂറ്റൻമരത്തിന്റെ മുകളിലിരുന്നാണ് അവൻ കാണുന്നത്. മരത്തിന്റെ കമ്പുകൾ മുറിക്കുന്നതിനായി കേറിയതാണ്. കനത്ത മഴപെയ്യാൻ തുടങ്ങിയിരിക്കുന്നു….. ഇരുട്ടു വ്യാപിക്കുന്നു…. സഹായികളായി വരുന്നവരെല്ലാം ഒാടിപ്പോകുന്നത് മുകളിലിരുന്ന് കാണുന്നുണ്ട്. താഴേയ്ക്കിറങ്ങാനുള്ള ശ്രമത്തിൽ ചവിട്ടിയ കമ്പിനു ബലം കുറവായിരുന്നോ…….? അതോ ഉണങ്ങിയതായിരുന്നോ …….? താഴേയ്ക്കു വന്നപ്പോൾ ചവിട്ടിയ കമ്പുകൾക്കെല്ലാം ബലം ഇല്ലാതെ പോയി …… നിലത്തു വീണതോടെ ബോധം നഷ്ടപ്പെട്ടു. ബോധമില്ലാതെ മഴ നനഞ്ഞ് ഒരു രാത്രി ……. നേരം പുലർന്നപ്പോൾ ആരുടേയോ കൃപകൊണ്ട് ആശുപത്രിയിലേക്ക് …. രണ്ടു ദിവസം കഴിഞ്ഞാണ് ബോധം വീണത്. അപ്പോഴാണ് വീട്ടിലേക്ക് വിവരമെത്തുന്നത്. ഇത്രയും പറഞ്ഞ് അമ്മ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു. പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമത്തോടെ ഞാൻ വീടിന്റെ പടിയിറങ്ങി .
പണ്ട് ദിനേശൻ എനിക്കൊരു പേടി സ്വപ്നമായിരുന്നു.നാട്ടുകാരുടെ ഇടയിൽ ഒരു ലോക്കൽ കള്ളന്റെ പരിവേഷമായിരുന്നു അവന്. നാട്ടിലെ ചെറിയ ചെറിയ മോഷണങ്ങളുടെ ഉത്തരവാദി ……. തേങ്ങ, മാങ്ങ, റബ്ബർഷീറ്റ്……..ഇതൊക്കെയാണ് തൊണ്ടിമുതൽ. ഇങ്ങനെ ചെറിയ മോഷണങ്ങളും ജയിൽവാസവുമൊക്കെയായി നടക്കുന്ന സമയത്താണ് എന്റെ സ്ഥലത്ത് കാടുവെട്ടിത്തെളിക്കാനായി എത്തുന്നത്. ആളെ എനിക്കത്ര പരിചയമൊന്നുമില്ല……. “”പൊതിയൊക്കെയായാണോ വന്നേ” എന്റെ ചോദ്യത്തിനു ചെറിയ ഒരു പുഞ്ചിരിയായിരുന്നു മറുപടി. പക്ഷെ ആ ചോദ്യം അവനു വല്യ സന്തോഷമുണ്ടാക്കി എന്നെനിക്കു മനസ്സിലായി….. പിന്നീട് ഞാനെന്തു ജോലി പറഞ്ഞാലും ഒാടി വന്നു ചെയ്തു തരും. ആയിടയ്ക്കാണ് രാത്രികാലങ്ങളിൽ വീടിനു പുറത്ത് പട്ടികളുടെ വലിയ കുര. എന്നും രാത്രി ഒരുമണി സമയത്തോടെ കുര തുടങ്ങും. എനിക്കു രാത്രിയിൽ ഉറക്കമില്ലാതായി. ആകെ സങ്കടം……! ദിനേശൻ പതിവുപോലെ ഒരു ദിവസം ജോലിക്കു വന്നു. ലോക്കൽ കള്ളന്റെ മുഖംമൂടി ഒരു സംശയദൃഷ്ടിയോടെയാണ് ഞാൻ കണ്ടത്. എന്റെ ഇൻവെസ്റ്റിഗേഷൻ ബുദ്ധിയുണർന്നു. അവന്റെ കയ്യിൽ ചെറിയ ഒരു ഫോണുണ്ട്. ഞാൻ പതിയെ അടുത്തു ചെന്ന്
“”ഫോൺനമ്പർ തരുമോ?……”
എന്ന് ചോദിച്ചു. അങ്ങനെ ഫോൺനമ്പർ കിട്ടി!!. അന്നുരാത്രിയിൽ പട്ടികുര തുടങ്ങി. പുറത്ത് ചെറിയ കാൽ പെരുമാറ്റം. ഞാൻ ജനലിന്റെ അടുത്തുപോയി നിന്ന് എന്റെ ഫോണെടുത്ത് ദിനേശന്റെ നമ്പരിലേയ്ക്കു വിളിച്ചു. പുറത്ത് ഫോൺ ബെല്ലടിക്കുന്ന ശബ്ദം!! ഞാൻ സമാധാനത്തോടെ നെഞ്ചത്തു കൈവച്ചു. കള്ളൻ കപ്പലിൽ തന്നെ!! പിന്നീടൊരിക്കലും പട്ടികുര എന്റെ ഉറക്കത്തെ ശല്യപ്പെടുത്തിയിട്ടില്ല എന്നു പറയാം. പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലുമൊക്കെ കിടക്കുന്ന എന്റെ പരാതിക്ക് ഇന്നും ഒരു തുമ്പും കിട്ടിയിട്ടില്ല. ഇനി കിട്ടുകയുമില്ല….
ദിനേശന്റെ നട്ടെല്ലിനേറ്റ പരിക്കാണ് അവനെ കിടപ്പിലാക്കിയത്. ആ തീരാദു:ഖത്തിൽ നിന്നും മോചനമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിക്കഴിഞ്ഞു. ആ അമ്മയുടെ ദു:ഖത്തിന് ഒരറുതിയുമില്ലല്ലോ……
കറുത്തിരുണ്ട മേഘങ്ങൾക്കു ഘനമേറുകയാണ് ….. മഴത്തുള്ളികളെ വകഞ്ഞുമാറ്റി ഞാൻ എന്റെ നടത്തത്തിനു വേഗം കൂട്ടി.
അനുജ.കെ
ലക്ചറര്‍, സ്കൂള്‍ ടെക്നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്ട്രോ കോമ്പറ്റീഷന് ആന്റ് എക്സിബിഷനില്‍ എന്റെ ‘സണ്‍ഫ്ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .
ചിത്രീകരണം : അനുജ . കെ
Leave a Reply