സച്ചി തന്നെ തിരക്കഥ എഴുതിയ ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയുടെ ഒരു പുതിയ പതിപ്പ് എന്ന നിലയിൽ ഈ സിനിമയെ സമീപിക്കാം. എന്നാൽ തമാശ നിറച്ചല്ല ഈ സിനിമ സച്ചി ഒരുക്കിയിരിക്കുന്നത്. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പികുന്നില്ല. അതാണ് ഈ സിനിമയുടെ വിജയം.
മുണ്ടൂര് മാടൻ എന്ന് വിളിക്കുന്ന എസ് ഐ അയ്യപ്പൻ നായരുടെയും റിട്ടയേർഡ് ഹവിൽദാർ കോശി കുര്യന്റെയും പകയുടെ കഥയാണ് ‘അയ്യപ്പനും കോശിയും’. അട്ടപ്പാടിയിലെ ഒരു രാത്രിയിൽ ആരംഭിക്കുന്ന കഥ വളരെ പെട്ടെന്ന് തന്നെയാണ് ഒരു കോൺഫ്ലിക്റ്റിലേക്ക് നീങ്ങുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തിത്തന്നെയാണ് സച്ചി കഥ പറയുന്നത്. പണത്തിന്റെയും അധികാരത്തിന്റെയും പേരിൽ അഹങ്കരിക്കുന്ന കോശിക്ക് ഒരു വൻ വെല്ലുവിളിയായി അയ്യപ്പൻ നായർ മാറുന്നത് രണ്ടാം പകുതിയിലാണ്.
ഒന്നാം പകുതിയിൽ കയ്യടിനേടുന്ന പ്രത്വിരാജിനെ കവച്ചുവെക്കുന്ന പ്രകടനമാണ് രണ്ടാം പകുതിയിൽ ബിജു മേനോൻ. പോലീസ് യൂണിഫോമിൽ നിന്നിറങ്ങി ഇനി തനിക്ക് നിയമമില്ല എന്ന് പറയുന്നിടത്ത്, മുണ്ടൂര് മാടൻ ആയ കഥ പറയുന്നിടത്ത്, 25 വയസ്സിൽ ഒതുക്കി വച്ച തന്റെ കാടൻ സ്വഭാവത്തെ പുറത്തെടുക്കുന്നിടത്ത്, പക വീട്ടുന്നിടത് അയ്യപ്പൻ നായർ കിടു ആയി സ്ക്രീനിൽ നിറയുന്നുണ്ട്. ഉള്ളിലെ മൃഗത്തെ പുറത്തുകാട്ടുന്ന അയ്യപ്പൻ നായരോട് പ്രേക്ഷകന് വെറുപ്പ് തോന്നില്ല. ബിജുമേനോന്റെ ഗംഭീര പ്രകടനം. ഒപ്പം കുര്യൻ ജോണിനെ അവതരിപ്പിച്ച രഞ്ജിത്ത്, സിഐ ആയി വന്ന വ്യക്തി, കോൺസ്റ്റബിൾ സുദീപ്, കോശിയുടെ ഡ്രൈവർ, നായരുടെ ഭാര്യ കണ്ണമ്മ തുടങ്ങിയവരും മികച്ച പ്രകടനം ആണ്. കണ്ണമ്മയുടെ ഡയലോഗ് ഡെലിവറി ഒക്കെ നന്നായി തോന്നി. നാടൻപാട്ടിന്റെ താളം ഒന്നിച്ചു ചേരുന്ന പശ്ചാത്തല സംഗീതവും കാടിന്റെ വന്യതയും മനുഷ്യനുള്ളിലെ വീറും (ക്ലൈമാക്സിലെ ഫൈറ്റ് ഉൾപ്പെടെ ) കാട്ടിത്തരുന്ന ഛായാഗ്രഹണവും സിനിമയുടെ മികച്ച വശങ്ങളാണ്.
ശക്തമായ രാഷ്ട്രീയം പറഞ്ഞുവെക്കുന്ന ചിത്രം കൂടിയാണിത്. പണവും അധികാരവും അനാവശ്യത്തിന് ഉപയോഗിക്കുമ്പോൾ അതിനോടാണ് അയ്യപ്പൻ നായർ പൊരുതുന്നത്. മനുഷ്യനുള്ളിലെ ഈഗോ തന്നെയാണ് പ്രധാന പ്രശ്നമാവുന്നതും. ധാരാളം അർത്ഥതലങ്ങളിൽ ചേർത്തുനിർത്തി ചർച്ച ചെയ്യാവുന്ന ചിത്രം കൂടിയാണിത്. വളരെ എൻഗേജിങ് ആയി കഥ പറയുന്ന ആദ്യ പകുതിയോടൊപ്പം ഗംഭീരമായ രണ്ടാം പകുതി ചേരുമ്പോൾ തിയേറ്റർ കാഴ്ചകളിൽ പ്രേക്ഷകനെ നിരാശപ്പെടുത്താത്ത ചിത്രമായി അയ്യപ്പനും കോശിയും മാറുന്നു.
Leave a Reply