ജിമ്മി ജോസഫ്

ഗ്ലാസ്ഗോ. സ്‌കോട്ടീഷ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ വിജയം കൈവരിച്ച യുകെയിലെ ആദ്യ മലയാളി എന്ന ഖ്യാതി നേടിയ ആൽബർട്ട് ആന്റണി വീണ്ടും ഇടിക്കളത്തിൽ നിറഞ്ഞാടി. സ്കോട്‌ലാൻഡിലെ പ്രമുഖ ബോക്സിംങ് ക്ലബ്ബ് ആയ ഡുറിസ് ബോക്സിംങ് ക്ലബ് ഗ്ലാസ്ഗോ സംഘടിപ്പിച്ച ബോക്സിംങ് ചാമ്പ്യൻഷിപ്പിൽ വീണ്ടും ചരിത്രം കുറിച്ച് ഗ്ലാസ്ഗോ മലയാളി ബോക്സിംങ്ങ് താരം ആൽബർട്ട് ആന്റണി.

ഗ്ലാസ്ഗോ കിംഗ്സ് പാർക്ക് ഹോട്ടലിൽ പ്രത്യേകം തയ്യാറാക്കിയ ബോക്സിംങ് റിംഗിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 28 ബോക്സിംങ്ങ് താരങ്ങൾ പങ്കെടുത്തു . 76 കിലോ വിഭാഗത്തിൽ എഡിൻബറോ റോയൽ അമേച്വർ ബോക്സിംങ്ങ് ക്ലബിന്റെ ജാക്ക് മറേ ആയിരുന്നു ആൽബർട്ട് ആന്റണിയുടെ എതിരാളി. മൂന്നു റൗണ്ടുകളിലും വ്യക്തമായ മുന്നേറ്റം നടത്തിയ ആൽബർട്ടിന്റെ കൈക്കരുത്തിനു മുൻപിൽ എഡിൻബറോ താരം അടിയറവു പറഞ്ഞു.

പൊതുവേ ശാന്തനും സൗമ്യനുമായ ആൽബർട്ട് ബോക്സിംങ്ങ് റിംങിലെത്തിയാൽ ആളാകെ മാറും തീപാറുന്ന ഊക്കൻ ഇടികൾ കൊണ്ടും ശക്തമായ പ്രതിരോധം തീർത്തും എതിരാളികളെ ചോരതുപ്പിയ്ക്കുന്ന ആൽബർട്ടിന്റെ ഓരോ മത്സരങ്ങളും കാണികൾക്കെന്നും വിസ്മയക്കാഴ്ചയാണ് സമ്മാനിക്കുന്നത്. ഇക്കുറിയും ആ പതിവ് തെറ്റിയില്ല. ബോക്സിംങ് പ്രേമികളെ കോൾമയിൽ കൊള്ളിക്കുന്ന ഇടിക്കൂട്ടിലെ സംഹാര താണ്ഡവമായി മാറി ഇത്തവണയും. ചാട്ടൂളി പോലെയുള്ള അറ്റാക്കുകളും വിസ്മയകരമായ ഡിഫെൻസിംഗും ഇടിമിന്നൽ പിണർ പോലെയുള്ള കൗണ്ടർ അറ്റാക്കുകളും നിറഞ്ഞു നിന്ന 3 റൗണ്ട് മത്സരം അക്ഷരാർത്ഥത്തിൽ ആവേശപ്പെരുമഴയുടെ അലകടലിൽ ഇടിമിന്നൽ പിണരായി പെയ്തിറങ്ങുകയായിരുന്നു.

ഗ്ലാസ്‌ഗോ കാമ്പസ് ലാംഗിലെ മലയാളി സമൂഹത്തിന്റെ എല്ലാമെല്ലാമായ തൃശൂർ ചാലക്കുടി സ്വദേശി പുതിയിടത്ത് ആന്റണിയുടെയും സിനു ആന്റണിയുടെയും രണ്ട് മക്കളില്‍ മൂത്തമകനായ ആല്‍ബര്‍ട്ടാണ് ബോക്‌സിംഗ് രംഗത്ത് പുതുചരിത്രമെഴുതി മുന്നേറുന്നത്. ഗ്ലാസ്‌ഗോയിലെ സ്ട്രാത്ത് ക്ലെയിഡ് യൂണിവേഴ്‌സിറ്റിയില്‍ അക്കൗണ്ടന്‍സിയില്‍ ബിരുദത്തിന് പഠിക്കുകയാണ് ആല്‍ബര്‍ട്ട് ആന്റണി. കൂടാതെ റോയൽ ബാങ്ക് ഓഫ് സ്കോട് ലാൻഡിൽ പാർട്ട് ടൈം ജോലിയുമുണ്ട്. 81കി. ഗ്രാംവിഭാഗത്തില്‍ നിലവിലെ സ്‌കോട്ടിഷ് ചാംമ്പ്യൻ കൂടിയാണ് ആൽബർട്ട്.

ഇന്നേവരെ ഒരു മലയാളിയും മുതിരാത്ത ഈ രംഗത്ത് ആല്‍ബര്‍ട്ടിന് പ്രചോദനമേകി മാതാപിതാക്കളും സഹോദരി അലീനയും എപ്പോഴും ആല്‍ബര്‍ട്ടിനോടൊപ്പമുണ്ട്. കൂടാതെ ആല്‍ബര്‍ട്ടിന് സർവ്വ പിന്തുണയുമായി സ്കോട്‌ലാൻഡിലെ പ്രമുഖ മലയാളി സംഘടനയായ കലാകേരളം ഗ്‌ളാസ്‌ഗോയും.

ചെറുപ്പം മുതലെ ബാസ്‌കറ്റ് ബോളിലും കരേട്ടയിലുമായിരുന്നു ആല്‍ബര്‍ട്ടിനു താല്പര്യം. അപ്രതീക്ഷിതമായി കൂട്ടുകാരില്‍ നിന്നു കിട്ടിയ പ്രചോദനത്താല്‍ ബോക്‌സിംഗ് രംഗത്ത് എത്തിയ ആല്‍ബര്‍ട്ടിന് വ്യക്തമായ പരിശീലന മുറകള്‍, ദിനചര്യകളില്‍ വരുത്തിയ മാറ്റങ്ങള്‍, ശത്രുക്കളുടെ നീക്കങ്ങളെ നേരത്തെ തിരിച്ചറിയാനുള്ള മൂന്നാം കണ്ണ് ഇതൊക്കെയാണ് ആല്‍ബര്‍ട്ടിന്റെ വിജയത്തിനാധാരം. അല്പം പ്രതിരോധത്തിലേക്ക് എന്ന തോന്നല്‍ എതിരാളിക്ക് നല്‍കി തൊട്ടടുത്ത നിമിഷം കടന്നാക്രമിച്ച് ഇടിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ക്കുന്ന രീതിയാണ് ആല്‍ബര്‍ട്ടിന്.

അത്യധികം അപകടം പിടിച്ച മേഖലയില്‍ ആല്‍ബര്‍ട്ടിനെ പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ട് എന്ന മലയാളം യുകെ യുടെ ചോദ്യത്തോട് ആല്‍ബര്‍ട്ടിന്റെ പിതാവ് പ്രതികരിച്ചത് ഇങ്ങനെ.
കുട്ടികളുടെ താല്പര്യമാണ് പ്രധാനം. അപകടം നിറഞ്ഞതാണെങ്കിലും അത് ശരിയായ ദിശയിലാണ് പോകുന്നതെങ്കില്‍ നമ്മള്‍ മാതാപിതാക്കന്മാര്‍ അതിനെ പ്രോത്സാഹിപ്പിക്കണം. എങ്കിലേ നമ്മുടെ മക്കള്‍ വിജയത്തിലെത്തുകയുള്ളൂ. ആധുനിക കാലഘട്ടത്തില്‍ പുതുതലമുറയേ പിറകോട്ടു കൊണ്ടു പോകുന്ന അറിവേ നമുക്കുള്ളൂ എന്ന് എന്റെ പ്രായത്തിലുള്ള എല്ലാ മാതാപിതാക്കളും ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒരു സത്യം തുറന്നു പറഞ്ഞു എന്നു മാത്രം. ഇനിപ്പറയട്ടെ. മക്കള്‍ അപകട മേഘലയില്‍ പ്രവര്‍ത്തിക്കുന്നത് കാണാന്‍ ഒരു മാതാപിതാക്കളും തയ്യാറാകില്ല. ഞാനും അതില്‍പ്പെട്ടയാളാണ്. മകന്റെ ഇഷ്ടത്തോട് ചേര്‍ന്നു നില്ക്കുന്നു എന്ന് മാത്രം. എന്റെ അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ ശരിയും തെറ്റും ഞാന്‍ പറഞ്ഞു കൊടുത്തു. തിരിച്ചറിവ് ഉണ്ടാകേണ്ടത് അവര്‍ക്കാണ്. വിജയിച്ച് തിരിച്ച് വരും എന്ന് അവര്‍ക്ക് ആത്മവിശ്വാസവും ഉറപ്പുമുണ്ടെങ്കില്‍ നമ്മള്‍ മാതാപിതാക്കള്‍ എന്തിന് അവര്‍ക്ക് കീറാമുട്ടിയായി നിലകൊള്ളണം?? അവന്‍ അത് തെളിയിച്ചു. ഡോ. എ പി ജെ അബ്ദുള്‍ കലാം ഒരിക്കല്‍ പറഞ്ഞു. കുട്ടികളുടെ ആത്മവിശ്വാസത്തില്‍ എനിക്ക് സംതൃപ്തിയാണുള്ളത്. ഞാനും അങ്ങനെ ചിന്തിക്കുന്ന ഒരു പിതാവാണ്. ദൈവീക ചിന്തകളുള്ള ഒരു പിതാവിന്റെ ആത്മവിശ്വാസമാണ് ഞങ്ങള്‍ മലയാളം യുകെ കണ്ടത്.

യുകെയിലെ ബോക്‌സിംഗ് രംഗത്ത് ഒരു പാട് പ്രതീക്ഷകളുള്ള താരമാകാന്‍ ആല്‍ബര്‍ട്ടിന് സാധിക്കും എന്നതില്‍ സംശയമില്ല. ആഗോള മലയാളികള്‍ക്ക് അഭിമാനമാണ് ആല്‍ബര്‍ട്ടിന്റെ പ്രകടനം. തീപാറുന്ന പോരാട്ടവീര്യവുമായി ബോക്സിംങ് രംഗത്തെ അതുല്യ പ്രതിഭയായി വിളങ്ങാനുള്ള എല്ലാ ഭാവുകങ്ങളും ആൽബർട്ടിന് ആശംസിക്കുന്നു. അഭിനന്ദനങ്ങൾ.