ഷെറിൻ പി യോഹന്നാൻ

രാജ് ബി ഷെട്ടിയുടെ GGVV ഇറങ്ങിയ സമയം. ആ സിനിമാറ്റിക് ലാംഗ്വേജ് ഇഷ്ടപ്പെട്ട് അതിലെ ഗംഭീര സീനുകളൊക്കെ പിന്നെയും എടുത്ത് കാണുന്ന സമയം. അപ്പോഴാണ് അതിലെ നായകൻ കൂടിയായ ഋഷബ് ഷെട്ടിയുടെ ‘കാന്താര’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുണ്ടെന്ന് അറിഞ്ഞത്. കന്നഡയിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് കേരളത്തിൽ വളരെ ചുരുക്കം റിലീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ആ എക്സ്പീരിയൻസ് നഷ്ടമായല്ലോ എന്നോർത്ത് ഇരിക്കുമ്പോഴാണ് ‘കാന്താര’ മലയാളം വേർഷനുമായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് എത്തുന്നത്. അതൊരു ഒന്നൊന്നര തീരുമാനം തന്നെയായിരുന്നു. ഈ സിനിമയൊക്കെ തിയേറ്ററിൽ നഷ്ടപ്പെടുത്തുന്നത് എങ്ങനെയാണ്!

1847ലെ തുളുനാട്ടുരാജ്യം. തന്റെ പക്കലുള്ള സമ്പത്ത് എന്തുചെയ്യണമെന്നറിയാതെ അസ്വസ്ഥതമായ മനസ്സുമായി രാജ്യം വിട്ട രാജാവ് കാട്ടിലെത്തുന്നു. കാടിന് നടുവിൽ വരാഹരൂപവുമായി നിലയുറപ്പിച്ചിരിക്കുന്ന കല്ലിനോട് തന്റെ കൂടെ വരാമോ എന്ന് ചോദിക്കുന്നു. അവിടുത്തെ ഗോത്രജനത ഒരു ഉടമ്പടിയിന്മേൽ അവരുടെ ദൈവത്തെ നാട്ടിൽ കുടിയിരുത്താൻ അനുവദിച്ചു. കാലചക്രം തിരിഞ്ഞു. രാജാവ് മാറി.. ഇന്ന് മുതലാളിയായി. ആ ഗോത്രജനതയുടെ ആവാസവും അവകാശവുമോ? അതിനെന്ത്‌ സംഭവിക്കും.

വൺലൈനിൽ ഒരു സിംപിൾ കഥയാണ് ‘കാന്താര’. യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ചിത്രം. എന്നാൽ കഥ പറഞ്ഞവസാനിക്കുകയെന്ന ധർമ്മമല്ല ‘കാന്താര’ നിർവഹിക്കുന്നത്. മിത്തോളജിയും ഫോക്ലോറും സംസ്കാരവുമൊക്കെ സംയോജിപ്പിച്ച് അതിതീവ്ര ദൃശ്യാനുഭവമായി മാറിയിട്ടുണ്ട്. ആരംഭത്തിലെ പതിനഞ്ചു മിനിറ്റും അന്ത്യത്തിലെ പതിനഞ്ചു മിനിറ്റും ഇമചിമ്മാതെ കണ്ടിരുന്നുപോകാൻ പ്രേരിപ്പിക്കുന്നത് ആ ദൃശ്യചാരുതയാണ്.

കാടിന്റെ കഥയാണ് കാന്താര. സിസ്റ്റവുമായുള്ള കോൺഫ്ലിക്ട് ആണ് പ്രധാന പ്രമേയം. കന്നഡ സിനിമ കാടിനെ അടയാളപ്പെടുത്തുന്നത് ‘വിക്രാന്ത് റോണ’യിൽ നിന്നുതന്നെ വ്യക്തമാണ്. കാട്ടിൽ തെളിയുന്ന കാഴ്ചകളെ എന്ത് മനോഹരമായിട്ടാണ് കാന്താര സ്ക്രീനിലെത്തിക്കുന്നത്. ആ പ്രകാശമാണ് പ്രധാന ആകർഷണവും. ദൈവക്കോലത്തിന്റെ അലർച്ചയും ക്ലൈമാക്സിലെ ഋഷബ് ഷെട്ടിയുടെ പ്രകടനവും രൗദ്രഗംഭീരമായ നിൽക്കുന്ന സീനുകളും തിയേറ്റർ വിട്ടാലും മനസ്സിലുണ്ടാവും.

ഋഷബ് ഷെട്ടിയെന്ന നടനും സംവിധായകനും ഇവിടെ ഒരുപോലെ കൈയടി നേടുന്നു. കഥപരിസരത്തിലേക്ക് അദ്ദേഹം കൊണ്ടുവരുന്ന എലമെന്റുകൾ ശ്രദ്ധിക്കുക; നാടോടിക്കഥ, ആചാരങ്ങൾ, നായാട്ട്, പോത്തോട്ടം, പ്രണയം, പ്രതികാരം… ഇതൊക്കെ ബിഗ് സ്‌ക്രീനിൽ അനുഭവിക്കുമ്പോൾ ലോക്കൽ ഈസ്‌ ഇന്റർനാഷണൽ എന്നത് അക്ഷരംപ്രതി ശരിയെന്നു സമ്മതിക്കേണ്ടി വരും.

റിഷബ് ഷെട്ടി, രാജ് ബി ഷെട്ടി, രക്ഷിത് ഷെട്ടി

അരവിന്ദ് എസ് കാശ്യപിന്‍റെ ഛായാഗ്രഹണവും അജനീഷ് ലോകനാഥിന്‍റെ സംഗീതവും കലാസംവിധാനവും ചിത്രത്തിന്റെ ജീവവായുവാണെന്ന് പറയാം. രസചരട് പൊട്ടാതെ കഥപറച്ചിലിനെ മുന്നോട്ട് നയിക്കുന്നത് ഈ ഘടകങ്ങളാണ്. വരാഹ രൂപം എന്ന ഗാനത്തിന് തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസ’ത്തിനോട് വളരെ അടുത്ത സാമ്യം തോന്നി. സംവിധായകന്റെ ക്രാഫ്റ്റ് മാത്രമല്ല, കലാബോധവും സിനിമയെ സ്വാധീനിച്ചിട്ടുണ്ട്. ക്ലൈമാക്സിൽ ഋഷബ് ഷെട്ടിയുടെ പരകായപ്രവേശത്തിനാണ് നാം സാക്ഷിയാവുന്നത്. ചില സീനുകളിൽ അനുഭവപ്പെടുന്ന വിരസത പെട്ടെന്നു പരിഹരിച്ചാണ് കഥയുടെ പോക്ക്. ആർട്ടും ക്രാഫ്റ്റും ചേർന്ന് വരുന്ന മാജിക്‌ ആണ് കാന്താര.

🔥Bottom Line – പ്രാദേശികതയിലൂന്നിയുള്ള കഥപറച്ചിലിൽ ഉൾച്ചേർന്നിരിക്കുന്ന ഘടകങ്ങൾ പ്രേക്ഷകനിൽ ആവേശം നിറയ്ക്കുന്നു. കാലിക പ്രസക്തിയുള്ള വിഷയത്തോടൊപ്പം ടെക്നിക്കൽ പെർഫെക്ഷൻ കൂടി ചേരുന്നതോടെ കാന്താര, ബിഗ് സ്‌ക്രീനിൽ കാണേണ്ട കാഴ്ചയാവുന്നു.