ആമസോൺ സിഇ ഒ ജെഫ് ബെസോസിൻ്റെ ഫോൺ സൗദി കിരീടാവകാശി ചോർത്തി. മുഹമ്മദ് ബിൻ സൽമാൻ അയച്ച വാട്സ് ആപ് സന്ദേശത്തിന് പിന്നാലെ ജെഫ് ബെസോസിൻ്റെ ഫോണിൽനിന്നുള്ള നിരവധി വിവരങ്ങൾ ചോർത്തപ്പെട്ടതായി ഫോറൻസിക്ക് പരിശോധനയിൽ കണ്ടെത്തി. ദി ഗാർഡിയൻ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദി കിരീടാവകാശിയെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
മുഹമ്മദ് ബിൻ സൽമാൻ ഉപയോഗിച്ച നമ്പറിൽ നിന്നുള്ള വാട്സ് ആപ് സന്ദേശത്തിലൂടെ ബെസോസിന്റെ ഫോണിലേക്ക് ഒരു ചാര ഫയൽ നുഴഞ്ഞു കയറിയെന്ന് പരിശോധന ഫലങ്ങൾ സൂചിപ്പിക്കുന്നതായി ഗാർഡിയൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഒരു വീഡിയോ ഫയലാണ് സല്‍മാന്‍ ബെസോസിന് അയച്ചത്. സംഭവം നടന്ന 2018 മെയ് 1-ന് ഇരുവരും സാധാരണപോലെ സൗഹൃദപരമായി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. അതിനിടയിലാണ് വീഡിയോ ഫയല്‍ അയക്കുന്നത്. തുടര്‍ന്ന് ബെസോസിന്റെ ഫോണിൽ നിന്ന് വലിയ അളവിലുള്ള ഡാറ്റ മണിക്കൂറുകൾക്കുള്ളിൽ ചോര്‍ത്തപ്പെട്ടതായാണ് കണ്ടെത്തിയത്. . എന്നാല്‍ എന്തൊക്കെ വിവരങ്ങളാണ് ചോര്‍ത്തിയത്, അത് പിന്നീട് എന്തിനാണ് ഉപയോഗിച്ചത് എന്നതുസംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. വാഷിംങ്ടൺ പോസ്റ്റ് പത്രത്തിൻ്റെ ഉടമകൂടിയാണ് ബെസോസ്.
അമേരിക്കക്കാരനായ ആമസോണ്‍ മേധാവിയെ നിരീക്ഷിക്കാന്‍ സൗദി രാജാവ് നേരിട്ട് രംഗത്തിറങ്ങിയെന്നത് വാൾസ്ട്രീറ്റ് മുതല്‍ സിലിക്കൺ വാലിവരെ ഞെട്ടലോടെയാണ് കേട്ടത്. കൂടുതൽ പാശ്ചാത്യ നിക്ഷേപകരെ സൗദി അറേബ്യയിലേക്ക് ആകർഷിക്കാൻ കിരീടാവകാശി നടത്തുന്ന ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തും. തന്റെ വിമർശകരെയും എതിരാളികളേയും അടിച്ചമര്‍ത്തുന്നതിനു മേൽനോട്ടം വഹിച്ചും, രാജ്യത്തെ സാമ്പത്തികമായി പരിവർത്തനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തയാളാണ് സല്‍മാന്‍.
ഫോൺ വിവരങ്ങൾ ചോർത്തിയതിന് ശേഷം നടന്ന ഒൻപത് മാസങ്ങൾക്ക് ശേഷം ബെസോസിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അമേരിക്കന്‍ പത്രമായ നാഷണൽ എൻക്വയററില്‍ എങ്ങിനെ എത്തി എന്നത് സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അദ്ദേഹത്തിന്‍റെ സ്വകാര്യ സന്ദേശങ്ങള്‍ വരെ ഉള്‍പ്പെടുത്തിയാണ് എൻക്വയററില്‍ വാര്‍ത്ത വന്നിരുന്നത്. 2018 ഒക്ടോബറിൽ കൊല്ലപ്പെട്ട വാഷിംഗ്ടൺ പോസ്റ്റ് ജേണലിസ്റ്റ് ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന് മുമ്പുള്ള മാസങ്ങളിൽ കിരീടാവകാശിയും അദ്ദേഹത്തിനോട് അടുപ്പമുള്ളവരും എന്തുചെയ്യുകയായിരുന്നു എന്നതിനെകുറിച്ചും പുതിയ പരിശോധനയ്ക്കും ഇത് കാരണമായേക്കാം. ഖഷോഗി കൊല്ലപ്പെടുന്നതിന് മുമ്പായിരുന്നു ഫോൺ ചോർത്തൽ.
ബെസോസിൻ്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾ നാഷണൽ എൻക്വയറിൽ പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷമാണ് ഡിജിറ്റൽ ഫോറൻസിക് ടീം അദ്ദേഹത്തിൻ്റെ ഫോൺ പരിശോധിച്ചത്. ജെഫ് ബെസോസിൻ്റെ വിവാഹേതര ബന്ധമടക്കമുള്ള കാര്യങ്ങളായിരുന്നു അന്ന് പുറത്തുവന്നത്. നാഷണൽ എൻക്വയറിൻ്റെ സിഇഒയുമായി ഡേവിഡ് പെക്കറുമായി സൗദി കിരീടാവകാശി വാർത്ത പുറത്തുവരുന്നതിന് മുമ്പ് അടുത്ത ബന്ധം പുലർത്തിയിരുന്നതായും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ബെസോസിൻ്റെ സുരക്ഷാ തലവൻ ഗവിൻ ഡെ ബെക്കർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ചും സൗദിയെ കുറിച്ചുള്ള റിപ്പോർട്ടുകളുമായിരിക്കാം ബെസോസിനെതിരെ ചാര പണി നടത്താൻ കാരണമായതെന്നാണ് റിപ്പോർട്. ഇതേക്കുറിച്ചൊന്നും ഇതുവരെ സൗദി പ്രതികരിച്ചിട്ടില്ല
Leave a Reply