രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇന്നുമുതല്‍ ഫാസ്ടാഗ് സംവിധാനം നിര്‍ബന്ധമാക്കി. സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും ആവശ്യപ്രകാരം പലവട്ടം മാറ്റിവെച്ചശേഷമാണ് ഫാസ് ടാഗ് സംവിധാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ടോള്‍ പ്ലാസകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഫാസ് ടാഗ് സംവിധാനം നിര്‍ബന്ധമാക്കുന്നത് ജനുവരി 15 വരെ നീട്ടിവെക്കാന്‍ കാരണമായി.
ഫാസ് ടാഗ് സംവിധാനം നടപ്പിലായെങ്കിലും ഭൂരിഭാഗം വാഹനങ്ങളിലും ഫാസ് ടാഗ് ഇല്ലാത്തത് വാളയാർ ടോൾപ്ലാസയിൽ ഗതാഗത കുരുക്കിന് കാരണമായി.കോയമ്പത്തൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളെ കടത്തിവിടുന്ന വശത്താണ് കൂടുതൽ തിരക്ക് നേരിട്ടത്. കോയമ്പത്തൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളെ കടത്തിവിടുന്ന വശത്താണ് കൂടുതൽ തിരക്ക് നേരിട്ടത്.
വാളയാറിൽ ഒരു വശത്തേക്ക് അഞ്ചു ട്രാക്കുകളാണ് ഉള്ളത്. ഇതിൽ ഒരു ട്രാക്ക് ഒഴികെ മറ്റ് നാലു ട്രാക്കുകളും ഫാസ് ടാഗ് ഉള്ള വാഹനങ്ങളെ കടത്തി വിടാനാണ്. എന്നാൽ തിരക്ക് മൂലം ക്യാഷ് ലൈൻ ട്രാക്കുകളുടെ എണ്ണം കൂട്ടേണ്ടി വന്നു.
ഇന്നു മുതല്‍ ഒരു ട്രാക്ക് ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനം നടപ്പാക്കും. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഈ ഒറ്റവരിയില്‍ പോകേണ്ടി വരും. ഗൂഗിള്‍ പേ, പേടിഎം എന്നി ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനങ്ങള്‍ക്ക് പുറമേ ഭീം ആപ്പ് വഴിയും ഫാസ്ടാഗ് റീച്ചാര്‍ജ് ചെയ്യാം.
പാലിയേക്കര ടോള്‍ പ്ലാസയില്‍ ഒരു ഗേറ്റ് മാത്രമായിരിക്കും ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് തുറന്നു കൊടുക്കുക. മറ്റ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക നല്‍കേണ്ടി വരും. ഇരുവശത്തേക്കുമുളള യാത്രക്ക് ഫാസ്ടാഗ് ഉള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇവര്‍ 210 രൂപ നല്‍കേണ്ടിവരും.ഇതില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
പാലിയേക്കര ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുളള 43000ത്തില്‍ 12000 വാഹനങ്ങള്‍ക്ക് മാത്രമെ സൗജന്യ ഫാസ്ടാഗ് അനുവദിച്ചിട്ടുളളൂ. തദ്ദേശവാസികളുടെ സൗജന്യപാസ് നിര്‍ത്തലാക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് ടോള്‍ കമ്പനി അധികൃതര്‍ പറയുന്നത്.
സര്‍ക്കാറില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് ടോള്‍ വിരുദ്ധമുന്നണിയുടെ തീരുമാനം. ടോള്‍ പ്ലാസകളില്‍ ഒരു ഗേറ്റ് മാത്രം തുറന്നു കൊടുക്കുമ്പോള്‍ വലിയ തിരക്ക് അനുഭവപ്പെടാനുളള സാധ്യതയുണ്ട്. ഇത് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന ആശങ്കയും സജീവമാണ്. ഫാസ്ടാഗ് കര്‍ശനമായി നടപ്പാക്കാന്‍ ദേശീയപാത അധികൃതര്‍ ടോള്‍ പ്ലാസകള്‍ക്ക് നോട്ടീസ് അയച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ഫാസ്ടാഗിന്റെ കാര്യത്തില്‍ ഇനി ഇളവ് പ്രഖ്യാപിക്കാനും സാധ്യത കുറവാണ്.
Leave a Reply