കൊച്ചി: നടൻ ഷെയ്ൻ നിഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പിലേക്ക്. താരസംഘടനയായ അമ്മ ഇടപെട്ടതിനെ തുടർന്നാണ് ഒത്തുതീർപ്പ് ധാരണയായത്. ഷെയ്ൻ നിർമാതാക്കൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചതായി നടനും സംഘടനയുടെ ഭാരവാഹിയുമായ ജഗദീഷ് പറഞ്ഞു.
“ചൊവ്വാഴ്ച കൊച്ചിയിൽ നടന്ന യോഗത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടുണ്ട്. വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ നിർമാതാക്കൾക്ക് ഷെയ്ൻ നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. അതിനെക്കുറിച്ച് തീരുമാനിക്കാൻ നിർമാതാക്കളുമായി മറ്റൊരു ദിവസം ചർച്ച നടത്തും. മുടങ്ങിപ്പോയ സിനിമകളുടെ ചിത്രീകരണം ഉടൻ പുനഃരാരംഭിക്കും,” ജഗദീഷ് പറഞ്ഞു.
നേരത്തെ നഷ്ടപരിഹാരമായി ഒരു കോടി രൂപയാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അത്രയും തുക നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു തുടക്കം മുതലേ താരസംഘടന. ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ് നടത്താതിരിക്കുകയും ‘വെയിൽ’, ‘കുർബാനി’ സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയത്. ഫെഫ്കയും അമ്മയും അടക്കമുള്ള സംഘടനകൾ പ്രശ്നം ഒത്തുതീർപ്പാക്കാൻ നിരവധി തവണ ഇടപെട്ടിരുന്നു.
നിര്‍മാതാക്കളെ മനോരാഗികള്‍ എന്നു വിളിച്ചതില്‍ ഷെയ്ന് നിഗം മുമ്പ് മാപ്പു പറഞ്ഞിരുന്നു. മാപ്പ് ചോദിച്ചുകൊണ്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്നിവര്‍ക്കാണ് ഷെയ്ന് കത്തയച്ചത്. വിഷയം രമ്യമായി പരിഹരിക്കണമെന്ന് അന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Leave a Reply