ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലേയ്ക്ക് വരുന്ന യാത്രക്കാർക്ക് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന നിർബന്ധിത ഹോട്ടൽ ക്വാറന്റീൻെറ ചിലവ് 1750 പൗണ്ട് വരെയാകാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് 10 വർഷം വരെ തടവ് ശിക്ഷയാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.

1400 ഓളം യാത്രക്കാരാണ് പ്രതിദിനം രോഗവ്യാപനം കൂടുതലുള്ള റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽനിന്ന് യുകെയിലെത്തുന്നത്. എന്നാൽ ഏകദേശം 16 ഹോട്ടലുകളിലായി 5000 മുറികളിൽ മാത്രമാണ് ഒറ്റപ്പെടലിനായി ആളുകൾ പ്രവേശിക്കപ്പെട്ടിരിക്കുന്നത് എന്ന് മാറ്റ് ഹാൻകോക്ക് പറഞ്ഞു. എന്നാൽ ഫെബ്രുവരി 15 മുതൽ ഹോട്ടൽ ക്വാറന്റീൻ കർശനമായി നടപ്പിലാക്കാനാണ് തീരുമാനം. യാത്രക്കാർക്ക് വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന ഹോട്ടലിൽ തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുവാൻ സൗകര്യമൊരുക്കും. ഹോട്ടൽ ,ഗതാഗതം, കോവിഡ് ടെസ്റ്റ് എന്നിവ ഉൾപ്പെടെയാണ് ഒരാളിൽ നിന്ന് 1750 പൗണ്ട് ഈടാക്കുന്നത്.

ലോക്ക്ഡൗണും പ്രതിരോധ കുത്തിവെയ്പ്പും കൊണ്ട് രോഗവ്യാപന തീവ്രതയും മരണനിരക്കും രാജ്യത്ത് കുറഞ്ഞെങ്കിലും ജനിതകമാറ്റം വന്ന വൈറസ് മൂലം ഉള്ള ഭീഷണിയിലാണ് രാജ്യം. ഇതിനെ തടയിടാനായിട്ടാണ് മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഹോട്ടലുകളിൽ ക്വാറന്റീൻ ഏർപ്പെടുത്താൻ രാജ്യം തീരുമാനം കൈക്കൊണ്ടത്. പുതിയ വൈറസ് വേരിയന്റുകൾക്കെതിരെ വാക്സിനുകൾ എത്രമാത്രം ഫലപ്രദമാണെന്നതിനെ കുറിച്ചുള്ള സംശയവും കർശനമായ നടപടിയിലേയ്ക്ക് നീങ്ങാനുള്ള നീക്കത്തിൻെറ പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.