തിരുവനന്തപുരം: നിയമസഭയിലെ ജീവനക്കാരോടു ക്ഷുഭിതനായ പി.സി. ജോർജിനെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ശാസിച്ചു. ചോദ്യോത്തരവേളയിൽ എൻ.എ.നെല്ലിക്കുന്ന് സംസാരിക്കുന്നതിനിടെയാണു താൻ നൽകിയ കത്ത് നിയമസഭാ ഉദ്യോഗസ്ഥൻ സ്പീക്കർക്കു കൈമാറിയില്ലെന്ന് ആരോപിച്ച് സീറ്റിൽ നിന്ന് എഴുന്നേറ്റത്. ഉടൻ തന്നെ എന്താണ് കാര്യമെന്ന് സ്പീക്കർ ചോദിച്ചു. താൻ ജീവനക്കാരെ ഏല്പിച്ച കത്ത് സ്പീക്കർക്ക് നൽകിയില്ലെന്ന് ജോർജ് പറഞ്ഞു. അതൊക്കെ അവർ തന്നോളുമെന്നും ഇങ്ങനെയാണോ സഭയിൽ പെരുമാറുന്നതെന്നും ഇതൊന്നും ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു.
ജീവനക്കാരെ എടോ പോടോ എന്നൊന്നും വിളിക്കണ്ട. കത്തൊക്കെ അവർ തന്നോളും. ഇതൊന്നും ശരിയല്ല. താങ്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ എഴുതിത്തന്നാൽ മതി. ഇരിക്കവിടെ എന്നു സ്പീക്കർ കടുത്ത ഭാഷയിൽ മുന്നറിയിപ്പും നൽകി.
ജീവനക്കാരോട് എന്തും വിളിച്ചുപറയരുത്. അവർ ഒരുപാട് ജോലികൾ ഒരുമിച്ചാണ് ചെയ്യുന്നത്. ചിലപ്പോൾ താങ്കൾ നൽകിയ കത്ത് എനിക്ക് തരാൻ വൈകിയിട്ടുണ്ടാകുമെന്നും സ്പീക്കർ പറഞ്ഞു. അംഗങ്ങൾക്ക് സ്പീക്കറുമായി സംസാരിക്കാൻ ചാറ്റ് സംവിധാനമുണ്ടെന്നും അതുപയോഗിക്കാമെന്നും സ്പീക്കർ പറഞ്ഞു. ഇതിനിടെ, ഭരണപക്ഷ- പ്രതിപക്ഷ അംഗങ്ങളും ജോർജിന്റെ നടപടി ശരിയല്ലെന്നു വിളിച്ചുപറയുന്നുണ്ടായിരുന്നു.
Leave a Reply