സ്വന്തം ലേഖകൻ

ലണ്ടൻ : സിയാരയ്ക്ക് പുറകേ ഡെന്നിസ് കൊടുങ്കാറ്റ് യുകെയിൽ ആഞ്ഞടിക്കുമെന്ന് മെറ്റ് ഓഫീസ് പ്രവചനം. കൊടുങ്കാറ്റ് ഈ ശനിയാഴ്ച യുകെ തീരത്ത് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇത് കൂടുതൽ ദുരിതങ്ങളിലേക്ക് യുകെയെ നയിച്ചേക്കാം. എന്നാൽ സിയാരയുടെ അത്രയും ശക്തമായിരിക്കില്ല ഡെന്നിസ് കൊടുങ്കാറ്റെന്നും മെറ്റ് ഓഫീസ് അറിയിച്ചു. വരാനിരിക്കുന്ന കൊടുങ്കാറ്റ് കണക്കിലെടുത്ത് ഇംഗ്ലണ്ടിലെയും വെയിൽസിലെയും വലിയ പ്രദേശങ്ങളിൽ ശനിയാഴ്ച യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യുകെയിൽ 50 മൈൽ വേഗതയിൽ കാറ്റ് വീശിയേക്കാം. ഒപ്പം വെള്ളപ്പൊക്ക സാധ്യതയും നിലനിൽക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡെന്നിസ് കൊടുങ്കാറ്റ് എത്തുന്നതോടെ ഗതാഗതവും വൈദ്യുതിയും വീണ്ടും തടസ്സപ്പെട്ടേക്കാം. തീരദേശത്തുള്ളവർ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണിത്. ഇന്നലെ യുകെയുടെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടായി. വിമാനങ്ങളും കടത്തുവള്ളങ്ങളും ട്രെയിനുകളും ഇപ്പോഴും യാത്രാതടസ്സം നേരിടുന്നു. വടക്കൻ അയർലൻഡിലും സ്‌കോട്ട്‌ലൻഡിലും ബുധനാഴ്ച വരെ കനത്ത മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച രാവിലെ 70 വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ഇംഗ്ലണ്ടിലുടനീളം ഉണ്ടായിരുന്നു.
800 ലധികം വീടുകൾക്ക് ഇപ്പോഴും വൈദ്യുതിയില്ല. ഇതാണ് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.

ഐൽ ഓഫ് വൈറ്റ് ദ്വീപിൽ 97 മൈൽ വേഗതയിൽ കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച ഹാംപ്ഷെയറിൽ കാറിൽ മരം വീണ് 58 കാരൻ മരിച്ചിരുന്നു. ഇന്നലെ രാവിലെയും ലിവർപൂളിലും ഒരു മരണം ഉണ്ടായി. കനത്ത കാറ്റിൽ മരക്കൊമ്പ് ഒടിഞ്ഞുവീണാണ് 60കാരൻ മരിച്ചത്. വെയിൽസിൽ ഇപ്പോഴും യാത്രാ തടസ്സം തുടരുന്നു. ചില പ്രധാന റോഡുകൾ അടച്ചു. ഒപ്പം ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.