സ്പാനിഷ് ചാമ്പ്യൻമാരും ലോകത്തെ എണ്ണം പറഞ്ഞ ക്ലബുകളിലൊന്നുമായ ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി എത്തിയതിന്റെ ആശ്ചര്യം മറച്ചുവയ്ക്കാതെ ക്വികെ സെറ്റിയെൻ. ബാഴ്സയുടെ പരിശീലകനാകുക എന്നത് തന്റെ വന്യമായ സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ലെന്ന് സെറ്റിയെൻ പറഞ്ഞു.
ഇന്നലെ വരെ പശുക്കളുമായി തന്റെ പട്ടണത്തിൽ ചുറ്റിത്തിരിയുകയായിരുന്ന താൻ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ കൈകാര്യം ചെയ്യുന്ന ബാഴ്സലോണയിലാണ്- സെറ്റിയൻ ആശ്ചര്യം മറച്ചുവയ്ക്കുന്നില്ല. എല്ലാത്തിലും വിജയിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാത്തിലും വിജയിക്കുക എന്നതാണ് തന്റെ ലക്ഷ്യം. വിജയിക്കാൻ കഴിയുന്നതെല്ലാം, ക്ലബിന് മറ്റൊരു വഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നല്ല ഫുട്ബോൾ കളിക്കുന്നതാണ് വിജയത്തിനുള്ള ഏറ്റവും നല്ല മാർഗമെന്നാണ് താൻ കരുതുന്നത്. ഒരു ദിവസത്തേയ്ക്കു മാത്രമല്ല, ഇത് തുടരുന്നതിനെക്കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏണസ്റ്റോ വാൽവെർദയെ പുറത്താക്കിയാണ് ബാഴ്സ സെറ്റിയനെ ചുമതലയേൽപ്പിച്ചത്. സൂപ്പർ കപ്പ് സെമി ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് പരാജ യപ്പെട്ടതിനു പിന്നാലെയാണ് വാൽവെർദയുടെ തല ഉരുണ്ടത്. റയൽ ബെറ്റിസിന്റെ മുൻ പരിശീലകനാണ് അറുപത്തിയൊന്നുകാരൻ ക്വികെ സെറ്റിയെൻ. 2022 വരെയാണ് കരാർ. സ്പാനിഷ് മുൻ കളിക്കാരനുമാണ് സെറ്റിയെൻ.
2017 മേയിലാണ് ലൂയി എന്റിക്വെയുടെ പകരക്കാരനായി അമ്പത്തഞ്ചുകാരനായ വാൽവെർദ ബാഴ്സ പരിശീലകനായത്. രണ്ട് ലാ ലീഗ കിരീടങ്ങളും ഒരു കോപ്പ ഡെൽറേയും ഒരു സൂപ്പർ കപ്പും ബാഴ്സ വാൽവെർദയുടെ കീഴിൽ നേടി. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമിയിൽ ആദ്യ പാദത്തിൽ 3-0നു ജയിച്ചശേഷം രണ്ടാം പാദത്തിൽ ലിവർപൂളിനോട് 4-0നു പരാജയപ്പെട്ട് പുറത്തായതോടെ വാൽവെർദയുടെ മേൽ സമ്മർദമേറിയിരുന്നു.
Leave a Reply