ക്രെെസ്‌റ്റ്‌ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് ഏഴ് റൺസ് ലീഡ്. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോർ ആയ 242 റൺസ് പിന്തുടർന്ന ന്യൂസിലൻഡിന്റെ ആദ്യ ഇന്നിങ്‌സ് 235 ൽ അവസാനിച്ചു. ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് ആരംഭിച്ചു. ആദ്യ ഇന്നിങ്‌സുപോലെ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയ്‌ക്ക് ബാറ്റിങ് തകർച്ച നേരിടുന്നു. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 89 റൺസിന് ഇന്ത്യയുടെ അഞ്ച് വിക്കറ്റുകൾ നഷ്‌ടമായി. ഇന്ത്യയുടെ ലീഡ് ഇതോടെ 96 റൺസായി. ഹനുമാൻ വിഹാരി (ഒന്ന്), ഉമേഷ് യാദവ് (ഒന്ന്) എന്നിവരാണ് ഇപ്പോൾ ക്രീസിൽ.
ഇന്ത്യയ്‌ക്ക് രണ്ടാം ഇന്നിങ്‌സിലും തിരിച്ചടിയായത് നായകൻ വിരാട് കോഹ്‌ലിയുടെ മോശം പ്രകടനമാണ്. വെറും 14 റൺസെടുത്താണ് കോഹ്‌ലി പുറത്തായത്. ഗ്രാൻഡ്‌ഹോമിന്റെ പന്തിൽ എൽബിഡബ്ല്യൂവിൽ കുടുങ്ങുകയായിരുന്നു കോഹ്‌ലി. ആദ്യ ഇന്നിങ്‌സിൽ വെറും മൂന്ന് റൺസാണ് കോഹ്‌ലിയുടെ സംഭാവന. ആദ്യ ടെസ്റ്റിലും മോശം പ്രകടനമാണ് കോഹ്‌ലിയുടെ ഭാഗത്തുനിന്ന് ലഭിച്ചത്.
നാല് വിക്കറ്റുകൾ നേടിയ മൊഹമ്മദ് ഷമി, മൂന്ന് വിക്കറ്റുകൾ നേടിയ ജസ്‌പ്രീത് ബുംറ എന്നിവരുടെ ബോളിങ് മികവാണ് കിവീസിന്റെ ആദ്യ ഇന്നിങ്‌സ് 235 ൽ അവസാനിപ്പിച്ചത്. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റും ഉമേഷ് യാദവ് ഒരു വിക്കറ്റും നേടി. രണ്ടാം ഇന്നിങ്‌സിൽ പൃഥ്വി ഷാ (14), മായങ്ക് അഗർവാൾ (മൂന്ന്), അജിങ്ക്യ രഹാനെ (ഒൻപത്), ചേതേശ്വർ പൂജാര (24) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്‌ക്ക് നഷ്‌ടമായിട്ടുണ്ട്.
ആദ്യ ഇന്നിങ്‌സിൽ ന്യൂസിലൻഡിനുവേണ്ടി ടോം ലാദം (52), ജേമിസൺ (49) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു. ആദ്യ ടെസ്റ്റിൽ വിജയിച്ച ന്യൂസിലൻഡ് പരമ്പരയിൽ 1-0 ത്തിന് ലീഡ് ചെയ്യുകയാണ്. നേരത്തെ ടി 20 പരമ്പര ഇന്ത്യയും ഏകദിന പരമ്പരയും ന്യൂസിലൻഡും സ്വന്തമാക്കിയിരുന്നു.
Leave a Reply