താമര എന്നാണ് ആർട്ടിക്കിൾ 21ലെ കഥാപാത്രത്തിന്റെ പേര്. ഇതുവരെ ചെയ്തതിൽവെച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രവും താമരയാണ്. ഞാൻ ഏറ്റവും ആധികം പരിശ്രമിച്ചിട്ടുള്ളതും താമരയ്ക്കുവേണ്ടിയാണ്. ആക്രി പെറുക്കി ജീവിക്കുന്ന ഒരു തമിഴ് സ്ത്രീയാണ് താമര. താമരയ്ക്ക് രണ്ട് മക്കളുണ്ട്. അവരുടെ കൂടി കഥ പറയുന്ന ചിത്രമാണ് ആർട്ടിക്കിൾ 21. താമര എങ്ങനെയായിരിക്കണമെന്ന് വ്യക്തമായ ധാരണ സംവിധായകൻ ലെനിൻ ബാലകൃഷ്ണനുണ്ടായിരുന്നതും ഏറെ സഹായകമായി.

യഥാർഥ ആക്രി ഗോഡൗണിലായിരുന്നു ഷൂട്ടിങ്ങ്. അവിടെയുള്ള ആളുകളെ നിരീക്ഷിച്ചും അവരോടൊപ്പം ഇടപഴകിയുമാണ് താമരയായി മാറിയത്. ആർട്ടിക്കിൾ 21ന് മുൻപ് ചെയ്ത ചിത്രം സാജൻ ബേക്കറി സിൻസ് 1962 ആയിരുന്നു. അതിൽ അഭിനയിക്കുമ്പോൾ അത്യാവശ്യം നല്ല തടിയുണ്ടായിരുന്നു. ഈ ചിത്രത്തിൽ ജോയിൻ ചെയ്യാൻ അധികം സമയം കിട്ടിയിരുന്നില്ല.

താമര അധികം തടിയില്ലാത്ത സ്ത്രീയാണ്. തടികുറയ്ക്കാനായി നാലുദിവസം വെള്ളം മാത്രം കുടിച്ചാണ് കഴിഞ്ഞത്. താമരയുടെ മേക്കോവറും ഞാൻ ഏറെ ആസ്വദിച്ച ഒന്നാണ്. തല മുതൽ കാലുവരെ പ്രത്യേക ടോണിലുള്ള മേക്കപ്പാണ്. രണ്ട് മണിക്കൂറോളും ഇതിന് വേണ്ടി മാത്രം ചെലവഴിച്ചു. റഷീദ് അഹമ്മദാണ് മേക്കപ്പ് ചെയ്തത്. പല്ലിലെ കറയൊക്കെ കുറേ സമയമെടുത്താണ് ചെയ്തത്. നല്ല വെയിലത്തായിരുന്നു ഷൂട്ടിങ്ങ് അതുകാരണം ഇടയ്ക്ക് ടച്ച് ചെയ്യുകയും വേണമായിരുന്നു. മേക്കപ്പ് മാറ്റാൻ തന്നെ പിന്നെയും ഒരു മണിക്കൂർ എടുക്കും. മേക്കപ്പ് ഡിപ്പാർട്ട്മെന്റ് നിഴൽ പോലെ കൂടെയുണ്ടായിരുന്നു. താമരയെ ആദ്യമായി കണ്ണാടിയിൽ കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി.

ഞാൻ അദൃശ്യയായ ഫീലായിരുന്നു. കൊച്ചിയിൽ ബ്രോഡ്‌വെയിൽ നല്ല തിരക്കുള്ള സമയത്തൊക്കെ ഹിഡൻ ക്യാമറവെച്ച് ഷൂട്ട് ചെയ്തിരുന്നു. ഒരു മനുഷ്യരും എന്നെ തിരിച്ചറിയാതിരുന്നത് ഞാൻ ഏറെ ആസ്വദിച്ചു. ബ്രോഡ്‌വെ പോലെയൊരു സ്ഥലത്ത് ആരും തിരിച്ചറിയാതെ നടക്കുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ സുഖം പറഞ്ഞറിയിക്കാനാകില്ല. ചില കടകളിലൊക്കെ പോയി ഞാൻ വിലപേശി. അവിടെ നിന്ന് എന്നെ ഇറക്കിവിട്ടതുമൊക്കെ രസകരമായ സംഭവങ്ങളാണ്. ഒറ്റ മനുഷ്യർ പോലും തിരിഞ്ഞുനോക്കുന്നില്ലായിരുന്നു.